ബീഫ് കയറ്റുമതിയും ബീഫ് രാഷ്ട്രീയവും

Wait 5 sec.

ഒരു വശത്ത് ബീഫ് കയറ്റുമതി വര്‍ധിപ്പിച്ച് വന്‍തോതില്‍ വിദേശ നാണ്യം നേടല്‍. മറുവശത്ത് ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊലയും. ഇതാണ് രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബീഫ് കയറ്റുമതിയില്‍ ആഗോളതലത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ട്. 2021ല്‍ നാലാം സ്ഥാനത്തും 2022ല്‍ മൂന്നാം സ്ഥാനത്തുമായിരുന്നു. രാജ്യത്തെ ബീഫ് കയറ്റുമതിയില്‍ 60 ശതമാനവും സംഭാവന ചെയ്യുന്നത്, ബീഫിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന ഉത്തര്‍പ്രദേശാണ്. നേരന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് മാംസ കയറ്റുമതിയില്‍ ഇന്ത്യക്ക് കുതിച്ചു ചാട്ടമുണ്ടായതെന്നതും ശ്രദ്ധേയമാണ്. 380 കോടി ഡോളറാണ് (ഏകദേശം 34,177 കോടി രൂപ) ബീഫ് കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയത്. സഊദി, യു എ ഇ, ഇറാഖ്, ഈജിപ്ത്, വിയറ്റ്‌നാം, മലേഷ്യ തുടങ്ങി മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് മുഖ്യമായും രാജ്യത്ത് നിന്നുള്ള ബീഫ് കയറ്റുമതി.പോത്തിന്റെയും എരുമയുടെയും മാംസമാണ് (കാരാബീഫ്) ഇന്ത്യയില്‍ നിന്ന് കൂടുതലും കയറ്റുമതി ചെയ്യുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യമെങ്കിലും, മാംസ കയറ്റുമതിക്കായി ദിനംപ്രതി ലക്ഷക്കണക്കിന് പശുക്കളെയും കാളകളെയും കശാപ്പു ചെയ്യുന്നുണ്ടെന്നാണ് വിശ്വ ഗോ രക്ഷാപീഠം തലവനും ലോകമൃഗക്ഷേമ ബോര്‍ഡ് പ്രസിഡന്റുമായ ദയാനന്ദ സ്വാമി പറയുന്നത്. ഗോവധവും ബീഫ് കയറ്റുമതിയും നിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര സര്‍ക്കാറിനെ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രൂക്ഷമായി വിമര്‍ശിച്ച കാര്യവും ദയാനന്ദ സ്വാമി അനുസ്മരിക്കുന്നു.ബീഫ് വ്യവസായത്തിനും കയറ്റുമതിക്കും മികച്ച പ്രോത്സാഹനമാണ് മോദി സര്‍ക്കാര്‍ നല്‍കി വരുന്നത്. കയറ്റുമതിക്കുള്ള അനുമതിയും ലൈസന്‍സും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കുന്നു. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരവും അഭിനന്ദനാര്‍ഹവുമാണ്. അമേരിക്ക ഇന്ത്യക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഗോള വിപണിയില്‍ കൂടുതല്‍ ഡിമാന്‍ഡുള്ള ഉത്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കേണ്ടതു തന്നെ. അതേസമയം ബീഫിന്റെ പേരില്‍ രാജ്യത്തെ പൗരന്‍ ആക്രമിക്കപ്പെടുമ്പോള്‍, ബീഫ് കഴിച്ചെന്നോ കടത്തിയെന്നോ സംശയത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നു മാത്രമല്ല, അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇരട്ട മുഖമാണ് ഭരണകൂടത്തിന് ഇക്കാര്യത്തില്‍. കയറ്റുമതിക്കാരുടെ രക്ഷാധികാരിയും സംഘ്പരിവാര്‍ ഗുണ്ടകളുടെ നിശബ്ദ കൂട്ടാളിയും.ഉത്തര്‍പ്രദേശിലെ മുഹമ്മദ് അഖ്‌ലാഖ്, രാജസ്ഥാനിലെ പെഹ്‌ലുഖാന്‍, ഹരിയാനയിലെ ജുനൈദ്, ആസിഫ്ഖാന്‍ തുടങ്ങി നിരവധി പേരാണ് ബീഫിന്റെ പേരില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത്. ഇന്ത്യ സ്‌പെന്‍ഡ് റിപോര്‍ട്ട് പ്രകാരം 2010-2020 വര്‍ഷത്തിനിടയില്‍ 50ലധികം പേര്‍ കൊല്ലപ്പെടുകയും 250ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 85 ശതമാനവും മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. 