വെനസ്വേല പ്രസിഡന്റ്മഡുറോയും ഭാര്യയും യു എസ് പിടിയില്‍; സ്ഥിരീകരിച്ച് ട്രംപ്

Wait 5 sec.

വാഷിങ്ടന്‍  | വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരെയും വിമാന മാര്‍ഗം രാജ്യത്തിനു പുറത്തേക്കു എത്തിച്ചുവെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മികച്ച ആസൂത്രണം ഉണ്ടായിരുന്നുവെന്ന് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.അതേ സമയം രാജ്യം മുഴുവന്‍ സൈന്യത്തെ വിന്യസിക്കാന്‍ വെനസ്വേലന്‍ പ്രതിരോധമന്ത്രി വ്‌ലാഡിമിര്‍ പാഡ്രിനോ ലോപ്പസ് നിര്‍ദേശം നല്‍കി . മഡുറോ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടണമെന്ന് യുഎസ് അധികൃതര്‍.അന്തര്‍ദേശീയ തലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന യുഎസിന്റെ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കയുടെ വെനിസ്വേല ആക്രമണത്തിന് പിന്നിലെ സാഹചര്യം വ്യക്തമാകും.വെനസ്വേലയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച പുലര്‍ച്ചയോടെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. തലസ്ഥാനമായ കാരക്കാസില്‍ അടക്കം വന്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. നിക്കോളാസ് മഡൂറോയെ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ആക്രമണം. കാരക്കാസിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.