കൊയിലാണ്ടി | കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിൽ 1009 പോയൻ്റുകളുമായി നാദാപുരം ഡിവിഷൻ ജേതാക്കളായി. കുറ്റ്യാടി, പേരാമ്പ്ര ഡിവിഷനുകൾ 710, 636 പോയിൻ്റുകൾ നേടി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മറ്റു ഡിവിഷനുകളുടെ പോയിൻ്റുകൾ: കൊയിലാണ്ടി 546, ആയഞ്ചേരി 537, വടകര 318, നടുവണ്ണൂർ 273. കൊയിലാണ്ടി ബസ് സ്റ്റാൻ്റിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്ത്രണ്ട് വേദികളിലായി 170 മത്സര ഇനങ്ങളിൽ ഏഴ് ഡിവിഷനുകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ചു.സമാപന സംഗമം സയ്യിദ് സൈൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപള്ളി ഉദ്ഘാടനം ചെയ്തു. ശരികളുടെ പ്രചാരണത്തിന് സാഹിത്യം വഹിക്കുന്ന പങ്ക് വലുതാണെന്നും ആ ദൗത്യനിർവ്വഹണത്തിനുള്ള പരിശീലന കളരിയെന്ന നിലയിൽ സാഹിത്യോത്സവ് അനിവാര്യമായ സാമൂഹ്യ പ്രവർത്തനമാണെന്നും അദ്ധേഹം പറഞ്ഞു.സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് വൈ എസ് മുൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി പ്രതിഭകളെ അനുമോദന പ്രഭാഷണം നടത്തി. എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സി കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു.ടി കെ അബ്ദുറഹ്മാൻ ബാഖവി, ജി അബൂബക്കർ, ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ , മുനിസിപ്പൽ കൗൺസിലർ എ. അബ്ദുൽഅസീസ്, ബഷീർ സഖാഫി കൈപ്രം, സി എ അഹമ്മദ് റാസി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ഹകീം ഹാറൂനി സ്വാഗതവും ഷിയാദ് അഴിയൂർ നന്ദിയും പറഞ്ഞു.