ഒടുവിൽ; ഇനിയുണ്ടാകുമോ ഇത് പോലൊരാൾ?

Wait 5 sec.

ഗോസായിവേഷത്തിൽ വന്നാൽ അദ്ദേഹം ഗോസായിയാണ്, ഒറ്റമുണ്ടും കൗപീനവുമുടുത്ത് ഒരു പൂണുലും തിരുപ്പിടിപ്പിച്ചു വന്നാൽ അദ്ദേഹം വൃദ്ധ ബ്രാഹ്മണനാണ്, അതിസുമുഖസുന്ദരനായി, മുടി ചീകിയൊതുക്കി ഒരു ഗോൾഡൻ ഫ്രേയ്മുള്ള കണ്ണടയും മുണ്ടും, കസവ് ജുബ്ബയും ധരിച്ചു വന്നാൽ അതാണ്, നാട്ടിൻപുറത്ത്കാരനാകാനും നഗരവാസിയാകാനും ആദിവാസിയാകാനും ഒന്നും നിമിഷാർധത്തിൽ കൂടുതൽ ആയാസപ്പെടേണ്ടി വരാരാറില്ല ആ കലാകാരന്. ജോൺ പോൾ മലയാളിയുടെ ഒടുവിലാശാനെ, തന്റെ സുഹൃത്ത് ഒടുവിലിനെ ഓർത്തെടുക്കുമ്പോൾ കേൾവിക്കാരുടെ ഹൃദയത്തിൽ വരച്ചിടുന്ന വരികളാണിത്. ഒടുവിൽ ഉണ്ണിക്കൃഷ്ണനെന്ന കഥാപാത്രത്തിന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും പ്രകൃതത്തിലേക്കും അനായാസേന പകർന്നാട്ടം നടത്തുന്ന അഭിനേതാവിനെ വർണ്ണിക്കാൻ മറ്റൊരു വരി എഴുതേണ്ടതില്ല. ഒടുവിൽ എന്നോർത്ത് കണ്ണടച്ചാൽ കൺപോളയിൽ തെളിയുന്ന എത്രയെത്ര ഒടുവിൽ കഥാപാത്രങ്ങളുണ്ട് മലയാളിക്ക് മുന്നിൽ? പെരിങ്ങോടനും, കുട്ടൻ നായരും, കൃഷ്ണ കുറുപ്പും, മൂലംകുഴിയിൽ പ്രഭാകരനും, പാട്ട് സേട്ടും, പശുവിനെ തിരഞ്ഞ് നടക്കുന്ന പാപ്പിയും അങ്ങനെ എത്രയെത്ര മനുഷ്യർ... oduvil unnikrishnan in ponmuttayidunna thaaravuഅഭിനയകലക്കൊരു പാഠപുസ്തകം ഒരുക്കുമ്പോൾ ഒഴിച്ചുകൂടാനാകാത്തതും, എന്നാൽ വരികളിലേക്ക് പകർത്താനാകാത്തതുമായ ശൈലിയും, ശീലവുമാണ് ഒടുവിലിന്റെത്. ലൊക്കേഷനിലെത്തും വരെ, ഷോട്ടിന് തൊട്ട് മുൻപ് വരെ പോലും തിരക്കഥ വായിക്കാത്ത, റിഹേഴ്‌സലിന് മാത്രം വരികൾ കാണുന്ന, എന്നാൽ പ്രോംപ്റ്റിംഗ് ഇല്ലാതെ സംഭാഷണങ്ങൾ ഇടമുറിയാതെ പറഞ്ഞിരുന്ന ഒടുവിലാശാന്റെ ശൈലി എങ്ങനെ ആർക്കെങ്കിലും പഠിപ്പിച്ചു കൊടുക്കും? നേരവും കാലവുമില്ലാതെ സംഗീതത്തിൽ മുഴുകിയിരുന്നയാളുടെ അഭിനയത്തിലെ താളബോധ്യമെങ്ങനെ വരികളാക്കും? അഭ്രപാളിയിലെ ആ നിമിഷങ്ങൾക്ക് പരിഭാഷയില്ല. