തിരഞ്ഞെടുപ്പ് കമ്മീഷനെ ചട്ടുകമാക്കുന്നു

Wait 5 sec.

വോട്ടര്‍ പട്ടിക പരിശോധനയുടെ പേരില്‍ പൗരത്വം തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു നിയമവും അധികാരം നല്‍കുന്നില്ല. ഭരണഘടനയുടെ 326ാം അനുഛേദവും ജനപ്രാതിനിധ്യ നിയമത്തിലെ 16ാം വകുപ്പുമനുസരിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളൂ. ആരാണ് പൗരരെന്ന് തീരുമാനിക്കേണ്ടത് ഭരണഘടനയും 1955ലെ പൗരത്വ നിയമവുമാണ്, തിരഞ്ഞെടുപ്പ് നിയമങ്ങളല്ല. ബിഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണം ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ കേള്‍ക്കവെ കോടതി പറഞ്ഞതും പൗരത്വം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനല്ല, ആഭ്യന്തര മന്ത്രാലയമാണെന്നാണ്.കഴിഞ്ഞ ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കുറിപ്പ് പ്രകാരം, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ വോട്ടര്‍മാര്‍ക്ക് നേരത്തേ ആവശ്യമില്ലാതിരുന്ന രേഖകള്‍ ഉണ്ടാകണമെന്ന നിബന്ധന വെച്ചു. അങ്ങനെ പൗരത്വത്തെ മാനദണ്ഡമായി വെച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന് തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പറയുകയല്ലാതെ പൗരത്വ പരിശോധനക്കുള്ള കമ്മീഷന്റെ പിന്‍ബലമെന്താണെന്ന് ചൂണ്ടിക്കാട്ടിയില്ല. നിലവിലുള്ള വോട്ടര്‍മാരില്‍ നിന്ന് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന പുതിയ നിയമമോ നിയമ ഭേദഗതിയോ ഇല്ല. ഭരണഘടനയുടെ 324ാം അനുഛേദം, ജനപ്രാതിനിധ്യ നിയമത്തിലെ 21ാം വകുപ്പ് എന്നിവ അനുസരിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെയാണ്.പൗരത്വം തീരുമാനിക്കാന്‍ സംവിധാനങ്ങളില്ലേ ഇന്ത്യന്‍ പൗരത്വം നേടുന്നതിനും ഉപേക്ഷിക്കുന്നതിനുമുള്ള മാനദണ്ഡവും നടപടിക്രമങ്ങളും 1955ലെ പൗരത്വ നിയമത്തിലുണ്ടായിരിക്കെ അതിന്റെ സ്ഥിതിയെന്താണെന്ന പരിശോധന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പതിവ് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് വിധേയമാണെന്ന് കരുതാനാകില്ല. 1950ലോ അതിന് ശേഷമോ ഇന്ത്യയില്‍ ജനിച്ചതിനാലോ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക വഴിയോ ഇന്ത്യന്‍ പൗരനായ ഒരു വോട്ടറുടെ പൗരത്വത്തിന്റെ തത്സ്ഥിതി തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായി പരിശോധിക്കാനാകില്ല. വോട്ടറുടെ പൗരത്വത്തില്‍ സംശയമുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെടുകയോ 1946ലെ ഫോറിനേഴ്‌സ് ആക്ടിന് കീഴില്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ പരിഗണനക്ക് അയക്കുകയോ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത്. എന്നാല്‍ ബിഹാറില്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത വരുന്നു. ഇവിടെ നിയമം മാറിയിട്ടില്ല. പ്രത്യുത 2003ന് ശേഷം വോട്ടര്‍ പട്ടികയില്‍ വന്നവര്‍ അവരുടെ പൗരത്വം വീണ്ടും സാധൂകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാന്‍ഡേറ്റ് മാത്രമാണുള്ളത്.ബിഹാറില്‍ 2003ലാണ് അവസാനമായി വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്‌കരണം നടത്തിയത്. പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2004ല്‍ അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും മാസങ്ങളെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്‌കരണം നടത്തിയത്. എല്ലാ വോട്ടര്‍മാരില്‍ നിന്നും പൗരത്വത്തിന് തെളിവ് ചോദിച്ചിട്ടില്ല അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലുള്ള പട്ടികയുമായി ക്രോസ്സ് ചെക്കിംഗ് നടത്തുക മാത്രം ചെയ്തു. 