ഇന്ത്യൻ എയർ ഫോഴ്സിൽ 4 വർഷത്തെ താത്കാലിക നിയമനമായ അഗ്നിവീർ വായു 2026 തസ്തികയിലേക്ക് ഇന്ത്യൻ എയർ ഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു . അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2025 ജൂലൈ 31 ആണ് . 2005 ജൂലൈ 2 മുതൽ 2009 ജനുവരി 2 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം. അവിവാഹിതർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്നവർ ജോലിയിലിരിക്കുന്ന നാല് വർഷം വിവാഹം കഴിക്കില്ലെന്ന് സാക്ഷ്യപത്രം നൽകണം. സയൻസ് വിഭാഗത്തിൽ ഗണിതം ,ഫിസിക്‌സ് , കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ചു 10 +2 വിജയിച്ചവർക്കും 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. സയൻസിതര വിഭാഗത്തിൽ അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ +2 വിജയിച്ചാൽ മതി. യോഗ്യത പരീക്ഷയിൽ മൊത്തത്തിലും ഇംഗ്ലീഷിൽ പ്രത്യേകമായും 50 % മാർക്ക് നേടിയിരിക്കണം.ആവശ്യമായ ശാരീരിക അളവുകൾ പുരുഷന്മാർക്ക് ചുരുങ്ങിയത് 152 സെന്റിമീറ്റർ ഉയരം വേണം .സ്ത്രീകൾക്കും കുറഞ്ഞ ഉയരം 152 സെന്റിമീറ്റർ ആണെങ്കിലും ,ചില സംസ്ഥാനങ്ങളിലുള്ളവർക്കു കുറഞ്ഞ ഉയരത്തിൽ ഇളവുണ്ട് .ഭാരം പ്രായത്തിനും ഉയരത്തിനും ആനുപാതികമായിരിക്കണം പുരുഷന്മാർക്ക് നെഞ്ചളവ് 77 സെന്റിമീറ്റർ വേണം . 5 സെന്റിമീറ്റർ വികസിപ്പിക്കാനും കഴിയണം . സ്ത്രീകൾക്ക് നെഞ്ചളവ് ശരീരപ്രകൃതിക്കു ആനുപാതികമായിരിക്കണം . 5 സെന്റിമീറ്റർ വികസിപ്പിക്കാൻ സ്ത്രീകൾക്കും കഴിയണം . കേൾവി ശക്തിയിൽ തകരാറുകൾ ഉണ്ടാവാൻ പാടില്ല . ആരോഗ്യമുള്ള മോണകളും പല്ലുകളും ആയിരിക്കണം. എയർ ഫോഴ്‌സിന്റെ നിലവാരമനുസരിച്ച പൊതു ആരോഗ്യ സ്ഥിതി ഉണ്ടായിരിക്കണം . ഏതെങ്കിലും തരത്തിലുള്ള വൈരൂപ്യങ്ങളോ ,വൈകല്യങ്ങളോ , ത്വക്ക് രോഗങ്ങളോ , സാംക്രമിക രോഗങ്ങളോ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല . ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗവും അയോഗ്യതയാണ് . . ശാരീരിക യോഗ്യതകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.ശമ്പളം ,ആനുകൂല്യങ്ങൾഅഗ്നിവീർ നിയമമനുസരിച് 4 വർഷത്തേക്കാണ് നിയമനം . 4 വർഷത്തിന് ശേഷം എയർ ഫോഴ്സിന് ആവശ്യമെങ്കിൽ ഇവരെ സ്ഥിര നിയമനത്തിന് പരിഗണിച്ചേക്കാം . അഗ്നിവീറുകൾക്കു ഈ നിയമനത്തിന് അവകാശവാദം ഉന്നയിക്കാനാവില്ല . നിയമനം ലഭിക്കുന്നവർക്ക് നിയമ പ്രകാരമുള്ള അവധികളും , മെഡിക്കൽ ആനുകൂല്യങ്ങളും ലഭിക്കും . യാത്ര അലവൻസ്, ഡ്രസ്സ് അലവൻസ് ,റിസ്ക് അലവൻസ് തുടങ്ങി മറ്റു ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാവും . ആദ്യ വര്ഷം 30000 രൂപയും, രണ്ടാം വര്ഷം 33000 രൂപയും , മൂന്നാം വര്ഷം 365000 രൂപയും, നാലാം വര്ഷം 40000 രൂപയും നിശ്ചിത മാസ ശമ്പളം ലഭിക്കും . മറ്റു അലവൻസുകൾ ഇതിനു പുറമെയാണ് .നിശ്ചിത ശമ്പളത്തിൽ നിന്ന് 30 ശതമാനം അഗ്നിവീർ കോർപസ് ഫണ്ടിലേക്ക് നീക്കി വെച്ചു ബാക്കി ശമ്പളം മാത്രമേ മാസാന്തം വിതരണം ചെയ്യുകയുള്ളൂ . 30 ശതമാനം സർക്കാർ വിഹിതവും ചേർത്ത് 10.04 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി ലഭിക്കും.