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന ഒരു പേര് മാത്രം. പാട്ടും വാദ്യോപകരണങ്ങളും കൊണ്ട് ചിലവഴിച്ച ബാല്യകൗമാരങ്ങൾക്ക് ശേഷം, ഒടുവിലാശാൻ നാടകവേദികളിലെത്തി. നാടകവേദികളിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലെത്തി. പിഎൻ മേനോൻ സംവിധാനം ചെയ്ത ദർശനം ആയിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് നൂറിലധികം ചിത്രങ്ങൾ. എല്ലാം മണ്ണോട് ചേർന്ന്, മലയാളിയുടേതായവർ. പശുവിനെ കാണാതെ തിരഞ്ഞു നടക്കുന്ന പാപ്പി തൊട്ടപ്പുറത്തെവിടെയോ നമ്മൾ കണ്ട ഒരാളല്ലേ എന്ന തോന്നലുണ്ടാക്കും, മകൾ ആശിച്ച ഒരു നുള്ള് പൊന്നിന് വേണ്ടി തന്റെ എല്ലാമെല്ലാമായ ഹാർമോണിയം വിറ്റ് പോരുന്ന കൃഷ്ണ വർമ്മ തമ്പുരാനും നമുക്കറിയാത്ത ഒരാളല്ല. കോമ്പിനേഷൻ സീനുകളിൽ മുന്നിൽ നിൽക്കുന്നയാളെ കോംപ്ലിമെന്റ്റ് ചെയ്തുകൊണ്ട് ഫ്രയ്മിന്റെ വിസ്തീർണ്ണം മുഴുവനിലും കഥ നിറക്കാൻ അദ്ദേഹത്തിന് പ്രത്യക കഴിവുണ്ട്. മഞ്ജു വാര്യരും, ഒടുവിലാശാനും കൂടെ ആ നാല് വരകൾക്കുകിൽ തീർക്കുന്നത് മാജിക് ആണ്. oduvil unnikrishnan in nizhalkuthu എന്നാൽ കാളിയപ്പൻ എന്ന ആരാച്ചാർ നമ്മളാരും കണ്ടതോ അറിഞ്ഞതോ ആയ ഒരാളല്ല, കാളിയപ്പനെ നമ്മളറിഞ്ഞത് ആ നടനിലൂടെയാണ്. തന്റെ കൈകളെ നോക്കി അതിൽപ്പറ്റിയ പാപക്കറയെ പഴിക്കുന്ന കാളിയപ്പൻ അത് വരേയ്ക്കും ഒടുവിൽ ഉണ്ണികൃഷ്ണൻ മലയാളിക്ക് നൽകിയ ആരുടേയും ഭാവമോ, ശരീരഭാഷയോ ഉള്ളയാളല്ല. ഒരേ സമയം തന്റെ ജോലിയോട് കൂറ് പുലർത്തുന്നവനും, അതേ സമയം നിരപരാധികളെ വധിക്കേണ്ടി വരുന്നതിലെ വ്യഥ പേറുന്നവനുമാണ് അയാൾ. തന്റെ കൊലക്കയറിനെ നോക്കുന്നതും, തന്റെ കയ്യിനെ നോക്കുന്നതും രണ്ട് ഭാവങ്ങളുള്ള നാല് കണ്ണുകളാണ്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതും കാളിയപ്പനാണ്.oru cheru punchiri - a slender smile നമുക്കൊക്കെ പറയാൻ സാധിക്കുന്ന, ജീവിതത്തെ തൊട്ട് നിൽക്കുന്ന, സത്യസന്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒടുവിൽ ഉണ്ടല്ലോ എന്ന് ജോൺ പോളിനോട് പറഞ്ഞത് അടൂർ ആണ്. എംടിയുടെ സംവിധാനത്തിൽ ജോൺ പോൾ നിർമ്മിച്ച ഒരു