ഒപ്പം നടന്നവർ

Wait 5 sec.

ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ പോരാട്ടത്തിനിറങ്ങിയും തൊഴിലാളിവർഗത്തെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നേതൃത്വം നല്‍കിയും ജീവിതം തന്നെ സമരമാക്കിയ പുന്നപ്രയുടെ വിപ്ലവ നായകന്‍ വി എസ് അച്യുതാനന്ദന്‍ സൗഹൃദവലയം തിരയുന്നവര്‍ക്ക് എത്തിപ്പെടാനാകുന്നത് സാധാരണക്കാരില്‍ സാധാരണക്കാരിലേക്കാണ്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട്, സഹോദരങ്ങളുടെ സംരക്ഷണ ഉത്തരവാദിത്വം കൂടി തന്റെ കൈകളിലെത്തിച്ചേര്‍ന്ന വി എസിന് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടെ, പഠനം പോലും ഇടക്ക് വെച്ച് ഉപേക്ഷിക്കേണ്ടിവന്നു. തയ്യൽക്കാരനായും കയര്‍ തൊഴിലാളിയായും ജീവനോപാധി കണ്ടെത്തിയ വി എസ്, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയതോടെ അതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുമായി നിയോഗിക്കപ്പെട്ടു. ഇതോടെയാണ് കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലേക്ക് ചേക്കേറിയത്. ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ അന്നമൂട്ടാന്‍ കൈമെയ് മറന്നു അധ്വാനിക്കുന്ന നിഷ്‌കളങ്കരായ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ജന്മിമാരായ മാടമ്പിമാര്‍ അടിമപ്പണി ചെയ്യിക്കുന്നത് കണ്ടാണ് വി എസ് കുട്ടനാട്ടിലെത്തുന്നത്. വി എസിന്റെ വരവോടെ കുട്ടനാട്ടിലെ സ്ഥിതിഗതികള്‍ ആകെ മാറി. ജന്മിമാര്‍ക്ക് അടിമപ്പെടുന്നതില്‍ തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ വി എസ് നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്തുണ വര്‍ധിച്ചതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ മേഖലയില്‍ വര്‍ധിച്ച പിന്തുണ ലഭിച്ചു. എല്ലാ മേഖലയിലെയും തൊഴിലാളി സമൂഹത്തോട് ഒട്ടിനിന്ന വി എസിന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുമുള്ള സന്മനസ്സും വൈദഗ്ധ്യവും സാധാരണക്കാരായ ജനങ്ങളെ അദ്ദേഹത്തിലേക്കാകര്‍ഷിച്ചു. അതാണ് വി എസിന്റെ ജനകീയതയുടെ അടിത്തറ തന്നെ. തന്റെ സന്തത സഹചാരികളായിരുന്നവര്‍ ഇത്തരം സാധാരണക്കാരായിരുന്നു. അവരുമായുള്ള സൗഹൃദം നിലനിര്‍ത്തുന്നതിന് പാര്‍ട്ടിയുടെ തിട്ടൂരങ്ങളോ സര്‍ക്കാറിന്റെ സ്ഥാനമാനങ്ങളോ വി എസിന് തടസ്സമായിരുന്നില്ല.മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് പദവികളിലിരുന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്നുമെല്ലാം വി എസ് തന്റെ സൗഹൃദ സന്ദേശം ഈ സമൂഹത്തിന് പകര്‍ന്നു നല്‍കി. വി എസിന്റെ വീട്ടിലും ഔദ്യോഗിക വസതിയിലുമൊക്കെ മുന്‍കൂട്ടി അനുമതിയില്ലാതെ കടന്നുചെല്ലാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന പലരും സാധാരണക്കാരായിരുന്നുവെന്നത് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് ബോധ്യമുളളതാണ്. തനിക്കൊപ്പം കയര്‍ഫാക്ടറിയിലും