വെനസ്വേല പ്രസിഡന്റ്നിക്കോളാസ് മദുറോയെ പിടികൂടി (Captured) എന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ദി ട്രൂത്തില്‍ കുറിച്ചത്. പിടികൂടാന്‍ മദുറോ എന്ത് കുറ്റമാണ് ചെയ്തത്? കുറ്റം ചെയ്‌തെങ്കില്‍ തന്നെ “പിടികൂടാന്‍’ ആരാണ് ട്രംപിനെ ഏല്‍പ്പിച്ചത്? ഏത് അന്താരാഷ്ട്ര സംവിധാനത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി? മദുറോയെയും ഭാര്യയെയും വെനസ്വേലക്ക് പുറത്ത് തടവിലാക്കിയെന്നാണ് വിവരം. ഭീകരാക്രമണ പരമ്പരകള്‍ക്കൊടുവില്‍ മദുറോയുടെ ഔദ്യോഗിക വസതിയില്‍ കടന്നുകയറി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ കാരക്കാസിന് നേരെ രൂക്ഷമായ ആക്രമണം നടന്നു. ഏറെ നേരം തലസ്ഥാനത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങളും നിശ്ചലമാക്കി. ഭീകരാക്രമണത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന വിവരങ്ങള്‍ ഇതെഴുതുമ്പോള്‍ പുറത്ത് വന്നിട്ടില്ല. വെനസ്വേലയെന്ന പരമാധികാര രാഷ്ട്രത്തിന്റെ തലസ്ഥാനം ആക്രമിക്കാന്‍ യു എസ് ലോ എന്‍ഫോഴ്‌സ്‌മെന്റ്ചട്ടങ്ങള്‍ തനിക്ക് അധികാരം തരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും മുഅമ്മര്‍ ഗദ്ദാഫിയെ കൊന്ന് അഴുക്കുചാലില്‍ തള്ളിയപ്പോഴും ഇറാന്‍ പ്രസിഡന്റിനെ കോപ്റ്റർ തകര്‍ത്ത് കൊന്നപ്പോഴുമെല്ലാം അതത് കാലത്തെ യു എസ് ഭരണാധികാരികള്‍ ഇതേ ന്യായങ്ങള്‍ തന്നെയാണ് പറഞ്ഞത്. ദേശരാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശവും സുരക്ഷാ സംവിധാനങ്ങളും ഏത് നിമിഷവും അസാധുവാകുമെന്ന മേധാവിത്ത പ്രഖ്യാപനമാണ് ഈ കൊലപാതകങ്ങളെല്ലാം. ഈ ചരിത്രം മുന്നിലുള്ളതുകൊണ്ട് തന്നെയാണ് മദുറോയും സഹധര്‍മിണിയും ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ് വേണമെന്ന് വെനസ്വേല സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.മദുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണ്‍ കോടതിയില്‍ വിചാരണക്ക് വിധേയമാക്കുമെന്നാണ് യു എസ് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി പറയുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അമേരിക്കക്കെതിരെ ഗൂഢാലോചന നടത്തിയെന്നതായിരിക്കും പ്രധാന കുറ്റാരോപണം. നാര്‍ക്കോ- ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, മെഷീന്‍ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തും. മറ്റൊരു രാഷ്ട്രത്തിന്റെ തലവനെ വിചാരണ ചെയ്യാനുള്ള അധികാരപരിധി ഈ കോടതിക്കുണ്ടോയെന്ന ചോദ്യത്തിന് പക്ഷേ, ഉത്തരമില്ല.