മത്സ്യ കച്ചവടത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടി തട്ടിയ കേസ്: ഒരാള്‍ അറസ്റ്റില്‍

Wait 5 sec.

പത്തനംതിട്ട | മത്സ്യ കച്ചവടത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം രൂപയും, 166 ഗ്രാം സ്വര്‍ണവും കബളിപ്പിച്ചെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി മല്ലപ്പള്ളി പെരുമ്പെട്ടി ചാമക്കാലയില്‍ വീട്ടില്‍ റമീസ് റഹ്മാനെ (30) ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. മെഴുവേലി തുമ്പമണ്‍ നോര്‍ത്ത് ഞാവാലിക്കോട് ചക്കാലമണ്ണില്‍ ബിന്നി മാത്യുവിന്റെ ഭാര്യ ലീന വര്‍ഗീസി (54)ന്റെ മൊഴിപ്രകാരം ഇന്നലെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2023 ജനുവരി ഒന്നുമുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.കേസിലെ രണ്ടാം പ്രതി റമീസ് റഹ്മാന്റെ ഭാര്യ ഷാനി മോളും മൂന്നാം പ്രതി ഇയാളുടെ പിതാവ് അബ്ദുറഹ്മാന്‍ കുട്ടിയും നാലാം പ്രതി പെരുമ്പെട്ടി സ്വദേശി ദിലീപ് ലാലുമാണ്. കുടിമത്സ്യ വ്യാപാരം നടത്തി ലാഭമുണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2023 മുതലുള്ള കാലയളവില്‍ പണവും സ്വര്‍ണവും അടക്കം 1,68,59,581 രൂപ തട്ടിയെടുത്ത പ്രതികള്‍, തിരികെ കൊടുക്കാതെ വന്നപ്പോള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദത്താല്‍ ബിന്നി മാത്യു ജൂണ്‍ 30 ന് ജീവനൊടുക്കിയിരുന്നു.ബിസിനസിന്റെ പേരില്‍ 2023 ജനുവരി ഒന്ന് മുതലുള്ള കാലയളവില്‍ ഇലവുംതിട്ടയിലെ എസ് ബി ഐ, കനറ, പത്തനംതിട്ട ഇസാഫ് എന്നീ ബേങ്കുകളിലെ ബിന്നിയുടെ അക്കൗണ്ടുകളില്‍ നിന്നും, 1,54,59,581 രൂപ പ്രതികള്‍ കബളിപ്പിച്ച് കൈക്കലാക്കി. കൂടാതെ, 166 ഗ്രാം സ്വര്‍ണവും തട്ടിയെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ബിന്നിയുടെ ബേങ്ക് ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പോലീസ് ലഭ്യമാക്കിയിരുന്നു. ഇസാഫ് ബേങ്കിലെ ബിന്നിയുടെ ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ 2023 ഫെബ്രുവരി 18 നും 2025 മാര്‍ച്ച് 22 നുമിടയില്‍ ഒന്നാം പ്രതിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് 52, 18,700 രൂപ കൈമാറ്റപ്പെട്ടതായി കണ്ടെത്തി. എസ് ബി ഐ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ 99,72,211 രൂപയും ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായി വ്യക്തമായി.അതേസമയം, രണ്ടും മൂന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്കായി എസ് ബി ഐ, ഇസാഫ് ബേങ്ക് അക്കൗണ്ടുകളില്‍ നിന്നും 30,19,990 രൂപയും കൈമാറ്റം ചെയ്യപ്പെട്ടതായി അന്വേഷണത്തില്‍ വെളിപ്പെട്ടു. തുടര്‍ന്ന് ഒന്നാം പ്രതി റമീസ് റഹ്മാനെ ഇന്നലെ രാത്രി എട്ടിന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ശേഷം പത്ത് മണിയോടെ അറസ്റ്റ് ചെയ്തു. ബിസിനസ് നഷ്ടവും സാമ്പത്തിക പ്രശ്‌നവും മൂലമുള്ള മനോവിഷമത്താല്‍ ജൂണ്‍ 30 ന് രാവിലെ വീടിനു പിന്നിലെ സ്റ്റെയര്‍ കേസില്‍ പ്ലാസ്റ്റിക് കയറില്‍ ബിന്നി തൂങ്ങിമരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. വിശ്വാസവഞ്ചന നടത്തി തട്ടിപ്പ് നടത്തിയ കേസില്‍ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.