തയ്യല്‍കടകളിലുമൊക്കെ തൊഴിലെടുത്ത നിരവധി സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദം വി എസ് അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ചിരുന്നു. എന്നുതന്നെയല്ല, ആ സൗഹൃദം അവരുടെ കുടുംബാംഗങ്ങളിലേക്കും കടന്നുചെന്നുവെന്നത് വി എസിന്റെ ലാളിത്യത്തിന്റെ മഹിതമായ മാതൃകയാണ്. വി എസിന്റെ ഈ സൗഹൃദം മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ലാത്തവരാണ് അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലുള്ളതെന്നതും എടുത്തുപറയേണ്ടതാണ്. തന്നെയുമല്ല, തങ്ങളുടെ പ്രിയ നേതാവിനായി സര്‍വസ്വവും സമര്‍പ്പിക്കാന്‍ സന്നദ്ധരായവരാണവരെല്ലാം. വി എസിന്റെ സഹായികളായി ഔദ്യോഗിക രംഗത്തെത്തിയവരിൽ ഇന്നും സാധാരണ ജീവിതം നയിച്ചുപോരുന്ന നിരവധി പേരെ ചൂണ്ടിക്കാണിക്കാനാകും.വി എസിനൊപ്പം ആസ്പിന്‍വാള്‍ കയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പത്ര ഏജന്റ് കൂടിയായ എ കെ ജി എന്നറിയപ്പെട്ടിരുന്ന അഞ്ചുതെങ്ങില്‍ കുഞ്ഞന്‍ ഗോപാലന്റെ മകന്‍ ഉദയകുമാറിന് വി എസിന്റെ സൗഹൃദത്തെക്കുറിച്ച് പറയാനേറെയാണ്. 1978 ലാണ് വി എസ് എന്ന സമരനായകനെ നേരിട്ടുകാണാനുള്ള ഭാഗ്യം ലഭിച്ചതെന്ന് ഉദയകുമാര്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ വി എസിന് പറവൂരില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചിരുന്നു.അന്നാണ് ഉദയകുമാര്‍ വി എസിനെ ആദ്യമായി കാണുന്നതും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നതും.അദ്ദേഹത്തിന്റെ പ്രസംഗം കേട്ടശേഷമാണ് അച്ഛന്റെ സൗഹൃദം വെച്ച് പരിചയപ്പെടുന്നത്. അച്ഛന്‍ രാവിലെ പത്രവിതരണവും കഴിഞ്ഞ് വണ്ടാനം തൈവളപ്പ് വീട്ടില്‍ നിന്നും നടന്ന് പറവൂരിലെത്തി വി എസിനോടൊപ്പമാണ് ജോലിക്ക് പോയിരുന്നത്. വര്‍ഷങ്ങളോളം ഈ സൗഹൃദം തുടര്‍ന്നിരുന്നു. 1991ല്‍ മാരാരിക്കുളത്ത് നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വി എസിനോടൊപ്പം ഞാനും പ്രവര്‍ത്തിച്ചു. പിന്നീടുള്ള ഓരോ ചുവടുവെപ്പിലും തന്നെ അദ്ദേഹത്തോടൊപ്പം കൂട്ടി. പിന്നീട് മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലും ഉള്‍പ്പെടുത്തി. അതിനുശേഷം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് വി എസ് കണ്ടിരുന്നത്. വി എസിന്റെ നിര്‍ദേശത്തില്‍ ഉദയനും കുടുംബവും വണ്ടാനത്തു നിന്നും പറവൂരിലേക്ക് പിന്നീട് താമസം മാറി.**********************************************വി എസിനെ പൊതുസമൂഹത്തില്‍ വേഷംകൊണ്ട് അടയാളപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ജുബ്ബയാണ്. വി എസ് തന്റെ ജുബ്ബ തുന്നിച്ചിരുന്നത് സുഹൃത്തും പുന്നപ്ര വയലാര്‍ സമരത്തിലെ സഹയാത്രികനുമായിരുന്ന ശിവരാജനെ കൊണ്ടായിരുന്നു. പിന്നീടിത് മകന്‍ മോഹനന്‍ ഏറ്റെടുത്തു. അച്ഛന്റെ തയ്യല്‍ക്കടയിലെ നിത്യ സന്ദര്‍ശകരായിരുന്നു വി എസ് എന്നും അങ്ങനെയാണ് തന്റെ ജുബ്ബ തുന്നിക്കുന്ന