എന്നേ തുടങ്ങികഴിഞ്ഞ ഏതാനും മാസമായി ട്രംപ് ഭരണകൂടം വെനസ്വേലക്ക് ചുറ്റും ഒരുക്കിയ സന്നാഹങ്ങളുടെ അന്തിമ പ്രയോഗമാണ് ഇപ്പോള്‍ കണ്ടത്. വെനസ്വേല കേന്ദ്രമായി ലോകത്തെ ഏറ്റവും വിപുലമായ മയക്കുമരുന്ന് കാര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആ സംഘം യു എസിലേക്ക് മയക്കുമരുന്ന് കടത്തുകയാണെന്നും തങ്ങളുടെ രാജ്യത്തെ തകര്‍ക്കാനുള്ള പരോക്ഷ യുദ്ധമാണിതെന്നുമുള്ള ന്യായമൊരുക്കിയാണ് സൈനിക സന്നാഹത്തിലേക്ക് ട്രംപ് നീങ്ങിയത്. മയക്കുമരുന്ന് കടത്തുകാരെ “കരയില്‍’ ആക്രമിക്കാന്‍ യു എസ് തയ്യാറെടുക്കുകയാണെന്നാണ് ട്രംപ് ഒടുവില്‍ പറഞ്ഞത്. അട്ടിമറി തീരുമാനിച്ചുകഴിഞ്ഞുവെന്നായിരുന്നു അപ്പറഞ്ഞതിന്റെ അര്‍ഥം. സെപ്തംബര്‍ മുതല്‍ കരീബിയന്‍ കടലിലും പെസഫിക് സമുദ്രത്തിലുമായി യു എസ് രണ്ട് ഡസനിലധികം ആക്രമണങ്ങള്‍ നടത്തിയിരുന്നു. ലക്ഷ്യമിട്ട ബോട്ടുകളില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നതിനോ അവയില്‍ കൊള്ളക്കാര്‍ തന്നെയായിരുന്നുവെന്നതിനോ ഒരു തെളിവും ട്രംപ് ഭരണകൂടം ഇന്നേവരെ പുറത്ത് വിട്ടിട്ടില്ല. സര്‍വ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചായിരുന്നു ഈ ആക്രമണങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്, ആയിരക്കണക്കിന് സൈനികര്‍, എഫ്-35 സൈനിക ജെറ്റുകള്‍. കരീബിയന്‍ മേഖലയില്‍ ട്രംപ് വിന്യസിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധസന്നാഹമാണ്.ഈ സൈനിക സന്നാഹം പെട്ടെന്നുണ്ടായതോ മയക്കുമരുന്ന് ലോബിയെ അടിച്ചമര്‍ത്താനുള്ള ലക്ഷ്യാധിഷ്ഠിത നീക്കമോ ആയിരുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ കുത്തിത്തിരിപ്പുകളുടെ ഒരു ഘട്ടം മാത്രമാണിത്. ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോയെ വകവരുത്താനും ആ രാജ്യം തകര്‍ക്കാനും നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയായി വെനസ്വേലയിലേക്കും അമേരിക്ക ചാരന്‍മാരെ കടത്തിവിട്ടു. മദുറോയുടെ മുന്‍ഗാമിയും കടുത്ത യു എസ് വിരുദ്ധനും രാജ്യത്തിന്റെ എണ്ണ സമ്പത്ത് ദേശസാത്കരിച്ചതടക്കം വിപ്ലവകരമായ ചുവടുവെപ്പുകള്‍ നടത്തിയ നേതാവുമായ ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയ ശേഷം ആരംഭിച്ച ഈ പരോക്ഷ യുദ്ധങ്ങള്‍ മദുറോക്കെതിരെയും തുടരുകയായിരുന്നു. ഇത്തവണത്തെ നൊബേല്‍ സമ്മാന ജേതാവായ മരിയ കൊറീന മച്ചാഡോയുടെ യോഗ്യത എന്തായിരുന്നുവെന്ന് നോക്കിയാല്‍ ഈ രാഷ്ട്രീയ ഭീകരത മനസ്സിലാകും. മദുറോയുടെ വിമര്‍ശകയും വെനസ്വേല പ്രതിപക്ഷ നേതാവുമാണ് മരിയ കൊറീന മച്ചാഡോ. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്നതാണ്. പക്ഷേ, സ്വത്ത് വെളിപ്പെടുത്തിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അയോഗ്യയാക്കി. മദുറോയെ താഴെയിറക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്താകെ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ മരിയയായിരുന്നു. അവരടക്കമുള്ള പ്രതിപക്ഷ നേതാക്കളോട് ഒട്ടും ജനാധിപത്യപരമായല്ല മദുറോ പെരുമാറിയത്. ഈ പ്രക്ഷോഭങ്ങളെല്ലാം അമേരിക്കന്‍ സ്‌പോണ്‍സേര്‍ഡ് ആയിരുന്നുവെന്നും അട്ടിമറി ശ്രമമായി മാത്രമേ കാണാനാകൂവെന്നുമായിരുന്നു