ചെറുപുഞ്ചിരി ഒടുവിലിനെ നായകനാക്കിയാണ് അവർ ചിന്തിക്കുന്നതെന്ന് പറഞ്ഞപ്പോൾ അടൂർ പറഞ്ഞതാണ് അത്. കാളിയപ്പനും കൃഷ്ണകുറുപ്പും തമ്മിൽ ഒരു യുഗം ദൂരമുണ്ട്. കൃഷ്ണകുറുപ്പും അമ്മാളുവും സല്ലപിച്ചു പ്രണയിക്കുന്നത് മലയാള സിനിമ അത്രയൊന്നും പറഞ്ഞു കാണാത്ത വാർധക്യ പ്രണയത്തിന്റെ തീക്ഷ്ണ യൗവനമാണ്. കൃഷ്ണക്കുറുപ്പിന്റെ ഓരോ നേരവും എന്ത് കഴിക്കണമെന്ന ചിന്ത അമ്മാളുവിന്റെ മെഴുക്കുപുരട്ടിക്കും, പുട്ടിനും വേണ്ടി പ്രേക്ഷകർ കൊതിക്കും വണ്ണം സ്വാദൂറുന്നതാക്കും. പ്രേമവും, പരിഭവങ്ങളും, പരാധീനതകളും മുൻപ് പറഞ്ഞ കോമ്പിനേഷന്റെ മാജിക്കിൽ പ്രേക്ഷകർക്ക് വലിയ സദ്യയാകും. കോമ്പിനേഷനുകളെ പറ്റി പറയുമ്പോൾ ജയറാം - ഒടുവിൽ സ്ക്രീൻ മൊമെന്റുകളെ പറ്റി പറയാതിരിക്കാനാകില്ല. സ്‌ക്രീനിൽ ഒന്നിച്ചു വന്നാൽ അവർ പ്രേക്ഷർക്ക് ഒരേ വീട്ടുകാരാണ്. ഒന്നാണ്. അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ സംഭാഷണങ്ങൾ ഇല്ലാതെ തന്നെയും കഥ പറയാം. യാതൊരു പരിചയുമില്ലാതെ വന്ന് സംസാരിക്കുന്ന കുട്ടൻ നായരും ഹരികൃഷ്ണനും കണ്ട മാത്രയിൽ ഒന്നാകുന്നില്ലേ. അറിയാത്ത നാട്ടിൽ സ്വന്തം ഭാഷ സംസാരിക്കുന്ന ആളെ കണ്ടെത്തുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ ഒന്ന് ചേരൽ. അവിടെയും മലയാളമല്ലാതെ ഒന്നും തന്നെ മലയാളിയുടേതല്ല കുട്ടൻ നായർക്ക്. തന്റെ യൗവനത്തിൽ തമിഴ്‌നാട്ടിൽ എത്തിപ്പെട്ട, പിന്നീട് ആ മണ്ണിനോടും അതിന്റെ സ്വഭാവത്തോടും ഇഴചേർന്ന് പോയ ഒരാളെന്നെ തോന്നൂ. അങ്ങനെയൊരാൾ ശരിക്കുമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാം. അത് അഞ്ച് മിനുട്ട് നേരം മാത്രം വന്ന് പോകുന്ന കഥാപാത്രമായിരുന്നാലും ശരി. അച്ചുവിന്റെ അമ്മയിലെ അബ്ദുല്ലാഹ്, ഗ്രാമഫോണിലെ പാട്ടുസേട്ടു, യോദ്ധയിലെ ഗോപാല മേനോൻ തുടങ്ങി നിമി നേരം കൊണ്ട് തന്നെ അടയാളപ്പെടുത്തി പോയ കഥാപാത്രങ്ങൾ ഏറെയുണ്ട്. ശരീരം പൂർണ്ണവിധേയത്വത്തോട് കൂടി താൻ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഭാവവിന്യാസങ്ങൾക്ക് വേണ്ടി