തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ മരിച്ചിട്ട് ഇന്നേക്ക് ആറ് വർഷം. 2019 ആഗസ്റ്റ്് മൂന്നിന് പുലർച്ചെയാണ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗതയിൽ ഓടിച്ച കാറിടിച്ച് കൊലപ്പെടുത്തിയത്. തിരുവനന്തപുരം നഗരത്തിൽ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു അപകടം. ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, പെൺസുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് ആറ് വർഷം പിന്നിടുമ്പോഴും നിയമത്തെപ്പോലും വെല്ലുവിളിക്കുന്ന സമീപനമാണ് ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴും തുടരുന്നത്. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ ഇനിയും തുടങ്ങാനായിട്ടില്ല.കഴിഞ്ഞ ഡിസംബർ രണ്ടിന് കേസ് വിചാരണ തുടങ്ങാൻ കോടതി നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും കോടതി മാറ്റം ഉന്നയിച്ച് നടപടികൾ നീട്ടിക്കൊണ്ടുപോകാനാണ് ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചത്.നേരത്തേയും കോടതി നടപടികള നീട്ടിക്കൊണ്ടുപോകാൻ ശ്രീറാം പല തവണ നീക്കങ്ങൾ നടത്തിയിരുന്നു. ഡിസംബർ രണ്ട് മുതൽ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ഈ സമയങ്ങളിലെല്ലാം തന്നെ ഓരോ ആവശ്യവുമായി പ്രതി കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ വിചാരണ ആരംഭിക്കാനിരുന്ന വഞ്ചിയൂർ കോടതി ഒന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലെ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം. പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണിപ്പടികൾ കയറാൻ സാധിക്കാത്ത അവശതയുള്ളതിനാൽ താഴത്തെ നിലയിലുള്ള അഡീഷനൽ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്ന പ്രതിയുടെ ഹരജി പരിഗണിച്ച പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സാക്ഷി വിസ്താരം നിർത്തിവെക്കുകയായിരുന്നു.കേസിൽ സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ കോടതി വിചാരണക്കായി വിളിച്ചുവരുത്തിയത്. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാൻ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് തന്റെ പാസ്സ്പോർട്ട് ആവശ്യപ്പെട്ട് ശ്രീറാം വീണ്ടും കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥ അനുസരിച്ച് കോടതിയിൽ നൽകിയ പാസ്സ്പോർട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയാക്കി ഈ മാസം അഞ്ചിന് ഉത്തരവ് പറയാനായി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ ഓരോ ഘട്ടത്തിലും കേസ് വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള സമീപനമാണ് പ്രതി ശ്രീറാം വെങ്കിട്ടരാമൻ നടത്തുന്നത്.