മദുറോയുടെ വാദം. മരിയ കൊറീന നൊബേല്‍ പുരസ്‌കാരലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രസംഗത്തിലുണ്ട് മദുറോയുടെ വാദത്തിനുള്ള തെളിവ്. അവര്‍ പറഞ്ഞു: “ഈ പുരസ്‌കാരം ഞാന്‍ വെനസ്വേല ജനതക്കും യു എസ് പ്രസിഡന്റ് ട്രംപിനും സമര്‍പ്പിക്കുന്നു. മദുറോയെന്ന സര്‍വാധികാരി താമസിയാതെ നിലംപതിക്കും. വെനസ്വേല ഈ കെടുതിയില്‍ നിന്ന് രക്ഷപ്പെടും. അതോടെ രാജ്യം ജനാധിപത്യത്തിലേക്ക് സഞ്ചരിക്കും എല്ലാത്തിനും ട്രംപിനോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ എല്ലായ്പ്പോഴും അദ്ദേഹത്തെ ആശ്രയിച്ചിട്ടുണ്ട്’. മരിയ പറഞ്ഞ ആ ആശ്രയം എന്തായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.ബൊളിവര്‍ പാരമ്പര്യംമുഴുവന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും ദേശീയ വികാരത്തിന്റെ പതാക വാഹകനായ സൈമണ്‍ ബൊളിവറിന്റെ നാടാണ് വെനസ്വേല. അദ്ദേഹത്തിന്റെ നെടുനായകത്വമാണ് കൊളംബിയ, വെനസ്വേല, പെറു, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചത്. സാമ്രാജ്യത്വവിരുദ്ധതയുടെ പൊതുവികാരം ഈ രാജ്യങ്ങളിലെല്ലാം കാണപ്പെടുന്നത് ഈ ബൊളിവേറിയന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ വെനസ്വേലയെ മാത്രമല്ല, സോഷ്യലിസ്റ്റ് പാതയില്‍ നീങ്ങിയ സര്‍വ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും അസ്ഥിരമാക്കുകയെന്നത് അമേരിക്കന്‍ ഭരണാധികാരികളുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ അധികാരകാലത്ത് (1999-2013) ഈ ശത്രുത അതിന്റെ പാരമ്യത്തിലെത്തി. അതിന് കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. രാജ്യത്തെ എണ്ണ സമ്പത്ത് അദ്ദേഹം ദേശസാത്കരിച്ചു. സ്വകാര്യ, വിദേശ കമ്പനികളെ മുഴുവന്‍ പുറത്താക്കി. ലാറ്റിനമേരിക്കന്‍ സാമ്പത്തിക സഹകരണത്തിന് കരാറുകളുണ്ടാക്കി. അമേരിക്കയെ നിരന്തരം വെല്ലുവിളിച്ചു. കുതിച്ചുയരുന്ന എണ്ണ വിലയുടെ നല്ല പങ്ക് രാജ്യത്തെ പാവപ്പെട്ട ജനങ്ങളിലെത്തിക്കാന്‍ ഷാവേസിന് സാധിച്ചു. അദ്ദേഹം സൃഷ്ടിച്ചെടുത്ത സവിശേഷമായ സോഷ്യലിസ്റ്റ് മാതൃക വെനസ്വേലയെ സാവധാനം കിടയറ്റ സാമ്പത്തിക ശക്തിയാക്കുകയായിരുന്നു. അമേരിക്കയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന അട്ടിമറി ശ്രമങ്ങളെ അദ്ദേഹം അതിജീവിച്ചു. എണ്ണ സമ്പത്തിന്റെ ദേശസാത്കരണമടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഷാവേസിനെ വന്‍കിട കുത്തക കമ്പനികളുടെയും അതുവഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശത്രുവാക്കി മാറ്റി. ഷാവേസിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ നിക്കോളാസ് മദുറോക്ക് പക്ഷേ, ആ വഴിയില്‍ ഏറെ മുന്നേറാന്‍ സാധിച്ചില്ലെന്നതാണ് സത്യം. 