ഉൾച്ചേർത്തെടുക്കുവാൻ കഴിയുന്ന അസാമാന്യമായ വിരുത് ജന്മസിദ്ധമായി തന്നെ അദ്ദേഹത്തിന് ലഭ്യമായിരുന്നു. ഏത് വേഷം ധരിച്ചാലും, ആ വേഷത്തിന്റെ സംസ്കൃതിയോട് ചേർന്നുള്ളൊരു ശരീരപ്രകൃതം പ്രത്യക്ഷപ്പെടുത്തുന്നതായിരുന്നു ഒടുവിൽ ഉണികൃഷ്ണന്റെ ശരീരഭാഷ. ഒടുവിലിന് നൽകുന്ന കഥാപാത്രങ്ങൾ എന്നോ തൊട്ട് ഭൂമിയിൽ ഉള്ളവരാണെന്നും, അവരുടെ നമ്മൾ കാണേണ്ട ഭാഗം മാത്രം, അവരുടെ ജീവിതത്തിന്റെ ആ ഒരു കഷ്ണം മാത്രം കാണിച്ചു തരുന്ന ഒടുവിൽ വൈഭവത്തെ ഒന്നിൽക്കൂടുതൽ സഹപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നുണ്ട്. മുരളി; കലയോളം കലഹിച്ചൊരാൾ ഒടുവിലാശാനെ അന്വേഷിച്ചു പോകുമ്പോഴുള്ള രസം അതാണ്. സാധാരണഗതിയിൽ ഒരാളെ പലരിൽ നിന്നും കേൾക്കുമ്പോൾ അവർക്ക് പല അനുഭവങ്ങളാകും പറയാനുണ്ടാവുക. പക്ഷെ ഒടുവിലിനെ കുറിച്ച് ആര് പറഞ്ഞാലും എല്ലാവരും കണ്ണാടിയിലാണ് മുഖം നോക്കിയതെന്ന് തോന്നും. ഉണ്ണിയേട്ടനെന്ന ഓർക്കുന്നവർക്കും, ഒടുവിലാശാനെ ഓർക്കുന്നവർക്കും, ഒടുവിലിനെ ഓർക്കുന്നവർക്കും ഒരേ കഥകളാണ് പറയാനുള്ളത്. എല്ലാം സംഗീതസാന്ദ്രം. സ്നേഹസാന്ദ്രം. ഒരു തവണ ഒടുവിലിനെ കാസ്റ്റ് ചെയ്താൽ പിന്നെ ഒടുവിലില്ലാതെ സിനിമയെടുക്കാൻ സാധിക്കില്ലെന്ന് പറയുന്ന എത്രയോ സംവിധായകരും എഴുത്തുകാരുമുണ്ട്. ഒടുവിൽ ഇല്ലാത്തത് കൊണ്ട് സംഭവ്യമല്ലാത്ത കഥാപാത്രങ്ങളുണ്ടാകും തീർച്ച. ആ അഭിനേതാവിന്റെ ആരംഭം നടനാവാനുള്ളതേ ആയിരുന്നില്ല. പക്ഷെ ജീവിതയാത്ര അദ്ദേഹത്തെ കൊണ്ടെത്തിച്ചത് മലയാളിക്ക് മറക്കാനാകാത്ത അതികായനാകാനുള്ള ഒരിടത്തേക്കാണ്. നാം ഏതിൽ തുടരുന്നുവെന്നതും, എന്തായി നിലനിൽക്കുന്നു എന്നുള്ളതും, മറ്റെന്തായി ഓർമ്മിക്കപ്പെടുമെന്നുള്ളതും നമ്മുടെ തീരുമാനത്തിൽ പെട്ടതല്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളെ എങ്ങനെയാണ് ഏവരും ഓർക്കുന്നത് എന്നറിയില്ല. ചിലർക്ക് കൃഷ്ണകുറുപ്പാകാം, ചിലർക്ക് അബ്ദുല്ലയാകാം, ചിലർക്ക് അച്യുതൻ നമ്പൂതിരിയാകാം..അവരിൽ ആരായാലും ഒടുവിൽ ഉണ്ണികൃഷ്ണനെ മലയാളി മറക്കുന്നില്ല.