മലപ്പുറം | അരീക്കോട് മാലിന്യ സംസ്കരണ യൂനിറ്റിലെ ടാങ്കിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.അസം, ബിഹാർ സ്വദേശികളായ വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അകത്ത് പെട്ടുപോവുകയായിരുന്നു. വിഷവാതകം ശ്വസിച്ചാണ് മരണമെന്ന് കരുതുന്നു.ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികളെന്നാണ് സൂചന. മൂവരെയും ഏറെ സമയം കാണാതായതോടെ മറ്റ് തൊഴിലാളികൾ അന്വേഷിച്ചപ്പോഴാണ് ടാങ്കിൽ കണ്ടെത്തിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡി. കോളജിൽ.