വെറുപ്പിനെതിരെ സ്‌നേഹത്തിന്റെ സുല്‍ത്താനേറ്റ്

Wait 5 sec.

.anoopanuragam@gmail.comകഴിഞ്ഞ കുറച്ച് ദിവസമായി കേരളീയ പൊതുസമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന മുസ്‌ലിം മതപണ്ഡിതനിലേക്ക് കേന്ദ്രീകരിക്കപ്പെട്ടെങ്കില്‍ അതിന്റെ കാരണം അതിലളിതമാണ്. വിവിധ മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍, വിശ്വാസമേ ഇല്ലാത്ത മനുഷ്യര്‍, മനുഷ്യത്വം അവശേഷിക്കുന്നവര്‍ എല്ലാവരും ഒരുമിച്ച് ഒരു മനുഷ്യനെ ഒരേ സ്വരത്തില്‍ പ്രകീര്‍ത്തിക്കുന്നുണ്ടെങ്കില്‍, അതിനകത്ത് അതിയായ അത്ഭുതങ്ങള്‍ ഒന്നും തന്നെയില്ല. യമന്‍ എന്ന രാഷ്ട്രത്തിന്റെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം, നമ്മുടെ രാഷ്ട്രത്തിന്റെ നയതന്ത്ര ഇടപെടലുകളെല്ലാം തോറ്റുപോയ ഒരു സ്ഥലത്തിലും സന്ദര്‍ഭത്തിലുമാണ്, നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന കേരളീയ മുസ്‌ലിം പണ്ഡിതന്‍ നടത്തുന്ന ശ്രമങ്ങള്‍ സാര്‍ഥകമാകുന്നത് എന്നത് കൂടി ഓര്‍ക്കണം. കാന്തപുരം ഉസ്താദിനെ സംബന്ധിച്ച് ഇത് പോലെ ഇതിന് മുമ്പും ഇത്തരം നിരവധി പരിശ്രമങ്ങള്‍ നിശബ്ദമായി തന്നെ നടത്തിയിട്ടുണ്ട്. അതേസമയം, ഇതിപ്പോള്‍ കേരളം വ്യാപകമായി ആഘോഷിക്കുന്നുണ്ടെങ്കില്‍, അത് നിലവില്‍ കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ കൊണ്ട് തന്നെയാണ്.ഒരു സമൂഹം എന്ന നിലയില്‍ കേരളം സമാനതകളില്ലാത്ത മുസ്‌ലിംവിരുദ്ധ വെറുപ്പിലൂടെയാണ് സമീപകാലത്ത് കടന്ന് പോകുന്നത് എന്ന യാഥാര്‍ഥ്യം എല്ലാവരുടെയും മുമ്പില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ലാന്‍ഡ് ജിഹാദ് മുതല്‍ ലവ് ജിഹാദ് വരെയുള്ള ദുരാരോപണങ്ങളാല്‍ പൊതു അന്തരീക്ഷം മലീമസമായിട്ട് കാലങ്ങളായി. മുസ്‌ലിംകളെ ഒരു സങ്കുചിത സമുദായമായി ചിത്രീകരിക്കാനുള്ള ആസൂത്രിത പരിശ്രമങ്ങള്‍ സ്ഥാപിത താത്പര്യക്കാര്‍ വ്യാപകമായും നിഗൂഢമായും നടത്തുന്നുണ്ട്. നാളിത് വരെ പരസ്പര വിദ്വേഷത്തിന്റെ ഒരു കണിക പോലും ഇല്ലാതെ സഹവര്‍ത്തിത്വത്തോടെ സഹവസിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ഇടയില്‍ ആഴത്തിലുള്ള അകല്‍ച്ചകള്‍ സൃഷ്ടിക്കാനും സംഘടിത യത്‌നങ്ങള്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാടായി. അത്തരം ദുരാഗ്രഹങ്ങള്‍ കൊണ്ട് നടക്കുന്നവര്‍ നിമിഷപ്രിയ സംഭവവും അതിനെ ആളിക്കത്തിക്കാനുള്ള ഉപകരണമാക്കാന്‍ ശ്രമിക്കുന്നത് തികച്ചും സ്വാഭാവികമാണ്. നിമിഷപ്രിയ എന്ന ക്രിസ്ത്യന്‍ യുവതി, ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ വെച്ച് വധശിക്ഷക്ക് വിധേയമാക്കപ്പെട്ടാല്‍ അത് കേരളത്തിലടക്കം മുസ്‌ലിം വെറുപ്പിന്റെ ആഴം വര്‍ധിപ്പിക്കുമെന്ന് ആരെക്കാളും അവര്‍ക്ക് അറിയാം. അത്തരം പ്രചാരണങ്ങള്‍ ഒരു വര്‍ഷം മുമ്പ് തന്നെ അത്തരക്കാര്‍ തുടക്കം കുറിച്ചതും അതുകൊണ്ടാണ്. ഇപ്പോള്‍ ആ വിദ്വേഷ പ്രചാരണങ്ങളുടെ വിറകടുപ്പുകളിലേക്ക് തന്നെയാണ് കാന്തപുരം ഉസ്താദ് വെള്ളം കോരി ഒഴിച്ചിരിക്കുന്നത്.ആധുനിക ദേശരാഷ്ട്രവും അതിലെ സംവിധാനങ്ങളും ഇടപെടാന്‍ കഴിയാതെ നിസ്സഹായമായി നിന്ന ഇടത്ത്, ഒരു മലയാളി മുസ്‌ലിം പണ്ഡിതന്‍ നടത്തുന്ന ഇടപെടല്‍ ആയി തന്നെ വേണം കാന്തപുരം ഉസ്താദ് നിമിഷപ്രിയ വിഷയത്തില്‍ നടത്തുന്ന പരിശ്രമങ്ങളെ കാണാന്‍. കേന്ദ്രസര്‍ക്കാറിന് നിമിഷപ്രിയയുടെ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് സുപ്രീം കോടതിയെ അറിയിച്ചത് സര്‍ക്കാറിന്റെ അറ്റോർണി ജനറല്‍ തന്നെയാണ്. അങ്ങനെ സര്‍ക്കാറുകള്‍ പരാജയപ്പെട്ട ഇടത്താണ്, അനുയായികള്‍ സുല്‍ത്വാനുല്‍ ഉലമ എന്ന് വിളിക്കുന്ന അഭിവന്ദ്യനായ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍. അജ്മീറിലെ ഖാജയെ സുല്‍ത്വാനുല്‍ ഹിന്ദ് (ഇന്ത്യയുടെ സുല്‍ത്വാന്‍) എന്നാണ് വിളിക്കുന്നത് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. അതായത് അടിമ രാജവംശം മുതല്‍ നിരവധി സുല്‍ത്താനേറ്റുകള്‍ രാജ്യത്തെ ഭരിച്ചപ്പോഴും, അതിനേക്കാള്‍ ഒക്കെ ഉപരിയായി ഭൗതിക അധികാരവുമായി ബന്ധമില്ലാത്ത സ്‌നേഹത്തിന്റെ സുല്‍ത്താനേറ്റുകളാണ്, രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തിയത് എന്ന് ചരിത്രത്തില്‍ ഉടനീളം കാണാം. അധികാരം പ്രവര്‍ത്തിക്കുന്നിടത്തും അധികാരം അവസാനിക്കുന്നിടത്തും സൂഫികള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഭരണകൂടത്തിന് തന്നെ സുപ്രീം കോടതിയില്‍ പറയേണ്ടി വന്നിരിക്കുന്നത്, യമനിലെ ഒരു സൂഫി പണ്ഡിതന്‍ നടത്തുന്ന നീക്കങ്ങളിലാണ് പ്രതീക്ഷ എന്നാണ്. അതായത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം നിശ്ചലമായ ഇടത്താണ്, രണ്ട് സൂഫികള്‍ തമ്മിലുള്ള ഹൃദയബന്ധം നിര്‍ണായകമാകുന്നത്.