മനാമ: പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോളുകള്‍ ചെയ്ത് തട്ടിപ്പുനടത്തുന്നതിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ്. പണം ആവശ്യപ്പെടുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്അറിയിച്ചു.വിഡിയോ കോളുകളില്‍ പൊലീസിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് കാലഹരണപ്പെട്ട രേഖകള്‍ നിങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞ് പിഴയായി പണം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന നിരവധി പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്ക് ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പുനല്‍കി.സംശയം തോന്നുകയാണെങ്കില്‍, ഉടന്‍തന്നെ കോള്‍ വിച്ഛേദിക്കുകയും സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യണം. സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും അഴിമതി വിരുദ്ധ, ഇലക്ട്രോണിക് സുരക്ഷാ ഹോട്ട്ലൈനായ 992ല്‍ ബന്ധപ്പെടാം. The post പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പണം ആവശ്യപ്പെട്ട് വിഡിയോ കോളുകള്; ജാഗ്രതാ മുന്നറിയിപ്പ് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.