ചുമതല പിതാവിന്റെ കൈകളിലെത്തിയതെന്നും മോഹനന്‍ പറയുന്നു. വി കെ കരുണാകരന്‍, അസംബ്ലി പ്രഭാകരന്‍, എച്ച് കെ ചക്രപാണി തുടങ്ങിയവര്‍ വി എസ് ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. വി എസ് അച്യുതാനന്ദൻ, അസംബ്ലി പ്രഭാകരൻ, എച്ച് കെ ചക്രപാണി തുടങ്ങിയവര്‍ കടയില്‍ ഒത്തുകൂടി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് ഇന്നും ഓര്‍മകളിലുണ്ടെന്ന് മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രി ആയതിന് ശേഷവും വി എസിന് ജുബ്ബ തുന്നിയിരുന്നത് ശിവരാജന്റെ കടയില്‍ തന്നെയായിരുന്നു.തിരുവനന്തപുരത്തായിരുന്നെങ്കിലും തുണികള്‍ കൊടുത്തുവിടും. തുന്നിയ ശേഷം പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ കൊടുക്കാന്‍ പോകുന്നതും മോഹനനായിരുന്നു. വി എസ് പുന്നപ്രയില്‍ എത്തിയതറിഞ്ഞാല്‍ രാത്രിയില്‍ കട അടച്ചതിന് ശേഷം ശിവരാജന്‍ തന്നോടൊപ്പം വേലിക്കകത്തെ വീട്ടില്‍ എത്തുമായിരുന്നു. ഏറെ നേരം സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്.**********************************************വി എസ് അച്യുതാനന്ദന്റെ സൗഹൃദങ്ങളെ കുറിച്ച് പുന്നപ്ര സമരസേനാനി പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുരുമ്പേവെളി പ്രഭാകരന്റെ മകന്‍ സത്യകീര്‍ത്തിക്ക് പറയാനുള്ളത് അച്ഛന്റെ പേരിനൊപ്പം വി എസ് ചാര്‍ത്തി നല്‍കിയ “അസംബ്ലി’യെ കുറിച്ചാണ്. തന്റെ അച്ഛന്‍ അസംബ്ലി പ്രഭാകരനുമായുള്ള സൗഹൃദമാണ് തനിക്കും വി എസുമായിട്ടുള്ളത്. പുന്നപ്ര സമരസേനാനിയായ പ്രഭാകരന്റെ പേരിനുമുമ്പില്‍ അസംബ്ലി എന്നുകൂടി ചേര്‍ത്തത് വി എസ് അച്യുതാനന്ദനാണ്.തിരുകൊച്ചി നിയമസഭയില്‍ തൊഴിലാളി വിരുദ്ധ ബില്ല് പാസാക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ പാർട്ടി തീരുമാനിച്ചു. എന്നാല്‍ നിയമസഭക്കുള്ളില്‍ കടന്നുകൂടാന്‍ ആരും ധൈര്യപ്പെട്ടില്ല. തുടര്‍ന്ന് പ്രഭാകരന്‍ ഉള്‍പ്പെടെ മൂന്നംഗ സംഘം നിയമസഭക്കുള്ളില്‍ കയറാന്‍ തീരുമാനിച്ചു. പ്രതിഷേധം കടുപ്പിക്കാനായി പ്രഭാകരന്‍ രക്തപതാകയും ഒളിപ്പിച്ചിരുന്നു. ബില്ല് പാസാക്കുന്നതിനിടെ പ്രഭാകരന്‍ രക്തപതാക ഉയര്‍ത്തിവീശി നിയമസഭക്കുള്ളില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായ പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊടിയ പോലീസ് മര്‍ദനത്തിരയായി. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അസംബ്ലി പ്രഭാകരനെന്ന് പേരുവിളിച്ചാണ് വി എസ് സ്വീകരിച്ചത്.പിന്നീട് അദ്ദേഹം അറിയപ്പെട്ടിരുന്നത് അസംബ്ലി പ്രഭാകരന്‍ എന്നാണ്. 1983ല്‍ അസംബ്ലി പ്രഭാകരന്‍ മരിച്ചു.തുടര്‍ന്നാണ് മകന്‍ കെ പി സത്യകീര്‍ത്തി പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. വി എസിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.വി എസ് തിരുവനന്തപുരത്ത് താമസമാക്കിയ ശേഷവും ആ സൗഹൃദം തുടര്‍ന്നുപോന്നു. 