12 വര്‍ഷക്കാലമായി മദുറോ അധികാരത്തിലുണ്ട്. അദ്ദേഹത്തെക്കുറിച്ച് വലിയ വിമര്‍ശങ്ങള്‍ ഉന്നയിക്കാനുമുണ്ട്. യു എസ് ഉപരോധത്തെ മറികടക്കാന്‍ ആദ്ദേഹത്തിന് സാധിച്ചില്ല. റോക്കറ്റ് വേഗത്തില്‍ പണപ്പെരുപ്പം കുതിച്ചു. എണ്ണ സമ്പത്ത് ബുദ്ധിപൂര്‍വം ഉപയോഗിക്കാനുമായില്ല. ഷാവേസിന്റെ നിഴല്‍ മാത്രമായിരുന്നു മദുറോ. അതൊന്നും പക്ഷേ, യു എസിന് ഭീകരാക്രമണം നടത്താനുള്ള ലൈസന്‍സല്ല. അദ്ദേഹം ആ ജനതയുടെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവന്‍ തന്നെയാണല്ലോ. സര്‍വായുധ സജ്ജമായ അമേരിക്കയുടെ ആക്രമണത്തിനിടയിലും ആ ജനത ചെറുത്തുനില്‍ക്കുകയുമാണല്ലോ.എണ്ണ സമ്പത്താണ് പ്രശ്‌നംമദുറോയെന്ന വ്യക്തിയല്ല അമേരിക്കയുടെ ഉന്നം. ആ രാജ്യത്തിന്റെ എണ്ണ സമ്പത്താണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 2023ല്‍ 303 ബില്യണ്‍ ബാരലായിരുന്നു വെനസ്വേലയുടെ ഓയില്‍ റിസര്‍വ്. എന്നാല്‍ അതേ വര്‍ഷം അവര്‍ നാല് ബില്യണ്‍ ഡോളറിന്റെ ക്രൂഡ് മാത്രമേ കയറ്റുമതി ചെയ്തിട്ടുള്ളൂ.പ്രധാനമായും ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണ് ഇതിന് കാരണം. ഈ എണ്ണ സമ്പത്തിലേക്ക് കടന്നു കയറാനാണ് മദുറോയെ അട്ടിമറിച്ച് ഇഷ്ടക്കാരെ അവിടെ വാഴിക്കാന്‍ ശ്രമിക്കുന്നത്. യു എസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും ട്രംപിന്റെ അടുത്തയാളുമായ സ്റ്റീഫന്‍ മില്ലര്‍ കഴിഞ്ഞ മാസം മുന്നോട്ട് വെച്ച വിചിത്ര ഭാവന, “വെനസ്വേലയുടെ എണ്ണ സമ്പത്തിന്റെ ഒരു ഭാഗം യു എസിന് അവകാശപ്പെട്ടതാണ്’ എന്നതായിരുന്നു. ഇങ്ങനെ വായിക്കാം അദ്ദേഹത്തിന്റെ എക്‌സ് കുറിപ്പ്: അമേരിക്കന്‍ വിയര്‍പ്പും വൈദഗ്ധ്യവും കഠിനാധ്വാനവുമാണ് വെനസ്വേലയിലെ എണ്ണ വ്യവസായത്തിന് അടിത്തറ പാകിയത്. പിന്നീട് വന്ന സ്വേച്ഛാധിപതികള്‍ ഈ സമ്പത്ത് കൊള്ളയടിച്ചു. കൊള്ളയടിക്കപ്പെട്ട ആസ്തികള്‍ ഭീകരതക്ക് ധനസഹായം നല്‍കാനും കൊലയാളികളെയും കൂലിപ്പട്ടാളക്കാരെയും മയക്കുമരുന്ന് സംഘങ്ങളെയും കൊണ്ട് അമേരിക്കന്‍ തെരുവുകള്‍ നിറയ്ക്കാനും ഉപയോഗിച്ചു’.മില്ലറുടെ കണ്ടുപിടിത്തത്തിന്റെ ഒരു ഭാഗം ശരിയാണ്. 1922 മുതല്‍ വെനസ്വേലയിലെ എണ്ണ പര്യവേക്ഷണത്തില്‍ യു എസ് മുതല്‍മുടക്കുന്നുണ്ട്. പക്ഷേ, അത് സ്വന്തം എണ്ണക്കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടിയായിരുന്നു. ഈ എണ്ണക്കമ്പനികളെ മുഴുവന്‍ പുറത്താക്കി ഓയില്‍ റിസര്‍വ് ദേശസാത്കരിക്കാന്‍ ഷാവേസും മദുറോയും മുതിര്‍ന്നുവെന്നതാണ് അടിസ്ഥാന പ്രശ്‌നം. വെനസ്വേലയില്‍ യു എസ് മുതലിറക്കിയിട്ടുണ്ടെങ്കില്‍ അപ്പപ്പോള്‍ ലാഭം കൊയ്തിട്ടുമുണ്ട്. ആ ലാഭമൊഴുക്ക് തുടരുക മാത്രമാണ് ഭീകരാക്രമണത്തിന്റെ ലക്ഷ്യം. ജനാധിപത്യ സംസ്ഥാപനം, മയക്കുമരുന്ന് സംഘങ്ങളെ അമര്‍ച്ച ചെയ്യല്‍, സുരക്ഷാ ഭീഷണി തടയല്‍ തുടങ്ങിയ ന്യായങ്ങളെല്ലാം വെറും വാചകമടികളാണ്. ഇറാനിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിലും അമേരിക്കയുടെ കഴുകൻ കണ്ണുകളുണ്ട്. അവിടെ നടക്കുന്ന പ്രക്ഷോഭളും സ്വാഭാവികമല്ല.