കായംകുളം | ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ താമസിക്കുന്ന മുതുകുളം വടക്ക് ചേപ്പാട് കന്നിമേല്‍ ഷജീന മന്‍സില്‍ ഷാജഹാന്‍ (39), മുതുകുളം തെക്ക് ചിറ്റേഴത്ത് വീട്ടില്‍ ശരത്ത് (ആനശരത്ത് -35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ബസിന്റെ ചില്ല് ഹെല്‍മെറ്റ് കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു.ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിനുനേരെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കായംകുളം കൊറ്റുകുളങ്ങര ഭാഗത്തുവച്ച് ആക്രമണമുണ്ടായത്. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കില്‍ വന്ന സംഘം ഹെല്‍മെറ്റ് കൊണ്ട് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു.സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു. കനകക്കുന്ന് പോലീസിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്. പിടിയിലായ ആന ശരത്ത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയും കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ളയാളും ഷാജഹാന്‍ കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണന്നും പോലീസ് പറഞ്ഞു.