മാരാരിക്കുളത്തു നിന്നും മിസ്ഡ് കോളുകൾ കണ്ടപ്പോഴെ ഊഹിച്ചു. എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ട്. പിന്നീട് അറിഞ്ഞു. സുദർശനാഭായി ടീച്ചർ വിട്ടുപോയിയെന്ന്. നാല് പതിറ്റാണ്ടിലേറെ നീളുന്ന ഓർമ്മകളാണ്.1980-കളുടെ ആദ്യം സിഡിഎസിൽ നടന്ന ത്രിദിന പരിഷത്ത് വനിതാ ശിൽപ്പശാലയിൽ വച്ചാണ് ടീച്ചറെ പരിചയപ്പെടുന്നത്. വലപ്പാട് ശില്പശാലയിലെ ആശയതർക്കങ്ങൾ തീർക്കാനായിരുന്നു പുതിയ ക്യാമ്പ്. അവിടെവച്ചാണ് ടീച്ചറെ മാത്രമല്ല, കെ.കെ. ഷാഹിനയേയും സജിത മഠത്തിലിനെയും മറ്റു പലരെയും പരിചയപ്പെടുന്നത്. മലപ്പുറത്ത് അധ്യാപികയായ സുദർശനാഭായി പരിഷത്തിന്റെ സജീവ പ്രവർത്തകയായിരുന്നു. പിന്നെ, മലപ്പുറത്തു മുഴുവൻ സമയ സാക്ഷരതയിലും. തുടർന്ന്, ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ അതിലേയ്ക്കുമെത്തി.Also Read: അമരസ്മരണയിൽ: ഹർകിഷൻ സിങ് സുർജിത്വർഷംതോറുമുള്ള വനിതാ ജനപ്രതിനിധി പരിശീലനങ്ങൾ, അയൽക്കൂട്ട സംഗമങ്ങൾ, വനിതാ ഘടകപദ്ധതി, ആസൂത്രണ നിർവ്വഹണ പരിശീലനങ്ങൾ ഇങ്ങനെ പലപ്പോഴും ബാച്ചു ബാച്ചുകളായി പരിശീലനങ്ങൾ മാസങ്ങൾ നീണ്ടു. ഇവിടെ ഉപയോഗപ്പെടുത്തിയ പങ്കാളിത്ത പഠനരീതികൾക്കു വലിയൊരു സംഘം ഫാക്കൽറ്റി അനിവാര്യമായിരുന്നു. അവർക്കു നേതൃത്വം നൽകുന്നതിനു ചുക്കാൻ പിടിച്ചിരുന്ന ഒരാളായിരുന്നു സുദർശനഭായി. നല്ലൊരുപങ്ക് സമയം വർക്കിംഗ് അറേഞ്ച്മെന്റിൽ ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.മാരാരിക്കുളം വികസന പദ്ധതി ആരംഭിച്ചപ്പോൾ നിർബന്ധപൂർവ്വം ഒരു വർഷം അവിടെ ചുമതലയേറ്റു. 4-5 മാസംകൊണ്ട് ഏതാണ്ട് 30000-ൽപ്പരം സ്ത്രീകളെ കുടുംബശ്രീയിൽ സംഘടിപ്പിച്ചു. മാത്രമല്ല, കൗതുകകരമായൊരു കാര്യം മാരാരിക്കുളം കുടുംബശ്രീക്ക് ഒരു സംഘഗാനം ഉണ്ടാക്കിയതാണ്. വി.കെ.എസ് എഴുതി ചിട്ടപ്പെടുത്തിയ ഗാനം. അദ്ദേഹവും സംഘവും മാരാരിക്കുളത്ത് വന്നു. ബഹുഭൂരിപക്ഷം കുടുംബശ്രീ അംഗങ്ങളും പാട്ട് പഠിച്ചു. സെന്റ് മൈക്കിൾസ് കോളേജിലെ സംഗമത്തിൽ പങ്കെടുത്ത 20000-ൽപ്പരം വരുന്ന സ്ത്രീകൾ ഒരുമിച്ച് ഈ പാട്ടുപാടിയത് വലിയൊരു ആവേശമായിരുന്നു.തിരിച്ചു മലപ്പുറത്തു ജോലിക്കു പോയി. ഏതാനും മാസമേ അവിടെയുണ്ടായിരുന്നുള്ളൂവെങ്കിലും 300 പെൺകുട്ടികളെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാനുള്ള പ്രോജക്ട് സ്കൂളുകളിൽ നടപ്പാക്കി. താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു പ്രോജക്ടായിരുന്നു ഇത്.വീണ്ടും തിരിച്ച് ആലപ്പുഴയിലേയ്ക്ക്. റിട്ടയർമെന്റിനു മുമ്പ് നടത്തിയ സുപ്രധാന ഇടപെടലായിരുന്നു 2013-ലെ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ക്രൈം മാപ്പിംഗ് പദ്ധതി. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിലെ 5000-ത്തിൽപ്പരം സ്ത്രീകളുടെ സ്വയം സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടാക്കുന്നത്. ഈ വിവരങ്ങൾ – ഏതുതരം അതിക്രമം, ഏതു സമയത്ത്, ഏതു സ്ഥലത്ത്, ആരിൽ നിന്ന് എന്നീ വിവരങ്ങൾ ഒരുമിച്ചു ചേർക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് വനിതാ ഘടകപദ്ധതിയിൽ പ്രോജക്ടുകൾ ഉൾക്കൊള്ളിക്കുന്നു. ദൗർഭാഗ്യവശാൽ പഞ്ചായത്തു ഭരണസമിതി മാറിയതോടെ സ്ത്രീ ശാക്തീകരണത്തിലെ ഏറ്റവും സുപ്രധാനമെന്നു ഞാൻ കരുതുന്ന ഈ പരീക്ഷണം അവസാനിച്ചു. റിട്ടയർമെന്റിനു ശേഷം കഞ്ഞിക്കുഴി പഞ്ചായത്തിലെ വനിതാ സെൽഫിക്കു നേതൃത്വം നൽകി.നീണ്ട ഇന്നിംഗ്സ് അവസാനിപ്പിച്ച് കാനഡയിൽ മകളോടൊപ്പം റിട്ടയർമെന്റിനു തയ്യാറാവുകയായിരുന്നു. അപ്പോഴാണ് തെരഞ്ഞെടുപ്പ് എത്തിയത്. ആരു പറഞ്ഞിട്ടും സുദർശനാഭായി ടീച്ചർ സ്ഥാനാർത്ഥിയാകാൻ തയ്യാറായില്ല. അവസാനം എനിക്ക് ഇടപെടേണ്ടിവന്നു.“പരിഷത്ത്, സാക്ഷരതാപ്രവർത്തനം, ജനകീയാസൂത്രണം, പിന്നെ മാരാരിക്കുളത്തെ വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ നീളുന്ന അനുഭവസമ്പത്ത്. ഇവിടെയെല്ലാം മറ്റുള്ളവരെ ഉപദേശിക്കുകയോ മറ്റുള്ളവരുടെ കീഴിൽ പ്രവർത്തിക്കുകയോ ആയിരുന്നു. ഇനിയിപ്പോൾ പറഞ്ഞുവരുന്ന കാര്യങ്ങൾ നേരിട്ടു ചെയ്യാനുള്ള അവകാശം ലഭിക്കുമ്പോൾ എന്തിനു വേണ്ടെന്നുവയ്ക്കണം. ആ ഒരു അനുഭവം കൂടിയാകട്ടെ.”അങ്ങനെയാണ് മാരാരിക്കുളം വടക്കു പഞ്ചായത്തിന്റെ പ്രസിഡന്റായത്. ഈ ദൗത്യം തീരുംമുമ്പെ ടീച്ചർ വിട്ടുപിരിഞ്ഞു പോയി. വലിയ സങ്കടവും നഷ്ടബോധവും.The post സുദർശനാഭായി ടീച്ചർ; നാല് പതിറ്റാണ്ടിലേറെ നീളുന്ന ഓർമ്മകൾ: ഡോ ടി എം തോമസ് ഐസക്ക് appeared first on Kairali News | Kairali News Live.