കൊച്ചി|വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ യുവഡോക്ടര്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്. ഐപിസി 376 (2) വകുപ്പനുസരിച്ച് ഒരു സ്ത്രീയെ ഒന്നിലേറെ പ്രാവശ്യം ബലാല്‍സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ പല സ്ഥലങ്ങളില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കി വേടന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്‍മാറ്റം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലീസിന് മൊഴി നല്‍കി.പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്. അതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുവെന്നാണ് പോലീസ് പറയുന്നത്.അതേസമയം തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചു. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.