‘വെനസ്വേലയിലേത് ഇറാഖിലും ലിബിയയിലും നമ്മൾ കണ്ട അതേ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ ആവർത്തനം’; മന്ത്രി പി രാജീവ്

Wait 5 sec.

വെനസ്വേലയിൽ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ഇറാഖിലും ലിബിയയിലും നമ്മൾ കണ്ട അതേ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ ആവർത്തനമാണെന്ന് മന്ത്രി പി രാജീവ്. ഈ കടന്നാക്രമണം വെനസ്വേലൻ ജനതയുടെ ആത്മാഭിമാനത്തിന് നേരെയുള്ള ആക്രമണമാണെന്നും സ്വതന്ത്രമായ ഒരു ജനതയെയും അവരുടെ ഭരണാധികാരിയെയും കീഴ്പ്പെടുത്താൻ ക്രിമിനൽ സംഘത്തെപ്പോലെ പെരുമാറുന്ന വാഷിംഗ്ടണിലെ ഭരണാധികാരികൾ ജനാധിപത്യത്തിന് കളങ്കമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തടവറയിലാണെങ്കിലും മഡ്യൂറോ ഉയർത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഓരോ വെനസ്വേലൻ തെരുവിലും അലയടിക്കുമെന്നും ഈ അനീതിക്കെതിരെ ലോകം മൗനം വെടിയണമെന്നും മന്ത്രി കുറിച്ചു.ALSO READ: ‘വെനിസ്വേലയ്ക്ക് നേരെയുള്ള യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം; അമേരിക്ക തെമ്മാടിത്ത രാജ്യമായി പെരുമാറുന്നു’; എം എ ബേബിഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:അന്താരാഷ്ട്ര നിയമങ്ങളെയും മാനവികതയെയും നോക്കുകുത്തിയാക്കി ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ അമേരിക്ക തട്ടിക്കൊണ്ടുപോയിരിക്കുന്നു. നിക്കോളാസ് മഡ്യൂറോയെയും ഭാര്യയെയും ബന്ദികളാക്കിയതിലൂടെ തങ്ങൾ ലോകത്തെ ഏറ്റവും വലിയ അധിനിവേശസേനയാണെന്ന് അമേരിക്ക ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കാരക്കാസിൽ അമേരിക്ക നടത്തിയ നേരിട്ടുള്ള ഈ ഭീകരാക്രമണം ജനാധിപത്യം സംരക്ഷിക്കാനല്ല, മറിച്ച് വെനസ്വേലയുടെ മണ്ണിലെ എണ്ണ സമ്പത്ത് കൈക്കലാക്കാൻ വേണ്ടി മാത്രമാണ്. ഇറാഖിലും ലിബിയയിലുമെല്ലാം നമ്മൾ കണ്ട അതേ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ ആവർത്തനമാണിത്.ഹ്യൂഗോ ഷാവേസിനെ നെഞ്ചേറ്റുന്ന വെനസ്വേലയെ തകർക്കാൻ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുകയാണ്. കോടികൾ പണമായി നൽകി ഒറ്റുകാരെ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും നടത്തിയ എല്ലാ ഗൂഢാലോചനകളും മഡ്യൂറോയുടെ പിന്നിലണിനിരന്നുകൊണ്ട് ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ, ഒടുവിൽ അമേരിക്ക നേരിട്ട് യുദ്ധത്തിനിറങ്ങിയിരിക്കുന്നു. സ്വതന്ത്രമായ ഒരു ജനതയെയും അവരുടെ ഭരണാധികാരിയെയും കീഴ്പ്പെടുത്താൻ ക്രിമിനൽ സംഘത്തെപ്പോലെ പെരുമാറുന്ന വാഷിംഗ്ടണിലെ ഭരണാധികാരികൾ ജനാധിപത്യത്തിന് കളങ്കമാണ്. തങ്ങളുടെ രാജ്യം ലോകത്തിന് മുന്നിൽ ഒരു ഭീകരരാഷ്ട്രമായി മാറുന്നതിൽ ഓരോ അമേരിക്കൻ പൗരനും ലജ്ജിക്കേണ്ടി വരുന്ന സാഹചര്യമാണിത്.ഈ കടന്നാക്രമണം വെനസ്വേലൻ ജനതയുടെ ആത്മാഭിമാനത്തിന് നേരെയുള്ള ആക്രമണമാണ്. സൈമൺ ബൊളിവറിന്റെയും ഷാവേസിന്റെയും പിൻഗാമികൾ ആയുധബലത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. തടവറയിലാണെങ്കിലും മഡ്യൂറോ ഉയർത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഓരോ വെനസ്വേലൻ തെരുവിലും അലയടിക്കും. ലാറ്റിനമേരിക്കൻ രാജ്യങ്ങളെ തങ്ങളുടെ കാൽക്കീഴിലാക്കാമെന്ന അമേരിക്കൻ മോഹങ്ങൾക്ക് വിഘാതമായി നിൽക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെ ഇല്ലാതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഈ കിരാത നടപടിക്ക് പിന്നിൽ.ഈ അനീതിക്കെതിരെ ലോകം മൗനം വെടിയണം. ഒരു രാജ്യത്തെയും അവിടെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെയും ഇത്തരത്തിൽ വേട്ടയാടാൻ അമേരിക്കയ്ക്ക് ആരും അധികാരം നൽകിയിട്ടില്ല. കാരക്കാസിലെ ആക്രമണത്തിൽ ഓരോ തുള്ളി രക്തത്തിനും ആഗോള ഭീകരർ മറുപടി പറയേണ്ടി വരും. ഇപ്പോഴും വെനസ്വേലയുടെ പരമാധികാരത്തിനായി പൊരുതുന്നവർക്കൊപ്പമാണീ ലോകം. അതുകൊണ്ടുതന്നെ പൊരുതുന്ന വെനസ്വേലൻ ജനതയ്ക്കൊപ്പം ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധങ്ങൾ ഉയരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.The post ‘വെനസ്വേലയിലേത് ഇറാഖിലും ലിബിയയിലും നമ്മൾ കണ്ട അതേ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ ആവർത്തനം’; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.