2000 മുതല്‍ 2005 വരെ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.തുടര്‍ന്നുള്ള അഞ്ച് വര്‍ഷം പഞ്ചായത്ത് അംഗമായിരുന്നു.നിലവില്‍ സി പി എം ഏരിയ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.*******************************************വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായ മുഹമ്മ ഗ്രാമപഞ്ചായത്തംഗം ലതീഷ് ചന്ദ്രന്‍, വി എസിനോടുള്ള സൗഹൃദവും കടപ്പാടും നിലനിര്‍ത്താന്‍ ജനകീയ മെഡിക്കല്‍ ലാബ് സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിഎസിന്റെ 101-ാം ജന്മദിനത്തിന്റെ തലേ ദിവസമാണ് ലാബ് കെട്ടിടത്തിന് തറക്കല്ലിട്ടത്. മുഹമ്മ പുല്ലമ്പാറയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജനകീയ മെഡിക്കല്‍ ലാബ് ഈ വര്‍ഷം ഏപ്രിലില്‍ വി എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. വി എസ് ജീവിച്ചിരിക്കെ തന്നെ സ്ഥാപിക്കപ്പെട്ട ഈ ജനകീയ ലാബ് അദ്ദേഹത്തിനുള്ള ആദ്യ സ്മാരമാകും. വി എസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന് പേഴ്‌സനല്‍ സ്റ്റാഫ് അംഗമെന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് ലബോറട്ടറി ആരംഭിച്ചത്. വി എസ് അന്തരിച്ചതോടെ ജനകീയ ലാബിന്റെ പേര് വി എസ് സ്മാരക ലാബ് എന്നാക്കുമെന്നു ലതീഷ് പറഞ്ഞു. 2006 എസ് എഫ്‌ ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ലതീഷ് മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗമാകുന്നത്. വി എസ് കാരണമാണ് തനിക്ക് ആ വരുമാനം ലഭിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഓര്‍മയില്‍ ജനസേവനത്തിനായി വിനിയോഗിക്കുന്നു. നിര്‍ധനര്‍ക്കും തൊഴിലുറപ്പു തൊഴിലാളികള്‍ക്കും പകുതി നിരക്കിലാണ് ലാബ് സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്നും ലതീഷ് പറഞ്ഞു.*******************************************നൂറ്റാണ്ടിന്റെ പോരാട്ട വീര്യമുള്ള പുന്നപ്രയുടെ വിപ്ലവ നായകന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ജന്മനാട്ടിലേക്കുള്ള വിലാപയാത്രയിലുടനീളം പ്രിയനേതാവിനെ ഒരുനോക്കുകാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും തിങ്ങിക്കൂടിയ പുരുഷാരം തന്നെ വി എസിന്റെ സാധാരണക്കാരുമായുള്ള അസാധാരണ ബന്ധം സമൂഹത്തെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയവരിലധികവും സ്ത്രീകളായിരുന്നുവെന്നത് അവര്‍ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന സുരക്ഷിതബോധത്തിന്റെ കൂടി പ്രകടനമാണ്. കോരിച്ചൊരിയുന്ന മഴയിലും ആബാലവൃദ്ധം മണിക്കൂറുകള്‍ കാത്തുനിന്നും കിലോമീറ്ററുകള്‍ യാത്ര ചെയ്‌തെത്തിയുമാണ് തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. പാവങ്ങളുടെ പടത്തലവന്‍ പുന്നപ്രയുടെ രണഭൂമിയില്‍ അലിഞ്ഞുചേര്‍ന്നെങ്കിലും അദ്ദേഹം പകര്‍ന്ന ആശയങ്ങളും ആദര്‍ശങ്ങളും എന്നും നിലനിൽക്കും..