മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. വി എസിൻ്റെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണിയോടെ എ കെ ജി സെൻ്ററിലേക്ക് കൊണ്ടുപോകും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് തിരിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. വൈകീട്ട് വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തുവാൻ തീരുമാനിച്ചതായും എം വി ഗോവിന്ദൻ അറിയിച്ചു.ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരവെയാണ് അന്ത്യം.വി എസ്സിന്റെ വേർപാട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അഴിമതിക്കും അധർമ്മത്തിനുമെതിരെ പോരാടിയ നേതാവാണ് വി എസ് എന്ന് എം വി ജയരാജൻ പ്രതികരിച്ചു. വി എസ് ജീവിച്ചിരുന്ന ഒരു ഇതിഹാസമായിരുന്നു എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ബൃന്ദ കാരാട്ട് വിഎസ് ചരിത്രം സൃഷ്ടിച്ചു. അദ്ദേഹം ജീവിച്ചിരുന്ന ഒരു ഇതിഹാസമായിരുന്നു. അദ്ദേഹം രാജ്യത്തുടനീളം കേരളത്തിലും നീതിക്കായി പോരാടി. അദ്ദേഹം ഒരു പോരാളിയായിരുന്നു. പാവങ്ങൾക്ക് വേണ്ടി ചൂഷണങ്ങൾക്കെതിരെ പോരാടിയ പോരാളി. അദ്ദേഹം പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നാണ് വന്നത്. അനുഭവങ്ങൾ പാഠമാക്കി പാവങ്ങൾക്ക് വേണ്ടി പോരാടി. ഞങ്ങൾക്കെല്ലാം അദ്ദേഹം വലിയൊരു പ്രചോദനമായിരുന്നു. ഒരു തികഞ്ഞ പോരാളി തന്നെയായിരുന്നു.അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയാണ് വിഎസ് എന്ന് എംവി ഗോവിന്ദൻ അനുസ്മരിച്ചു.എംവി ഗോവിന്ദൻഇടവേളകളില്ലാത്ത സമരമാണ് വിഎസ്. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വിഎസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വിഎസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഊർജ്ജമാണ് സഖാവ്. തലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നത്.രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട ജനകീയ മുഖമായിരുന്നു വിഎസ് എന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ അനുസ്മരിച്ചു.കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർവിഎസിന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുൾപ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോൾ മർകസ് സന്ദർശിക്കുകയും ചെയ്തു. സച്ചാർ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ സാധ്യമാക്കുകയും ചെയ്ത പാലൊളി കമ്മിറ്റി അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സർവകലാശാല സെന്റർ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സാക്ഷാത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റു പലയിടത്തും അത് പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നത് വസ്തുതയാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്‌ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്.വി എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾമുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണ്. വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ മ്യൂല്യച്യുതിയുണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വരമുയര്‍ത്തി. സി.പി.ഐ.എമില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള ഒരു പ്രവര്‍ത്തകനായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ സ്‌നേഹജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. സമര നായകന് ആദരാഞ്ജലികള്‍.