മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ചുമത്തിയത് ഗുരുതര കുറ്റങ്ങള്‍

Wait 5 sec.

ന്യൂഡല്‍ഹി | മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര കുറ്റങ്ങള്‍. ആദ്യം മനുഷ്യക്കടത്ത് കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. പിന്നീട് നിര്‍ബന്ധിത മതപരിവര്‍ത്തനം കൂടി ചുമത്തുകയായിരുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി ബി സി ഐ) നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ, സി ബി സി ഐ സെക്രട്ടറി ജനറല്‍ ഫാദര്‍ മാത്യു കോയിക്കല്‍, വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. അസീസി സിസ്റ്റേഴ്‌സ് സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തി കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് പതിനെട്ടിന് മുകളില്‍ പ്രായമുണ്ടായിരുന്നു. കൂടാതെ, മാതാപിതാക്കളുടെ അനുമതിയും ഉണ്ടായിരുന്നു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികളെ കാണാന്‍ അനുമതി നല്‍കിയില്ല. കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുന്ന സ്ഥിതിയായിരുന്നു. ദുര്‍ഗില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണുണ്ടായതെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ പറഞ്ഞു.ജാമ്യാപേക്ഷ ഉടന്‍ സമര്‍പ്പിക്കും. ജാമ്യാപേക്ഷ നല്‍കുന്നതിന് അനുകൂലമായ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. കേന്ദ്ര സര്‍ക്കാറുമായും ഛത്തീസ്ഗഢ് സര്‍ക്കാറുമായും ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നും സി ബി സി ഐ നേതാക്കള്‍ പറഞ്ഞു.വിഷയത്തില്‍ പ്രതികരണവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി രംഗത്തെത്തി. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടന്നുവെന്നാണ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗ്രയില്‍ നഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്. കന്യാസ്ത്രീകള്‍ക്ക് പെണ്‍കുട്ടികളെ ഏല്‍പ്പിച്ചത് നാരായണ്‍പൂര്‍ സ്വദേശിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.