മറ്റു റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്കൊന്നും അർഹതയുണ്ടായിരിക്കില്ലസെലക്‌ഷൻമൂന്ന് ഘട്ടങ്ങളായിട്ടാണ് സെലക്ഷൻ നടക്കുക . ഒന്നാം ഘട്ടത്തിൽ സി ബി എസ് ഇ +2 നിലവാരത്തിലുള്ള ഫിസിക്‌സ് , മാത്തമാറ്റിക്സ് , ഇംഗ്ലീഷ് , റീസണിങ് ആൻഡ് ജനറൽ അവയർനെസ്സ് എന്നീ വിഷയങ്ങൾ അടങ്ങിയ ഓൺലൈൻ പരീക്ഷയാണ് . തെറ്റായ ഉത്തരങ്ങൾക്കു മൈനസ് മാർക് ഉണ്ടാവും . ഈ പരീക്ഷയിൽ നിശ്ചിത മാർക് നേടുന്നവർ രണ്ടാം ഘട്ടത്തിന് അർഹരാവും. രണ്ടാം ഘട്ടത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടാവും. ഈ ടെസ്റ്റ് വിജയിക്കുന്നവർ അഡാപ്റ്റിബിലിറ്റി ടെസ്റ്റും അഭിമുഖീകരിക്കണം. അഡാപ്റ്റിബിലിറ്റി ടെസ്റ്റു വിജയിക്കുന്നവർ മൂന്നാം ഘട്ടമായ മെഡിക്കൽ ടെസ്റ്റിന് വിധേയരാവും. മെഡിക്കൽ ടെസ്റ്റും വിജയിക്കുന്നവരെയാണ് 2026 മെയ് 15 നു പ്രസിദ്ധീകരിക്കുന്ന പ്രൊവിഷണൽ സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ശേഷിക്കുന്ന ഔപചാരികതകൾ പൂർത്തിയാക്കി സെലക്ട് ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് 2026 ജൂൺ 1 നു പ്രസിദ്ധീകരിക്കും.അപേക്ഷhttps://agnipathvayu.cdac.in വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താമസിക്കുന്ന സ്ഥലം തെളിയിക്കുന്ന ഡോമിസൈൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പിന്നീട് മാറ്റം അനുവദിക്കുന്നതല്ല. സെലക്ട് ചെയ്യപ്പെടുന്നവരുടെ ലിസ്റ്റ് സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. ഡോമിസൈൽ സര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അതാത് സംസ്ഥാന ലിസ്റ്റിലാണ് അപേക്ഷകൻ ഉൾപ്പെടുക. ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം പത്താം ക്ലാസ് പാസ് ആയതിന്റെ രേഖ, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, +2 / ഡിപ്ലോമ മാർക്ക് ലിസ്റ്റ് , നിശ്ചിത അളവിലുള്ള അപേക്ഷകന്റെ ഫോട്ടോ , ഇടത്തെ തള്ളവിരലടയാളത്തിന്റെയും ഒപ്പിന്റെയും കോപ്പി, അപേക്ഷകന് 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കിൽ രക്ഷിതാവിന്റെ ഒപ്പിന്റെ കോപ്പി എന്നിവയും അപ്‌ലോഡ് ചെയ്യണം. ഫോട്ടോ എടുക്കുന്നതിന് ചില കർശന നിബന്ധനകൾ ഉണ്ട് .അത് നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. 550 രൂപയാണ് അപേക്ഷ ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നീ മാര്ഗങ്ങളിലൂടെ ഫീസ് അടക്കാം പണമടച്ചതിന്റെ രേഖ പ്രിന്റ് ചെയ്തു സൂക്ഷിക്കുന്നത് അഭികാമ്യമാണ്.രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനു അപേക്ഷകർക്ക് സ്വന്തമായി ഇ മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ആധാർ നമ്പർ അപേക്ഷയിൽ രേഖപ്പെടുത്തണം. ഒന്നാം ഘട്ട ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ 5 എണ്ണം മുൻഗണന ക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തണം. രണ്ടാം ഘട്ട ടെസ്റ്റുകൾക്കു അനുവദിക്കപ്പെടുന്ന കേന്ദ്രത്തിൽ തന്നെ എത്തിച്ചേരണം. റിക്രൂട്ട്മെന്റ് ഘട്ടത്തിൽ താമസവും യാത്രയുമടക്കമുള്ള മുഴുവൻ ചിലവുകളും അപേക്ഷകർ സ്വയം വഹിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക