മനാമ: കേരളത്തിലുടനീളം വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാപള്ളി നടേശനെ കേരള സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ബഹ്റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നവോത്ഥാനം എന്ന വാക്കിനോട് ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത പോരാണ് വെള്ളപ്പള്ളിയുടെതെന്ന് അദ്ദേഹം പറഞ്ഞു. മലബാറില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടരുന്നതിന് ആരും എതിരല്ല. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാറില്‍ നിന്ന് അത് നേടിയെ ടുക്കുന്നതിന് പകരം മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകനെ അദ്ദേഹം തീവ്രവാദി ആക്കി ചിത്രീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഒരുക്കുന്ന സംരക്ഷക്ഷകവചവും പുകഴ്ത്തലുമാണ് ഇദ്ദേഹത്തിന് വിദ്വേഷ പ്രചാരകനായി വിലസാനുള്ള പ്രോല്‍സാഹനമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറായ റഹീസ് റഷീദിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയും മതം എടുത്തു പറഞ്ഞു അധിക്ഷേപിച്ചും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കാന്‍ ശ്രമം നടത്തുന്ന വെള്ളാപ്പള്ളിക്ക് പ്രചോദനമായി മാറുന്നത് മുഖ്യമന്ത്രിയുടെ തന്നെ നിലപാടാണെന്ന് റസാഖ് പാലേരി പറഞ്ഞു. പരമത വിദ്വേഷത്തിനെതിരെ പോരാട്ടം നയിച്ച ശ്രീനാരായണഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന വ്യക്തിയാണ് ഇസ്ലാമോഫോബിയക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ ചോദ്യം ഉന്നയിച്ച ആളിന്റെ മതവും ചരിത്രവും ദുര്‍വ്യാഖ്യാനിക്കുന്നത് കേരളത്തെ തെറ്റിദ്ധരിപ്പിക്കലാണ്.സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന വെള്ളാപ്പള്ളിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പ്രതികരിക്കാനോ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം സമൂഹത്തെ മലിനമാക്കാന്‍ ബോധപൂര്‍വ്വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ മഹാന്മാരായ ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ഭരണകൂടം ശ്രമിക്കുന്നത്. ഇത്തരം ആസൂത്രിതമായ വംശീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ കേരള ജനതയുടെ ജാഗ്രത്തോടെയുള്ള പ്രതികരണം തദ്ദേശ ഇലക്ഷന്‍ സമയത്തു തന്നെ ജനങ്ങള്‍ ബോധ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളാനും വിദ്വേഷ ശ്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ ദുഷ്പ്രചരണങ്ങളെയും അതിജീവിച്ച് വെല്‍ഫയര്‍ പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ജനക്ഷേമ നിലപാടുകള്‍ക്കും സാഹോദര്യ രാഷ്ട്രീയത്തിനും കേരളജനത നല്‍കിയ അംഗീകാരമാണെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു. കേരളീയ സമൂഹം കാലങ്ങളായി പൂലര്‍ത്തി വരുന്ന സഹവര്‍ത്തിത്വവും സാഹോദര്യവും പോഷിപ്പിക്കാനും ജനപക്ഷ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകാനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.The post വെള്ളാപള്ളിയെ നവോത്ഥാന സമതി ചെയര്മാന് സ്ഥാനത്തുനിന്ന് പുറത്താക്കണം; റസാഖ് പാലേരി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.