ആശാവഹമല്ല വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്

Wait 5 sec.

സ്‌കൂള്‍ വിദ്യാഭ്യാസം നേടാത്ത ഒരു വ്യക്തി പോലുമുണ്ടാകരുത് രാജ്യത്തെന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട്. 6-14 പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികത ലക്ഷ്യമിടുന്നുണ്ട് കേന്ദ്ര പദ്ധതിയായ സര്‍വ ശിക്ഷാ അഭിയാന്‍. മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂളിലെത്തിക്കാനും പ്ലസ് ടു വരെ അവരുടെ സാന്നിധ്യം ഉറപ്പാക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയുമാണ്. ഈ ശ്രമങ്ങള്‍ പക്ഷേ ഫലം കാണുന്നില്ലെന്നാണ് സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകുന്നത്. സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണെന്നും 2023-24 വര്‍ഷത്തില്‍ പ്രൈമറി തലത്തില്‍ 1.9 ശതമാനവും അപ്പര്‍പ്രൈമറി തലത്തില്‍ 5.2 ശതമാനവും സെക്കന്‍ഡറി തലത്തില്‍ 14.1 ശതമാനവും കൊഴിഞ്ഞുപോയെന്നുമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു എം പിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി കഴിഞ്ഞ ദിവസം ലോക്സഭയില്‍ വെളിപ്പെടുത്തിയത്.ഇടക്ക് പഠനം നിര്‍ത്തുന്നവര്‍ മാത്രമല്ല, സ്‌കൂള്‍ വിദ്യാഭ്യാസം തീരെ ലഭിക്കാത്ത കുട്ടികളുമുണ്ട് രാജ്യത്ത്. രണ്ട് വര്‍ഷം മുമ്പ് രാജ്യസഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് 12 ലക്ഷത്തോളം വരും ഇത്തരം കുട്ടികളുടെ എണ്ണം. ഉത്തര്‍പ്രദേശിലാണ് കൂടുതല്‍. 3.96 ലക്ഷമാണ് യു പിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ എണ്ണം. 1.36 ലക്ഷം കുട്ടികള്‍ സ്‌കൂളിന് പുറത്തു നില്‍ക്കുന്ന ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. സാക്ഷര കേരളത്തിലുമുണ്ട് ഈ ഗണത്തില്‍പ്പെട്ട 2,297 കുട്ടികള്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് യുനെസ്‌കോ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍, ഫിലിപ്പൈന്‍സ്, സൗത്ത് സുഡാന്‍, താന്‍സാനിയ, നൈജീരിയ തുടങ്ങിയവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങള്‍. ഒരു ദശലക്ഷത്തിനു മുകളില്‍ വരുന്ന കുട്ടികള്‍ക്ക് ഈ രാജ്യങ്ങളില്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് യുനെസ്‌കോ ചൂണ്ടിക്കാട്ടുന്നു.സാമ്പത്തിക പ്രശ്നം, സ്‌കൂളുകളുടെ അഭാവം, യാത്രാ സൗകര്യമില്ലായ്മ, അധികാരികളുടെ ഭാഗത്ത് നിന്നുള്ള വിവേചനം, ലഹരി ഉപയോഗം, രക്ഷാകര്‍ത്താക്കളുടെ ബോധക്കുറവ് തുടങ്ങി കാരണങ്ങള്‍ പലതുണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന്. കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നല്ലൊരു വിഭാഗവും. പ്രത്യേകിച്ച് പിന്നാക്ക, ദളിത് വിഭാഗക്കാര്‍. ദൈനംദിന ജീവിതം നയിക്കാനാവശ്യമായ വരുമാനം പോലുമില്ലാത്ത ഇവര്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടി വഹിക്കാന്‍ സാധിക്കില്ല. ശൈശവം വിട്ട് ബാല്യത്തിലേക്ക് കടക്കുന്നതോടെ ജീവിത കഷ്ടപ്പാട് മൂലം കുട്ടികളെ എന്തെങ്കിലും ജോലിക്ക് അയക്കുകയാണ് രക്ഷിതാക്കള്‍. കുട്ടികളെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ കാര്‍ഷിക മേഖലയിലേക്കോ മറ്റു ജോലികളിലേക്കോ അയക്കാനാണ് ഉത്തരേന്ത്യയിലെ പിന്നാക്ക മേഖലയിലെ രക്ഷിതാക്കള്‍ താത്പര്യപ്പെടുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റിലെ പ്രൊഫസര്‍ എച്ച് എസ് സോളങ്കി പറയുന്നു.