തൃശൂര്‍| വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വോട്ട് കോഴ ആരോപണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സമര്‍പ്പിക്കും. വടക്കാഞ്ചാരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫറിന്റെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. ജാഫര്‍ കൈക്കൂലി വാങ്ങിയതായി നിലവില്‍ വിജിലന്‍സിന് തെളിവ് ലഭിച്ചിട്ടില്ല. കേസെടുത്തുള്ള അന്വേഷണത്തിന് നിയമസാധ്യത പരിശോധിച്ച ശേഷമാവും വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ലക്ഷം രൂപ സിപിഐഎം ജാഫറിന് വാഗ്ദാനം ചെയ്തതായുള്ള ഓഡിയോ പുറത്തുവന്നിരുന്നു. ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു സംഭാഷണം. ഓഡിയോ പുറത്തുവന്നതിനു പിന്നാലെ മുന്‍ എംഎല്‍എ അനില്‍ അക്കര വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.അതേസമയം ജാഫര്‍ താനുമായി സംസാരിച്ച സംഭാഷണ രേഖയാണ് പുറത്തുവന്നതെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഫോണിലൂടെ തമാശയായി പറഞ്ഞ കാര്യം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വിശദീകരണം.