ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പാര്‍ലിമെന്റിനകത്തും പുറത്തും പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷ കക്ഷികള്‍ പാര്‍ലിമെന്റിലും പുറത്തും ഈ ഭരണകൂട ഭീകരതക്കെതിരെ ശബ്ദിച്ചു. കേരളത്തിലെ വിവിധ കത്തോലിക്കാ സഭാ നേതൃത്വങ്ങള്‍ തിരുവനന്തപുരത്ത് സംയുക്ത പ്രതിഷേധ റാലി നടത്തി. പ്രതിഷേധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ച് ബിഷപ് പോള്‍ റിച്ചാര്‍ഡ് ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയില്‍ ക്രിസ്തീയ സമൂഹത്തിനെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഛത്തീസ്ഗഢ് ഭരണകൂടത്തിന്റെ കന്യാസ്ത്രീവേട്ട.ശനിയാഴ്ചയാണ് ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി ഇടവകയിലെ സിസ്റ്റര്‍ മേരി എന്നിവര്‍ അറസ്റ്റിലായത്. രണ്ട് പേരും നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുമൊത്ത് യാത്ര ചെയ്യവെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് തടഞ്ഞു വെക്കുകയും അവരുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മതപരിവര്‍ത്തന ആരോപണം ശരിയല്ലെന്നും തങ്ങള്‍ നേരത്തേ തന്നെ ക്രിസ്തീയ വിശ്വാസികളാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയെങ്കിലും ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോ പോലീസോ അംഗീകരിച്ചില്ല.ജാമ്യത്തിലൂടെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും മേരിയെയും ജയിലില്‍ നിന്ന് പുറത്തിറക്കാനുള്ള ക്രിസ്തീയ നേതൃത്വത്തിന്റെ നീക്കവും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിഫലമാക്കി. ഇന്നലെ ഛത്തീസ്ഗഢ് സെഷന്‍സ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടിരിക്കവെ, ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദളിന്റെ പ്രമുഖ നേതാവ് ജ്യോതിശര്‍മയുടെ നേതൃത്വത്തില്‍ ഹിന്ദുത്വര്‍ കോടതി മുമ്പാകെ തടിച്ചു കൂടുകയും സെഷന്‍സ് കോടതിക്ക് ഈ കേസില്‍ ജാമ്യം നല്‍കാൻ അധികാരമില്ലെന്ന ബജ്‌റംഗ്ദള്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ച് കോടതി ജാമ്യഹരജി എന്‍ ഐ എ കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.അതേസമയം, അറസ്റ്റ് ന്യായമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍.ജോലി വാഗ്ദാനം ചെയ്താണ് കന്യാസ്ത്രീകള്‍ ആദിവാസി പെണ്‍കുട്ടികളെ നാരായണ്‍പൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോയതെന്നും പ്രാഥമികാന്വേഷണത്തില്‍ പെണ്‍കുട്ടികളെ വഞ്ചിച്ച് വലയിലാക്കുകയായിരുന്നുവെന്ന് തെളിഞ്ഞുവെന്നുമാണ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായി ആവര്‍ത്തിച്ചു പറയുന്നത്. ഗുരുതരമായ മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകള്‍ നടത്തിയതെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചൂണ്ടിക്കാട്ടിയതു പോലെ, രാജ്യത്തെ ബഹുസ്വരതയെയും സഹവര്‍ത്തിത്വ ജീവിത രീതിയെയും കളങ്കപ്പെടുത്തുന്നതാണ് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ കന്യാസ്ത്രീ വേട്ടയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി അരങ്ങേറുന്ന അതിക്രമങ്ങളും. ഏത് മതത്തില്‍ വിശ്വസിക്കാനും ആ മതം പ്രചരിപ്പിക്കാനും സ്വമേധയാ മതം മാറാനുമുള്ള പൗരന്മാരുടെ അവകാശം ഭരണഘടനാദത്തമാണ്. ഇക്കാര്യം സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പലവുരു വ്യക്തമാക്കിയതുമാണ്. മാത്രമല്ല, ഭീഷണി സ്വരത്തിലും പ്രലോഭനങ്ങളിലൂടെയും അല്ലാതെ മറ്റൊരു വ്യക്തിയോട് മതം മാറ്റത്തിന് ആവശ്യപ്പെടുന്നതു പോലും, നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് പ്രദീപ്കുമാര്‍ ശ്രീവാസ്തവ അധ്യക്ഷനായ അലഹബാദ് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.സ്വമേധയാ ഉള്ള ഇത്തരം മതംമാറ്റങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനമായി കുറ്റപ്പെടുത്തി മതന്യൂനപക്ഷങ്ങള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന സംഘ്പരിവാര്‍ സംഘടനകള്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ആരെങ്കിലും ഹിന്ദുമതത്തിലേക്ക് മതംമാറുകയോ മതംമാറ്റുകയോ ചെയ്താല്‍ അത് കൊട്ടിപ്പാടുകയും ആഘോഷിക്കുകയും ചെയ്യും. 2019-20 കാലഘട്ടത്തില്‍ ഹിന്ദുത്വ സംഘടനകള്‍ “ഘര്‍വാപസി’ എന്ന പേരില്‍ ഹിന്ദു മതത്തിലേക്ക് മതന്യൂനപക്ഷങ്ങളെ മതംമാറ്റുന്ന പ്രക്രിയ ആരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലും നടന്നു ഘര്‍വാപസി.ന്യൂനപക്ഷ മതവിശ്വാസികളെ പ്രലോഭനങ്ങള്‍ വഴിയാണ് ഈ ചടങ്ങുകളില്‍ പങ്കെടുപ്പിച്ചതെന്ന് പിന്നീട് വെളിപ്പെട്ടു. റേഷന്‍ കാര്‍ഡ് ബി പി എല്‍ വിഭാഗത്തില്‍ പെട്ടവരല്ലാത്ത ചിലര്‍ക്ക് ബി പി എല്‍ വിഭാഗത്തിലേക്ക് തരംമാറ്റിക്കൊടുക്കാമെന്നായിരുന്നു ചിലയിടങ്ങളില്‍ ഹിന്ദുത്വ സംഘടനകളുടെ വാഗ്ദാനം. ശിയാഇസത്തില്‍ നിന്ന് ഹിന്ദുത്വത്തിലേക്ക് മതം മാറിയ ശിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഠാക്കൂര്‍ ജിതേന്ദ്ര നാരായണന്‍ സിംഗ് സെന്‍ഗാര്‍ (ആദ്യനാമം വസിം റിസ്‌വി) ഇസ്‌ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മതം മാറുന്നവര്‍ക്ക് പണം നല്‍കാമെന്ന വാഗ്ദാനവുമായി പരസ്യമായി രംഗത്തു വന്നതാണ്. മാസാന്തം 3,000 രൂപയും പുറമെ ചെറുകിട ബിസിനസ്സുകള്‍ തുടങ്ങാനുള്ള സഹായവുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.ഇതാണ് രാജ്യത്തെ മതംമാറ്റത്തിന്റെ അവസ്ഥ. ഹിന്ദുത്വര്‍ക്ക് ഭീഷണിപ്പെടുത്തിയോ പ്രലോഭനങ്ങളിലൂടെയോ മതപരിവര്‍ത്തനം നടത്താം. ന്യൂനപക്ഷ മതങ്ങളിലേക്ക് ഒരു ഹൈന്ദവന്‍ സ്വയം മാറിയാല്‍ അതിനെതിരെ അക്രമാസക്ത പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. ഒറ്റപ്പെട്ട സംഭവമല്ല ഛത്തീസ്ഗഢില്‍ നടന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനേക സംഭവങ്ങളില്‍ ഒന്ന് മാത്രം. ഏതായാലും ഹിന്ദുത്വ സംഘടനകളുമായി ചേര്‍ന്നു നില്‍ക്കാനും ബി ജെ പിക്ക് കേരളത്തില്‍ അടിത്തറ ശക്തമാക്കിക്കൊടുക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തീയ സഭാനേതൃത്വങ്ങള്‍ ഇപ്പോഴെങ്കിലും ഹിന്ദുത്വ അക്രമത്തിനെതിരെ രംഗത്ത് വരാന്‍ സന്നദ്ധമായത് ആശ്വാസകരമാണ്.