മാഹി | ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാഹിപ്പാലം എക്‌സൈസ് ചെക്ക് പോസ്റ്റിനടുത്ത് മുനമ്പം സ്വദേശിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ നിസാര പ്രശ്‌നങ്ങളെന്ന് ന്യൂമാഹി പോലീസ്.തിരുവനന്തപുരം മുനമ്പം സ്വദേശി എന്‍ പ്രകാശനെയാണ് വ്യാഴാഴ്ച രാത്രി തമിഴ്‌നാട് കള്ളക്കുറിച്ചി വെട്രിപുരം സ്വദേശി ലക്ഷ്മണന്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.അഴിയൂര്‍, മാഹി ഭാഗങ്ങളില്‍ മത്സ്യമേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നയാളാണ് പ്രകാശന്‍. ഇയാള്‍ മാഹിപ്പാലം കേന്ദ്രീകരിച്ച് കട തിണ്ണകളിലാണ് അന്തിയുറങ്ങാറ്. തമിഴ്‌നാട് സ്വദേശിയായ ലക്ഷ്മണനും മാഹിപ്പാലം കേന്ദ്രീകരിച്ച് അലഞ്ഞു നടക്കുന്ന ആളാണെന്നും പരസ്പരം പരിചയമുള്ളവരല്ലെന്നും പോലീസ് പറഞ്ഞു.ലക്ഷ്മണന്‍ സ്ഥിരമായി അന്തിയുറങ്ങുന്ന ചെക്ക് പോസ്റ്റിന് സമീപത്തെ കടവരാന്തയില്‍ പ്രകാശന്‍ കിടന്ന പ്രതികാരത്തിനാണ് കൊല നടത്തിയത്. രാത്രിയില്‍ ലക്ഷമണന്‍ കിടക്കാന്‍ വന്നപ്പോള്‍ പ്രകാശന്‍ തന്റെ സ്ഥലത്ത് കിടക്കുന്നത് കണ്ടു.ഈ സമയം ഇരുവരും മദ്യലഹരിയിലായിരുന്നു.എഴുന്നേല്‍ക്കാന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടെങ്കിലും പ്രകാശന്‍ കൂട്ടാക്കിയില്ല. ഇതിന് പിറകെ സമീപത്ത് നിന്നും കരിങ്കല്‍ കഷണങ്ങള്‍ എടുത്തുവന്ന് ലക്ഷ്മണന്‍ പ്രകാശന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. ഇന്നലെ രാവിലെയാണ് പരിസരത്തുള്ളവര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നയാളെ കണ്ടെത്തിയത്.ഉടന്‍ ന്യൂ മാഹി പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.