2025ല്‍ എത്തിയപ്പോള്‍ മുന്‍ മാതൃകകളില്ലാത്ത കളികളാണ് നടക്കുന്നത്. 2003ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തവരെ പൗരത്വ പരിശോധനക്ക് വിധേയമാക്കുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തേ പട്ടികയില്‍ ഉള്‍പ്പെട്ടവരെയും തുടര്‍ന്ന് വന്നവരെയും വര്‍ഗീകരിക്കുകയും ചെയ്യുന്നു. 2003ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന തീവ്ര പരിഷ്‌കരണമായിരുന്നു നടന്നതെങ്കില്‍ ഇപ്പോള്‍ ഒരു മാസം കൊണ്ടുള്ള “അതിതീവ്ര’ പരിഷ്‌കാരമാണ് നടക്കുന്നത്.പ്രശ്‌നം ഗുരുതരംബിഹാര്‍ വോട്ടര്‍ പട്ടികയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിഷ്‌കരണം പൗരത്വ പരിശോധനയായി പരിണമിക്കുമ്പോള്‍ ഗൗരവമായ പൗരാവകാശ പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വരുന്നത്. 2003ലെ വോട്ടേഴ്‌സ് ലിസ്റ്റിലുള്ളവര്‍ തങ്ങള്‍ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കുക മാത്രം മതിയാകും. എന്നാല്‍ 2003ലെ ലിസ്റ്റില്‍ ഇല്ലാത്തവരെല്ലാം തങ്ങളുടെ പൗരത്വത്തിന് തെളിവും തിരിച്ചറിയല്‍ രേഖയും താമസ രേഖയും സമര്‍പ്പിച്ച് സ്വയം തെളിയിക്കേണ്ടി വരും.40 വയസ്സിന് മുകളിലുള്ളവരും (1985ന് മുമ്പ് ജനിച്ചവര്‍) 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായവര്‍ അവരുടെ പൗരത്വം തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റോ മറ്റു തതുല്യ രേഖകളോ സമര്‍പ്പിക്കേണ്ടി വരും. കൂടെ താമസ രേഖയും തിരഞ്ഞെടുപ്പ് അധികാരികള്‍ക്ക് കാഴ്ച വെക്കേണ്ടി വരും.21 – 40 വയസ്സിനിടയിലുള്ളവര്‍ (1985നും 2004നുമിടയില്‍ ജനിച്ചവര്‍) 2003ലെ വോട്ടര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ നന്നേ ചെറുപ്പമായിരിക്കുമല്ലോ. മാതാപിതാക്കളില്‍ ഏതെങ്കിലുമൊരാള്‍ 2003ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കേണ്ടി വരും അവര്‍. അല്ലെങ്കില്‍ സ്വന്തം പൗരത്വ രേഖകള്‍ക്കൊപ്പം മാതാപിതാക്കളുടെ പൗരത്വ, തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് മാന്‍ഡേറ്റ്. 21 വയസ്സിന് താഴെയുള്ള വോട്ടര്‍മാര്‍ (2004ന് ശേഷം ജനിച്ചവര്‍) 2025ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ തങ്ങളുടെ പൗരത്വ, തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം. കൂടെ മാതാപിതാക്കളുടെ പൗരത്വ, തിരിച്ചറിയല്‍ രേഖകളോ അല്ലെങ്കില്‍ മാതാപിതാക്കള്‍ 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെന്നോ തെളിയിക്കണം.ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വീണ്ടും സ്ഥാപിക്കേണ്ടി വരുന്ന അസാധാരണ നടപടികളാണ് ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.എന്‍ ആര്‍ സി മണക്കുന്നുവോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ സൂക്ഷ്മ രേഖകള്‍ ആവശ്യപ്പെടുന്നതിലൂടെ ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ചൂണ്ടുപലകയാകുകയാണ് ബിഹാറിലെ പ്രത്യേക തീവ്ര പരിഷ്‌കരണമെന്ന ആശങ്ക രാജ്യത്തെ മതനിരപേക്ഷ സമൂഹത്തില്‍ ഘനീഭവിച്ച് നില്‍ക്കുന്നുണ്ട്. ജനന സര്‍ട്ടിഫിക്കറ്റും 2003ലെ വോട്ടര്‍ പട്ടികയില്‍ മാതാപിതാക്കള്‍ ഉള്‍പ്പെട്ടതിന്റെ തെളിവുകളും ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിക്കുമ്പോള്‍ എന്‍ ആര്‍ സിയിലൂടെ കടന്നുപോകുന്ന അനുഭവമല്ലാതെ മറ്റെന്താണ് വോട്ടര്‍മാര്‍ക്ക് ഉണ്ടാകുക.എന്‍ ആര്‍ സിക്കുള്ള നിയമ ചട്ടക്കൂടും നടപടിക്രമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനില്ലെന്നതാണ് നേര്. 