കോഴിക്കോട് : എല്ലാവർക്കും സ്വീകാര്യമായ പാഠ്യപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര ജിയുപി സ്കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെയും എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.ബേപ്പൂർ നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖല കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റങ്ങൾക്ക് സാക്ഷിയായി. സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവൃത്തികൾ പൂർത്തീകരിച്ചു. 21.21 കോടി രൂപയാണ് മണ്ഡലത്തിൽ മാത്രം കെട്ടിടം പൂർത്തീകരിക്കുന്നതിനും മറ്റുമായി ചെലവഴിച്ചത്.‘ഇടം’ പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ 7 സ്കൂളുകളിൽ 88 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചു. വിവിധ സ്കൂളുകളുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കിഫ്ബി പദ്ധതിയിലൂടെ 3 കോടി 10 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടവും എസ്എസ്കെ ലിറ്റിൽ സ്റ്റാർസ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വർണ്ണക്കൂടാരവുമാണ് മന്ത്രി സമർപ്പിച്ചത്.ചടങ്ങിൽ രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സൺ വി എം പുഷ്പ, വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ്, വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സഫ റഫീഖ്, വാർഡ് കൗൺസിലർ കെ ജെയ്‌സൽ, പ്രധാനാധ്യാപിക വി വി നിഷ, കില ചീഫ് മാനേജർ ആർ മുരളി,വിദ്യാകിരണം ജില്ലാ കോഓഡിനേറ്റർ വി പ്രവീൺ കുമാർ, എസ്എസ്കെ ജില്ലാ കോഓഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, ഡിഇഒ എൻ പി സജിനി, എഇഒ കെ ജീജ, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.