സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മണിമല (തോണ്ട്ര സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കോന്നി GD & കല്ലേലി സ്റ്റേഷന്‍), തുമ്പമണ്‍ സ്റ്റേഷന്‍- CWC) ഓറഞ്ച് അലര്‍ട്ടാണ്. വാമനപുരം (മൈലാമ്മൂട് സ്റ്റേഷന്‍), പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍) ച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍),പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (പന്തളം സ്റ്റേഷന്‍), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍-CWC), പമ്പ (മടമണ്‍-CWC), തൊടുപുഴ (മണക്കാട് സ്റ്റേഷന്‍-CWC),ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍),വളപട്ടണം (അയ്യപ്പന്‍കാവ് & അനുങ്ങോട് സ്റ്റേഷന്‍) ,കബനി (ബാവേലി സ്റ്റേഷന്‍) എന്നീ നദികളിലാണ് യെല്ലോ അലര്‍ട്ട്.തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഇടുക്കി ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേനി സ്വദേശിനി ലീലാവതിയാണ് മരിച്ചത്.തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്.ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതാണ്.