1955ലെ പൗരത്വ നിയമത്തിന്റെ പരോക്ഷ കവചവും നീതിന്യായ പരിശോധന എന്ന നിലയില്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളുടെ പരിശോധനയുമുണ്ട് എന്‍ ആര്‍ സിയിലെങ്കില്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന് നിയമപരമായ എന്ത് പിന്‍ബലമാണുള്ളത്. ദേശീയ പൗരത്വ രജിസ്റ്ററില്‍ ചതിക്കുഴികള്‍ ഉണ്ടായിരിക്കുമ്പോഴും അത് പ്രവര്‍ത്തിക്കുന്നത് നിയമപരമായ ചട്ടക്കൂടിനകത്താണ്. നോട്ടീസ് നല്‍കലും വിചാരണയും അപ്പീലുമുണ്ട് എന്‍ ആര്‍ സിയില്‍. എന്നാല്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു അര്‍ധ പൗരത്വ പരിശോധന നടത്തുകയാണ് ബിഹാറില്‍. നിയമ പരിരക്ഷയില്ലാതെ, പരിശീലനം പോലും ലഭിക്കാത്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വെച്ച്, ഇല്ലാത്ത അധികാരത്തിന് പുറത്ത് കമ്മീഷന്‍ നടത്തുന്ന പ്രത്യേക തീവ്ര പരിഷ്‌കരണം നമ്മുടെ ഭരണഘടനയോടും ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്.അവകാശ നിഷേധമാണ് നടക്കുന്നത്ഭരണഘടനയുടെ 326ാം അനുഛേദപ്രകാരം പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് വോട്ടവകാശമുണ്ട്. എന്നാല്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പൗരന്മാരെ രണ്ടായി വിഭജിക്കുകയും ഒരു വിഭാഗത്തിന് പ്രത്യേക സംരക്ഷണം നല്‍കുകയും ചെയ്യുന്നു. 2003ന് മുമ്പ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് സംരക്ഷിത വിഭാഗം. 2003ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പരിശോധിക്കപ്പെടേണ്ട വിഭാഗമാണ്. ഒരു വിഭാഗത്തെ പൗരന്മാരായും മറ്റൊരു വിഭാഗത്തെ ഇനിയും പൗരത്വം തെളിയിക്കപ്പെടേണ്ടവരായും കാണുന്ന തരത്തിലുള്ള വര്‍ഗീകരണം അന്യായമാണ്. ഭരണഘടനയുടെ 14ാം അനുഛേദം മുന്നോട്ടു വെക്കുന്ന മൗലികാവകാശമായ നിയമത്തിന് മുമ്പിലെ തുല്യതക്കെതിരാണത്.ബിഹാറില്‍ 2003ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ രേഖകളും ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ പൗരത്വം സംശയ നിലയിലുള്ള ഒരു വിഭാഗം പൗരന്മാരുടെ പ്രാഥമിക പട്ടികയാണവിടെ കമ്മീഷന്‍ തയ്യാറാക്കുന്നത്. ഇന്നവര്‍ക്ക് ആ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള വിവരങ്ങള്‍ നാളെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഭാഗമാക്കില്ലെന്ന ഉറപ്പ് ആര്‍ക്കാണുള്ളത്. അതിനാല്‍ പുതിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്ന ബിഹാറികള്‍ക്ക് നഷ്ടപ്പെടുന്നത് വോട്ടവകാശം മാത്രമാകില്ല. അവര്‍ ഇന്ത്യന്‍ പൗരരല്ലെന്ന് വിധിക്കാനിടയുണ്ട്. എന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവില്‍ ദേശവ്യാപക എന്‍ ആര്‍ സി കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമര്‍ശം അസ്ഥാനത്തല്ല.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികളെ വോട്ടര്‍മാരുടെ പൗരത്വത്തില്‍ വിധി പറയുന്ന സംവിധാനമാക്കി മാറ്റുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ 14, 326 അനുഛേദങ്ങള്‍ക്കെതിരാണത്. പൗരത്വം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നിരിക്കെ ബിഹാറിലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ഭരണഘടനാപരമായ ചില പ്രധാന ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ബിഹാറിലെ വലിയൊരു വിഭാഗം അധസ്ഥിത ജനതയുടെ കൈയില്‍ അവരുടെ മാതാപിതാക്കളെപ്രതി ഔദ്യോഗിക രേഖകള്‍ ഉണ്ടാകാനിടയില്ലെന്നത് കൂടെ പരിഗണിക്കുമ്പോള്‍ ഭരണകൂട സങ്കുചിത രാഷ്ട്രീയത്തിന്റെ ഉപകരണമാകുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.