2018ല്‍ സുപ്രീം കോടതി പ്രശ്‌നത്തില്‍ ഇടപെടുകയും ആള്‍ക്കൂട്ട വിചാരണയും കൊലകളും തടയാന്‍ പ്രത്യേക നിയമം നിര്‍മിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഗോരക്ഷാ വേഷമണിഞ്ഞ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പിന്നെയും ഗുണ്ടായിസം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ആഗസ്റ്റ് 27നാണ് ഹരിയാനയില്‍ കുടിയേറ്റ തൊഴിലാളിയായ സാബിര്‍ മാലികിനെ ബീഫ് കഴിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്നത്. പശ്ചിമ ബംഗാളിലെ ഇസ്‌ലാംപൂരില്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ബിഹാര്‍ സ്വദേശികളായ മൂന്ന് യുവാക്കളെ തല്ലിക്കൊന്നതും 2024ലായിരുന്നു.പൗരന്മാര്‍ക്ക് ഭക്ഷണ സ്വാതന്ത്ര്യം നല്‍കുന്നുണ്ട് ഭരണഘടന. ബീഫ് കഴിക്കണമോ വേണ്ടയോ എന്നത് വ്യക്തികളാണ് തീരുമാനിക്കേണ്ടത്. ഭരണകൂടത്തിന്റെ ദയയല്ല, പൗരന്മാരുടെ അവകാശമാണിത്. സംസ്ഥാനങ്ങള്‍ക്ക് മൃഗസംരക്ഷണ നിയമമുണ്ടെങ്കില്‍, ഗോമാംസ നിരോധനം നിലവിലുണ്ടങ്കില്‍, പൗരന്മാര്‍ അതംഗീകരിക്കുന്നുണ്ടോ, ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യാനുള്ള അധികാരം പോലീസിനും കോടതികള്‍ക്കുമാണ്. തെരുവ് സംഘങ്ങള്‍ക്കോ സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കോ അല്ല. എന്നിട്ടും ബീഫ് വിഷയത്തില്‍ നിയമം പിന്‍വാങ്ങുയും അക്രമികള്‍ രാജ്യത്തെങ്ങും വിലസുകയും ചെയ്യുന്നത് ആകസ്മികമല്ല. ഇതൊരു രാഷ്ട്രീയ അജന്‍ഡയാണ്. ബീഫ് ഭക്ഷണമെന്നതിലുപരി രാഷ്ട്രീയ ആയുധമാണ് സംഘ്പരിവാറിന്. പശുവിനെ മതചിഹ്നമാക്കി അവതരിപ്പിച്ച് അതിന്റെ പേരില്‍ മനുഷ്യ ജീവിതങ്ങള്‍ വേട്ടയാടുന്ന അക്രമ രാഷ്ട്രീയം. അക്രമി സംഘങ്ങളെ വളര്‍ത്തിയെടുക്കുന്നുവെന്നത് മാത്രമല്ല, ഇതിനു നേരെ മൗനം പാലിക്കുന്ന ഭരണകൂടത്തെ സൃഷ്ടിക്കുന്നുവെന്നത് കൂടിയാണ് ഈ രാഷ്ട്രീയത്തിന്റെ ഏറ്റവും അപകടകരമായ വശം.കയറ്റുമതി കണക്കുകള്‍ ചൂണ്ടിക്കാട്ടി ഭരണനേട്ടം ആഘോഷിക്കുകയും സാമ്പത്തിക നേട്ടത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഭരണകൂടം രാജ്യത്തിനകത്തെ മനുഷ്യ ജീവിതങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് അപഹാസ്യമാണ്. രാജ്യം എത്ര ബീഫ് കയറ്റുമതി ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല, ഇപ്പേരില്‍ പീഡിപ്പിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന എത്ര മനുഷ്യരെ രക്ഷിച്ചുവെന്നതിനെ ആധാരമാക്കിയാണ് ഭരണനേട്ടം അളക്കേണ്ടത്. ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലാണ്. ഭക്ഷണ രീതികളിലെ വൈവിധ്യം, സാംസ്‌കാരിക വൈവിധ്യം, വിശ്വാസങ്ങളിലെ വൈവിധ്യം- ഇവയെല്ലാം ചേര്‍ന്നതാണ് ഇന്ത്യ. ഈ വൈവിധ്യത്തെ തകര്‍ക്കുന്ന രാഷ്ട്രീയം താത്കാലികമായി ചിലര്‍ക്ക് നേട്ടം നല്‍കിയേക്കാമെങ്കിലും അപകടകരമായ ഭാവിയിലേക്കായിരിക്കും രാജ്യത്തിന്റെ പ്രയാണം.