നിമിഷപ്രിയ വിഷയത്തില്‍ കാന്തപുരം ഉസ്താദ് നടത്തിയ പരിശ്രമങ്ങളില്‍ സുമനസ്സുകള്‍ മുഴുവന്‍ സന്തോഷിക്കുമ്പോഴും, അതില്‍ അസ്വസ്ഥരാകുന്ന ആളുകളും ഉണ്ട് എന്ന് കാണാതിരിക്കാനാകില്ല. അവര്‍ ഉയര്‍ത്തിയ ഏത് തരം ആരോപണങ്ങളെയും എല്ലാവരും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതേസമയം, അതിലും ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്, നിമിഷപ്രിയ വിഷയത്തില്‍ ഇടപെടാതെ അതിന്റെ ക്രെഡിറ്റെടുക്കാന്‍ കാന്തപുരം ഉസ്താദ് പരിശ്രമിക്കുന്നു എന്ന അങ്ങേയറ്റത്തെ ദുരാരോപണം. യഥാര്‍ഥ വസ്തുതകളെ സംബന്ധിച്ച് അറിവുള്ള ആളെന്ന നിലക്ക്, ആ കാര്യങ്ങള്‍ ഈ കുറിപ്പിലൂടെ തന്നെ പൂര്‍ണമായും പൊതുജനമധ്യത്തില്‍ എത്തേണ്ടതുണ്ട് എന്ന് കരുതുന്നു. ഒരു ഘട്ടത്തിലും നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ടതിന്റെ ക്രെഡിറ്റ് സ്വന്തമാക്കണമെന്ന് കാന്തപുരം ഉസ്താദോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. നിമിഷപ്രിയയുടെ വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദ് നടത്തുന്ന നിശബ്ദ നീക്കങ്ങള്‍ ആദ്യമായി പുറത്തെത്തുന്നത് ലേഖകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. അതിന് പ്രേരിപ്പിച്ചതാകട്ടെ, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്താനുള്ള വ്യാപക പരിശ്രമങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍, നിമിഷപ്രിയ എന്ന ക്രിസ്ത്യന്‍ സഹോദരിയുടെ ജീവന് വേണ്ടി ഒരു മുസ്‌ലിം പണ്ഡിതന്‍ നടത്തുന്ന പരിശ്രമങ്ങളുടെ വ്യാപ്തി പുറംലോകം അറിയേണ്ടതുണ്ടെന്ന നിര്‍ബന്ധ ബുദ്ധിയും. വധശിക്ഷ മരവിപ്പിച്ച ഉത്തരവ് പുറത്തുവന്ന അവസാന ഘട്ടത്തില്‍ മാത്രമാണ്, കാന്തപുരം ഉസ്താദ് മാധ്യമങ്ങളോട് പോലും സംസാരിക്കാന്‍ തയ്യാറായത്. കാര്യങ്ങള്‍ ഇതായിരിക്കെ, കാന്തപുരം ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്നു എന്ന് വാദിക്കുന്നവരുടെ ദുഷ്ടലാക്ക് വ്യക്തമാണ്. ഈ നിമിഷത്തിലും, ഒന്നിന്റെയും ക്രെഡിറ്റ് അദ്ദേഹത്തിന് ആവശ്യമില്ല. ആത്യന്തികമായ ക്രെഡിറ്റ് നല്‍കേണ്ടത് അല്ലാഹു ആണെന്ന് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്, മറ്റെല്ലാം അപ്രസക്തമാണ്. അതേസമയം, വന്ദ്യവയോധികനായ ഒരു മനുഷ്യന്‍ നടത്തുന്ന പരിശ്രമങ്ങളെ ശ്ലാഘിച്ചില്ലെങ്കിലും, അദ്ദേഹം അപമാനിക്കപ്പെടരുത് എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത നമ്മള്‍ എല്ലാവരുടെതും ആണ്. കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോടൊപ്പം തന്നെ നില്‍ക്കേണ്ടതുണ്ട് എന്ന് മാത്രമാണ് ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളത്.