രാജ്യത്തെ കയറ്റുമതി മേഖലക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘പ്രതികാരച്ചുങ്കം’ ഇന്ന് നിലവില്‍ വരികയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതുവരെയും ശരാശരി 2-3 ശതമാനമായിരുന്നു ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ തീരുവ. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലും യു എസുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാര കരാര്‍ നടപ്പാകാത്തതിലും പ്രതിഷേധിച്ചാണ് അധികച്ചുങ്കം ചുമത്തിയതെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യ എക്കാലത്തും അവരുടെ സൈനിക ഉപകരണങ്ങള്‍ റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. മാത്രമല്ല, യുക്രൈന്‍ ജനതയെ റഷ്യ കൊന്നൊടുക്കുന്ന സമയത്ത് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി അവരെ സഹായിക്കുന്നത് ശരിയായ നടപടിയല്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി താരിഫ് ചുമത്തുന്നതെന്നാണ് സാമൂഹിക മാധ്യമത്തില്‍ ട്രംപ് കുറിച്ചത്. വ്യാപാര രംഗത്തെ എതിരാളികളെ അപേക്ഷിച്ച് സുഹൃദ് രാജ്യമായ ഇന്ത്യക്ക് കുറഞ്ഞ തീരുവയേ ചുമത്താവൂ എന്ന് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രംപ് നിരസിക്കുകയായിരുന്നു. മോദി സര്‍ക്കാറിന്റെ നയതന്ത്ര പരാജയമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയേക്കാളും അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ നടപ്പിലാക്കാത്തതാണ് ട്രംപിനെ കൂടുതല്‍ ചൊടിപ്പിക്കുന്നതെന്നാണ് വിവരം. വ്യാപാരക്കരാറിന് ഉടന്‍ അന്തിമരൂപം നല്‍കാത്തപക്ഷം 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മാസങ്ങളായി ഇതുസംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ച നടന്നുവരികയാണെങ്കിലും അന്തിമ രൂപമായിട്ടില്ല. പുതിയ വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടു വെക്കുന്ന പല വ്യവസ്ഥകളും അംഗീകരിക്കാന്‍ ഇന്ത്യക്ക് പ്രയാസമുണ്ട്. ഇന്ത്യയുടെ ക്ഷീര-കാര്‍ഷിക വിപണികള്‍ തുറന്നു കിട്ടണമെന്നും ജനിതകമാറ്റം വരുത്തിയ അമേരിക്കന്‍ കാര്‍ഷികോത്പന്നങ്ങളുടെ വില്‍പ്പന അനുവദിക്കണമെന്നുമാണ് അമേരിക്കയുടെ ഒരാവശ്യം. ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് രാജ്യത്തെ കര്‍ഷകര്‍ക്ക് കടുത്ത തിരിച്ചടിയാകും. കര്‍ഷക പ്രക്ഷോഭം ക്ഷണിച്ചു വരുത്തുകയും ചെയ്യും.അമേരിക്കയുടെ മുഖ്യവ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരുമ്പ്, ചെമ്പ്, സ്റ്റീല്‍, മരുന്നുകള്‍, ടെലികോം ഉപകരണങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രം തുടങ്ങിയവയാണ് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. ഇന്ത്യയുടെ മൊത്തം മരുന്നു കയറ്റുമതിയില്‍ പകുതിയോളവും യു എസിലേക്കാണ്. ശരാശരി 70,000 കോടി രൂപയുടെ മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട് ഇന്ത്യ യു എസിലേക്ക്. 2024-25 വര്‍ഷത്തില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 86.51 ബില്യന്‍ ഡോളറാണ്. 2022-23ല്‍ 77.52 ബില്യന്‍ ഡോളറിന്റേതായിരുന്നു. ഒരു വര്‍ഷത്തിനകം 11.6 ശതമാനമാണ് വളര്‍ച്ച. ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം കയറ്റുമതി മേഖലയിലെ വളര്‍ച്ചയെ മുരടിപ്പിക്കും. മേഖലയില്‍ ഇടിവ് സംഭവിക്കാനും സാധ്യതയുണ്ട്. കേരളത്തെയും ഇത് പ്രതികൂലമായി ബാധിക്കും. സുഗന്ധവ്യഞ്ജനം, കശുവണ്ടിപ്പരിപ്പ്, തേയില, കാപ്പി, സമുദ്രോത്പന്നങ്ങള്‍, മരുന്ന്, കയര്‍, കയറുത്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രം, ആഭരണങ്ങള്‍ തുടങ്ങിയ കേരളോത്പന്നങ്ങളും ഉള്‍പ്പെടുന്നുണ്ട് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി വസ്തുക്കളില്‍. കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചാല്‍ കേരളത്തിലെ തൊഴില്‍ മേഖലയെ അടക്കം ക്ഷീണിപ്പിക്കും.25 ശതമാനം ഇറക്കുമതി തീരുവക്ക് പുറമെ തീരുവ പിഴയും പ്രഖ്യാപിച്ചിട്ടുണ്ട് ട്രംപ്. എത്ര ശതമാനം, ഏതെല്ലാം വസ്തുക്കള്‍ക്ക് തുടങ്ങി ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനക്കും റഷ്യക്കും 500 ശതമാനം തീരുവ പിഴ ഈടാക്കണമെന്ന് നിര്‍ദേശിക്കുന്ന ബില്ല് യു എസ് സെനറ്റിന്റെ പരിഗണനയിലുണ്ട്. യു എസ് സെനറ്റര്‍മാരായ ലിന്‍സെ ഗ്രഹാം, റിച്ചാര്‍ഡ് ബ്ലുമെന്താല്‍ എന്നിവര്‍ കൊണ്ടുവന്ന ബില്ല് അവതരിപ്പിക്കാന്‍ ട്രംപ് സമ്മതം നല്‍കിയതായി ഇരുവരും വ്യക്തമാക്കുകയും ചെയ്തിരുന്നു. ബില്ല് പാസ്സായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ട്രംപ് ആയതിനാല്‍, ഇന്ത്യക്കെതിരെ ഇത്രയും വലിയ പിഴ ചുമത്താന്‍ സാധ്യതയില്ലെന്നും 100 ശതമാനം ഈടാക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എങ്കില്‍ തന്നെയും ഇത് ഇന്ത്യക്ക് ആഘാതമാകും. ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ കയറ്റുമതിയില്‍ സമീപ ഭാവിയില്‍ തന്നെ അനിശ്ചിതത്വം സൃഷ്ടിച്ചേക്കുമെന്നാണ് രാജ്യത്തെ വാണിജ്യ-വ്യവസായ വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചത്.ഇന്ത്യക്ക് സാമ്പത്തികമായും മോദി സര്‍ക്കാറിന് രാഷ്ട്രീയമായും തിരിച്ചടിയാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനമെങ്കിലും ഇക്കാര്യത്തില്‍ കടുത്ത ഒരു പ്രതികരണത്തിന് കേന്ദ്രം സന്നദ്ധമായിട്ടില്ല. ‘തീരുവ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചു വരികയാണ്’ എന്ന് മാത്രമായിരുന്നു ബന്ധപ്പെട്ടവരുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നേരിട്ട് സംസാരിച്ച് തീരുവ നടപടിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി വാര്‍ത്തയുണ്ട്.വലിയ പ്രതീക്ഷയോടെയാണ് ലോകം ആഗോളവത്കരണത്തെ നോക്കിക്കണ്ടത്. സ്വതന്ത്ര കമ്പോളവും എല്ലാ രാഷ്ട്രങ്ങള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തും സ്വതന്ത്രമായി വിറ്റഴിക്കാനുള്ള സാഹചര്യവും ഇതുവഴി നിലവില്‍ വരുമെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. ഉത്പാദന രംഗത്തും വിപണന രംഗത്തും മത്സരത്തിന് അവസരം സൃഷ്ടിക്കാനും ഉത്പാദന വര്‍ധനവിനും കുറഞ്ഞ വിലയില്‍ ഉപഭോക്താവിന് ചരക്കുകള്‍ ലഭ്യമാകാനും അവസരമൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. ഇതിനെയെല്ലാം തകിടം മറിക്കുന്നതാണ് പുതിയ തീരുവ പ്രഖ്യാപനം. നിയന്ത്രണങ്ങളില്ലാതെ, അന്യായമായ തീരുവ ചുമത്താതെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ കഴിയുന്ന ഒരു സ്ഥിതി വിശേഷം നിലവില്‍ വരേണ്ടതുണ്ട്. അവിടെയാണ് ആഗോളവത്കരണത്തിന്റെ പ്രസക്തി.