റിയാദ് | സിറിയൻ സയാമീസ് ഇരട്ടകളായ സെലിൻ, എലീൻ അബ്ദുൽമുനിം അൽ ഷിബ്ലിയുടെ വേർപിരിയൽ ശസ്ത്രക്രിയ വിജയകരം. സഊദി തലസ്ഥാനമായ റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുല്ലസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു ഇരട്ടകളെ വിജയകരമായി വേർപെടുത്തിയത്.സഊദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിന്റെ മെഡിക്കൽ ആൻഡ് സർജിക്കൽ ടീമിന്റെ തലവനായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ- റബീഹ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ആറ് ഘട്ടങ്ങളിലായി 24 സഊദി സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, സെപ്ഷ്യൽ നഴ്സിംഗ് ടീം, സാങ്കേതിക സംഘം എന്നിവരുടെ പങ്കാളിത്തതോടെയാണ് ഒമ്പത് മണിക്കൂർ സമയമെടുത്ത് സങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം ലെബനനിലെ അഭയാർഥികളായി കഴിയുകയായിരുന്ന ഇവരെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരം പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തില്‍ കുടുംബത്തോടൊപ്പമെത്തിക്കുകയായിരുന്നു.2024 ഡിസംബർ 29നാണ് സഊദിയിലെത്തിയത്. 2024 ഫെബ്രുവരി 28ന് ബെയ്റൂത്തിലെ റാഫിക് ഹരിരി ആശുപത്രിയിൽ സിസേറിയൻ വഴി ജനിച്ച ഇരട്ടകൾക്ക് ഒരു വർഷവും അഞ്ച് മാസവും പ്രായവും 14 കിലോഗ്രാം ഭാരവുമാണ് ഉണ്ടായിരുന്നത്. 1990ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാം വഴി 27 രാജ്യങ്ങളില്‍ നിന്നുള്ള 65 വേര്‍പിരിയല്‍ ശസ്ത്രക്രിയകളാണ് ഇതുവരെ നടത്തിയത്. പ്രോഗ്രാം വഴി സിറിയയിൽ നിന്നുള്ള സംയോജിത ഇരട്ടകളുടെ നാലാമത്തെ വേർപിരിയൽ ശസ്ത്രക്രിയയാണിത്. സഊദിയില്‍ എത്തിയതിന് ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും പരിചരണത്തിനും ആതിഥ്യമര്യാദയ്ക്കും സഊദി ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും സിറിയന്‍ ഇരട്ടകളുടെ കുടുംബം നന്ദി അറിയിച്ചു