സ്ത്രീകളുടെ തിരോധാനവും മനുഷ്യക്കടത്തും

Wait 5 sec.

മധ്യപ്രദേശില്‍ നിന്ന് കാണാതാകുന്ന സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരു വര്‍ഷത്തിനിടെ 23,000 സ്ത്രീകളെയും കുട്ടികളെയും കാണാതായെന്നാണ് മുഖ്യമന്തി മോഹന്‍യാദവ് നാല് ദിവസം മുമ്പ് നിയമസഭയില്‍ വെളിപ്പെടുത്തിയത്. ഇവരില്‍ 21,175 പേര്‍ സ്ത്രീകളും 1,954 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് എം എല്‍ എ ബാലബച്ചന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കണക്കുകള്‍ സഭയില്‍ വെച്ചത്.മധ്യപ്രദേശില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടുന്നു സ്ത്രീകളുടെയും കുട്ടികളുടെയും തിരോധാനം. ഗുജറാത്തില്‍ 2016 മുതല്‍ 2020 വരെയുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 40,000 സ്ത്രീകളെ കാണാതായതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 2023 സെപ്തംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയ കണക്ക് പ്രകാരം 2019 മുതല്‍ 21 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളെ കാണാതായിട്ടുണ്ട്. 10,31,648 സ്ത്രീകളും 2,51,430 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമാണ് ഈ കാലയളവില്‍ തിരോഭവിച്ചത്. 2020, 2021 വര്‍ഷങ്ങളില്‍ കാണാതായവരില്‍ 68 ശതമാനവും സ്ത്രീകളാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.മനുഷ്യക്കടത്ത്, പ്രണയ ബന്ധത്തില്‍ കുരുങ്ങി ഒളിച്ചോട്ടം, ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടം തുടങ്ങി കാരണങ്ങള്‍ പലതുണ്ട് ഈ തിരോധാനത്തിനു പിന്നില്‍. മനുഷ്യക്കടത്ത് സംഘങ്ങള്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് ഒരു മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍ അകപ്പെട്ട 24 സ്ത്രീകളെയും മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും അസമിലെ ടിന്‍സുകിയ റെയില്‍വേസ്റ്റേഷനില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്്ഷന്‍ ഫോഴ്‌സും (ആര്‍ പി എഫ്) റെയില്‍വേ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. വിവേക് എക്‌സ്പ്രസ്സിലെ പതിവു പരിശോധനക്കിടെയായിരുന്നു മനുഷ്യക്കടത്ത് ശ്രമം കണ്ടെത്തിയത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള രത്‌നം അറുമുഖന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന ഏജന്‍സി തങ്ങളുടെ ടിന്‍സുകിയ ബ്രാഞ്ച് ഓഫീസുമായി ചേര്‍ന്ന് ജോലിക്കെന്ന വ്യാജേന തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് കടത്തുകയായിരുന്നു ഇവരെ. തൊഴിലാവശ്യാര്‍ഥം ഏതെങ്കിലും ഫാക്ടറിക്കോ ലൈംഗികാവശ്യാര്‍ഥം പെണ്‍വാണിഭ സംഘത്തിനോ ആയിരിക്കാം ഇവരെ കൈമാറുന്നത്.കഴിഞ്ഞ വര്‍ഷം മേയില്‍ കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവാക്കളെ റഷ്യയിലേക്ക് കടത്തുകയും കബളിപ്പിച്ച് സൈന്യത്തില്‍ ചേര്‍ക്കുകയും ചെയ്ത കേസിലാണ് തിരുവനന്തപുരം സ്വദേശികളെ സി ബി ഐ അറസ്റ്റ് ചെയ്തത്. വലിയൊരു മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളായിരുന്നു രണ്ട് പേരും. റഷ്യയിലെ സ്വകാര്യ സര്‍വകലാശാലകളില്‍ കുറഞ്ഞ ഫീസില്‍ പ്രവേശനം തരപ്പെടുത്തിക്കൊടുക്കാമെന്ന വാഗ്ദാനത്തില്‍ ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികളെയും കടത്തിയിരുന്നു ഈ സംഘം.യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ 2022ലെ ഹ്യൂമന്‍ ട്രാഫിക്കിംഗ് റിപോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയില്‍ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് മനുഷ്യക്കടത്ത് കൂടുതലാണെന്നാണ്. പല സംസ്ഥാനങ്ങളിലും ഈ കുറ്റകൃത്യം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ മതിയായ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നില്ല. പെണ്‍വാണിഭ കുറ്റകൃത്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും പ്രതികളായിട്ടും അന്വേഷണം കാര്യക്ഷമമല്ല. പ്രതികളില്‍ 89 ശതമാനവും കുറ്റവിമുക്തരാക്കപ്പെടുന്നുവെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തി.കാണാതാകുന്ന സ്ത്രീകള്‍ എവിടെ പോകുന്നുവെന്നതിന് വ്യക്തമായ ഒരു ഉത്തരമാണ് കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ മുന്‍തൂപ്പുകാരന്റെ വെളിപ്പെടുത്തല്‍. പത്ത് വര്‍ഷത്തിനിടെ നൂറുകണക്കിനു സ്ത്രീകളെയാണ് അവിടെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊന്നു കുഴിച്ചു മൂടിയതെന്നാണ് തൂപ്പുകാരന്റെ വെളിപ്പെടുത്തല്‍. രാജ്യത്തെ ആള്‍ദൈവങ്ങള്‍ നടത്തുന്ന ചില സ്ഥാപനങ്ങളിലും സമാന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 32,000 സ്ത്രീകളെ മതം മാറ്റി കേരളത്തില്‍ നിന്ന് സിറിയയിലേക്ക് കടത്തിയെന്ന കള്ളക്കഥ മെനഞ്ഞുണ്ടാക്കുന്നവര്‍ പക്ഷേ ധര്‍മസ്ഥലയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ അറിയാത്ത ഭാവം നടിക്കുകയാണ്.സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളില്‍ എക്കാലത്തും ഇടംപിടിക്കാറുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ 2018ലെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. മനുഷ്യക്കടത്ത്, ലൈംഗിക അതിക്രമം, നിര്‍ബന്ധിത വീട്ടുജോലി, സ്ത്രീഹത്യ തുടങ്ങി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെയും അതിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നാകുന്ന നടപടികളെയും മാനദണ്ഡമാക്കിയാണ് സര്‍വേ നടത്തുന്നത്. ഒരു രാജ്യത്തെ വിലയിരുത്തുന്നതില്‍ ഏറ്റവും നിര്‍ണായക ഘടകമാണ് സ്ത്രീസുരക്ഷ.ജോലിക്കെന്ന പേരില്‍ പല ഏജന്‍സികളും സ്ത്രീകളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാറുണ്ട്. ഇവരില്‍ നല്ലൊരു പങ്കും അടിമകളെപ്പോലെയാണ് അവിടെ കഴിയുന്നത്. സ്ത്രീകളെ അവിടെ എത്തിച്ച് തങ്ങളുടെ പങ്ക് കൈപറ്റിയാല്‍ ഏജന്‍സികള്‍ അവരുടെ കാര്യത്തില്‍ ശ്രദ്ധിക്കില്ല. ബന്ധപ്പെട്ടാലും തങ്ങള്‍ക്കൊരു ഉത്തരവാദിത്വവുമില്ലെന്ന മട്ടില്‍ അവര്‍ കൈമലര്‍ത്തുകയും ചെയ്യും. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുപയോഗിച്ച് തൊണ്ണൂറ് ശതമാനം കേസുകളിലും കടത്തുമാഫിയ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണ്. പഴുതടച്ച നടപടികളാണ് ആവശ്യം.