രാജ്യത്തെ 14.33 ശതമാനം ഗ്രാമങ്ങളിലും പഠനത്തിന് സ്‌കൂളുകളില്ലെന്നാണ് 2018ലെ ഗ്രാമവികസന മന്ത്രാലയത്തിന്റെ റിപോര്‍ട്ട്. അഥവാ 75,613 ഗ്രാമപ്രദേശങ്ങളില്‍ സ്‌കൂളില്ല. മിഷന്‍ അന്ത്യോദയ ശേഖരിച്ച കണക്ക് പ്രകാരം 53 ശതമാനം ഗ്രാമങ്ങളിലും പ്രൈമറി തലത്തിനു മുകളിലേക്ക് പഠനസൗകര്യമില്ല. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, ഗോവ, ഒഡിഷ, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി കൂടുതല്‍ മോശം. അതേസമയം കേരളത്തിലും ഗുജറാത്തിലും മിസോറാമിലും സ്ഥിതി ആശാവഹമാണ്. രണ്ട് ശതമാനത്തില്‍ താഴെ പ്രദേശങ്ങളില്‍ മാത്രമേ ഈ സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ സൗകര്യമില്ലാതെയുള്ളൂ. മുസ്ലിം- ദളിത് മേഖലകളാണ് സ്‌കൂള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍. പൊതുവെ വിവേചനപരമായ സമീപനമാണ് ഇത്തരം പ്രദേശങ്ങളോട് സര്‍ക്കാറുകള്‍ കാണിക്കുന്നത്. സ്‌കൂളുകളില്ലാത്ത പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ വിടവ് നികത്തുന്നത് മദ്റസകളാണ്. സ്‌കൂള്‍ പാഠ്യപദ്ധതിയിലെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇവിടങ്ങളില്‍ മദ്റസാ സിലബസ്.യാത്രാ പ്രശ്നമാണ് കുട്ടികളെ സ്‌കൂളില്‍ നിന്നകറ്റുന്ന മറ്റൊരു ഘടകം. കിലോമീറ്ററുകള്‍ നടന്നു വേണം ആദിവാസി മേഖലയിലും ഉത്തരേന്ത്യന്‍ ഗ്രാമീണ മേഖലകളിലും കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യവും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്നു. കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട് ഇത്തരം പ്രദേശങ്ങളില്‍. കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വകുപ്പ് ‘വിദ്യാവാഹിനി’ എന്ന പേരില്‍ ഒരു പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സ്‌കൂളിലെത്താന്‍ അര കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടി വരുന്ന എല്‍ പി വിദ്യാര്‍ഥികള്‍ക്കും ഒരു കിലോമീറ്ററിലധികം ദൂരം വരുന്ന യു പി വിദ്യാര്‍ഥികള്‍ക്കും രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ വാഹന സൗകര്യമേര്‍പ്പെടുത്തുന്നതാണ് പദ്ധതി.സാര്‍വത്രിക വിദ്യാഭ്യാസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും വിദ്യാഭ്യാസ മേഖലക്ക് ബജറ്റില്‍ വര്‍ഷാന്തം കോടികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുവെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ എല്ലാ പ്രദേശങ്ങളിലെയും ജനവിഭാഗങ്ങളില്‍ എത്തുന്നില്ലെന്നാണ് മേല്‍ക്കൊടുത്ത കണക്കുകള്‍ വ്യക്തമാക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസമെന്ന ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്.