കോഴഞ്ചേരി | കോയിപ്രം തൃക്കണ്ണാപുരം പുഞ്ചയില്‍ ഫൈബര്‍വള്ളം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. രണ്ടുപേരുടെ മൃതദേഹം അപകടം നടന്ന ഇന്നലെ വൈകിട്ട് തന്നെ കണ്ടെത്തിയിരുന്നു. കുമ്പനാട് നെല്ലിക്കല്‍ മാരൂപറമ്പില്‍ ദേവശങ്കറിന്റെ (ദേവന്‍-35) മൃതദേഹമാണ് ഇന്ന് അഗ്നിശമനസേനയുടെ സ്‌കൂബാ ടീം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. കോയിപ്രം മാരൂപ്പറമ്പില്‍ മിഥുന്‍ (30), കിടങ്ങന്നൂര്‍ മണപ്പള്ളി ചാങ്ങച്ചേത്ത് മുകളില്‍ രാഹുല്‍ സി നാരായണ്‍ (28) എന്നിവരാണ് മരിച്ച മറ്റുള്ളവർ.സുഹൃത്തുക്കളായ മൂന്നംഗ സംഘം തൃക്കണ്ണാപുരം പുഞ്ചയില്‍ ഫൈബര്‍ വള്ളത്തിലിരുന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മിഥുന്റെ ഭാര്യാസഹോദരനാണ് മരിച്ച ദേവന്‍. പുഞ്ചയില്‍ വെള്ളം കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ വള്ളം മറിയുകയായിരുന്നു. നീന്തി കരക്കടുക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴ്ന്നു. രാഹുല്‍ സി നാരായണന്റെ മൃതദേഹം നാളെ മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മരിച്ച ദേവന്റെയും മിഥുന്റെയും സംസ്‌കാരം മറ്റന്നാൾ നടക്കും. രജനിയാണ് ദേവന്റെ ഭാര്യ. മക്കള്‍: ദേവനന്ദ, രുദ്രനന്ദ.