വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസ്; സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളേയും കെ എസ് ഇ ബി ഉദ്യോഗസ്ഥരേയും പ്രതിചേര്‍ക്കും

Wait 5 sec.

കൊല്ലം | വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസില്‍ പോലീസ് സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളേയും കെ എസ് ഇ ബി ഉദ്യോഗസ്ഥരേയും പ്രതിചേര്‍ക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ക്കെതിരെയും കേസെടുക്കും. കേസ് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി യോഗത്തിന്റെ മിനിറ്റ്‌സ് ബുക്ക് ശേഖരിച്ച പോലീസ് വിവിധ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തു. മിഥുന്റെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും. മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി കമ്പികള്‍ ശനിയാഴ്ച രാത്രി അഴിച്ചുമാറ്റിയിരുന്നു. മൈനാഗപ്പള്ളി കെ എസ് ഇ ബി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി. സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡിന് മുകളിലൂടെ വലിച്ചിരുന്ന ത്രീ ഫേസ് ലൈനാണ് അഴിച്ചത്. കഴിഞ്ഞദിവസം സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി കമ്പി എത്രയും വേഗം അഴിച്ചു മാറ്റാന്‍ അപേക്ഷ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നടപടി.വ്യാഴാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കവേയാണ് സൈക്കിള്‍ ഷെഡിന്റെ മേല്‍ക്കൂരയില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ മിഥുന്‍ താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. ആയിരങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങി ഇന്നലെ നാലരയോടെയാണ് വീട്ടുവളപ്പില്‍ മിഥുന്റെ സംസ്‌കാരം നടന്നത്.