2025 ജൂലൈ 21 വൈകുന്നേരം 3.20ന് കേരളത്തിന്റെ സമരാവേശത്തിന്റെ ഘടികാരം നിലച്ചു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ രാഷ്ട്രീയകേരളത്തിന്റെ വി എസ് അനശ്വരതയിലേക്ക് മടങ്ങി. പിന്നീടങ്ങോട്ട് കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട പോരാളിക്ക് സമാനതകളില്ലാത്ത വിധം സ്നേഹത്തിൽ പൊതിഞ്ഞ യാത്രയയപ്പ് സംസ്ഥാനം നൽകുന്ന കാഴ്ചയ്ക്ക് ഈ ലോകം സാക്ഷ്യം വഹിച്ചു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ അമരക്കാരന് കേരളം കണ്ണും കരളും ഹൃദയവുമെല്ലാം നൽകി യാത്രയാക്കി.തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ നിന്ന് വി എസുമായി എത്തിയ ആംബുലൻസ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് മുന്നിലേക്ക് എത്തുന്ന മാത്രയിൽ ‘കണ്ണേ കരളേ വി എസ്സേ..’ എന്ന മുദ്രാവാക്യം ഒരു ഇടിമുഴക്കം പോലെ ഉയർന്ന് കേട്ടു, തൊഴിലാളികളുടേയും പാവപ്പെട്ട ജനവിഭാഗങ്ങളുടേയും നേതാവിന്റെ കാലഘട്ടത്തിൽ ജീവിക്കാനായി എന്ന ബോധ്യത്തെ കേരളത്തിന്റെ യുവത്വം ആ തെരുവുകളിലെല്ലാം വിളിച്ച് പറഞ്ഞു. അന്ന് രാത്രി തലസ്ഥാന നഗരി ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയാകില്ല. അനീതികളാൽ ശിക്ഷിക്കപ്പെട്ടിരുന്ന, സാധാരണക്കാരനായി നിലകൊണ്ട, അവന്റെ വേദനകൾക്ക് പരിഹാരം കണ്ടെത്തിയ, തങ്ങളുടെ പ്രിയനാം വി എസിനായി അന്ന് കേരളത്തിന്റെ ഭരണസിരാ കേന്ദ്രം ഉറക്കം മാറ്റിവെച്ചു.പിന്നേറ്റ് 9.15നോട് അടുത്ത് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം, അവസാനമായി വി എസിനെ കാണാൻ പുലർച്ച മുതൽക്കേ തന്നെ അവിടേക്ക് ആളുകൾ എത്തി തുടങ്ങിയിരുന്നു, ബാലുശേരിക്കാനായ ചന്ദ്രേട്ടൻ മാധ്യമങ്ങൾ എത്തുംമുൻപ് അവിടെയുണ്ടായിരുന്നു, ‘വി എസ് നമ്മളെ സ്നേഹിച്ചതല്ലേ, ഇങ്ങോട്ട് സ്നേഹിച്ചാൽ നമ്മൾ അത് തിരിച്ച് കൊടുക്കണ്ടേ, ഇനി മ്മ്ക്ക് ഒന്ന് കാണാൻ ഒക്കില്ലല്ലോ’ എന്ന് തൊണ്ടയിടറി ആ മനുഷ്യൻ മറുപടി പറഞ്ഞു, പാറുക്കകുട്ടിയമ്മയും, വി എസ് അച്ചാച്ചനെ കാണാനെത്തിയ കുരുന്നും, എന്റെ നേതാവിനെ കാണാൻ പറ്റണേയെന്ന് അലമുറയിട്ട് കരയുന്ന ഓമന അമ്മയും അങ്ങനെ പ്രായഭേദമന്യേ എല്ലാ മനുഷ്യരും വി എസിനെ കാണാനെത്തി. അണമുറിയാതെ മനുഷ്യരിങ്ങനെ വന്ന് കൊണ്ടേയിരുന്നു. ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്ര തിരിച്ചു. പിന്നെ അവിടെ കണ്ടത് വിവരിക്കാനാകാത്ത വിധമുള്ള മനുഷ്യക്കടലായിരുന്നു. തങ്ങളുടെ സ്നേഹം മുഴുവനായി കേരളം ആ മനുഷ്യന് നൽകി. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കൊല്ലം, കടന്ന് ആലപ്പുഴ ജില്ല തൊടാൻ വിലാപയാത്രയ്ക്ക് വേണ്ടിവന്നത് 22 മണിക്കൂറാണ്.രാത്രി ഏറെ വൈകിയും റോഡിന്റെ ഇരുവശത്തായി വി എസിനെ കാത്ത് നിന്നത് അനേകായിരം മനുഷ്യരാണ്, അതിലുള്ളത് കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ. ഉറക്കമോ ക്ഷീണമോ അവരെ അലയട്ടിരുന്നില്ല, തങ്ങളുടെ പ്രിയപ്പെട്ട മനുഷ്യനെ കാണാനുള്ള കാത്തിരിപ്പ് മാത്രമാണ് അവിടെ കണ്ടത്. അവരുടെ കണ്ണുകളിൽ സങ്കടം, പ്രതീക്ഷ, അവേശം അങ്ങനെ മിന്നിമറയുന്ന ഭാവങ്ങൾ. വി എസിനെ വഹിച്ചുകൊണ്ടുള്ള വാഹനം കൊല്ലത്തേക്ക് പ്രവേശിക്കുന്ന കാഴ്ച ഒരു മനുഷ്യനും ഒരു കാലത്തും മറക്കാനാകില്ല. രാത്രിയിലെ കോരിച്ചൊരിയുന്ന മഴ, അവിടെ കാത്തുനിന്ന ഓരോ മനുഷ്യനും ഒരു തടസമേ ആയിരുന്നില്ല. അച്ഛന്റെ തോളത്ത് കയറി ഇരുന്ന ഒരു കുഞ്ഞിനെ കണ്ട് ന്യൂസ് ചാനൽ റിപ്പോർട്ടർമാരിൽ ഓരാൾ, കുട്ടി നനയുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ആ പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു, ”അവൻ നനഞ്ഞോട്ടേ സാരമില്ല, ആ വാഹനത്തിനകത്തുള്ളത് ഒരുപാട് ക്രുര മർദനങ്ങൾക്ക് നനഞ്ഞ ഒരു മനുഷ്യനാണ്, അദ്ദേഹത്തെ ഒരു നോക്ക് കാണുക എന്നതിനപ്പുറം വേറെ നന്മയൊന്നും ചെയ്യാനില്ല, കുഞ്ഞിനാണ് വി എസിനെ കാണണമെന്ന് പറഞ്ഞത്, അവനെ അദ്ദേഹത്തെയൊന്ന് കാണിക്കും”, എന്തൊരു മനുഷ്യരാണ് നമ്മുടേതെന്ന് ഓർക്കണേ.ഉറക്കമൊഴിഞ്ഞ് മഴ നനഞ്ഞ് കാത്ത് നിന്ന ഒരുപാട് സ്ത്രീകൾ, യുവാക്കൾ, കുഞ്ഞുകുട്ടികൾ, പ്രായമായവർ, അങ്ങനെ റോഡിന് ഇരുവശവും സ്നേഹത്തിര ഇങ്ങനെ ആ വിലാപയാത്ര വഹിച്ച് കൊണ്ടുള്ള വാഹനത്തിൽ അടിച്ചുകൊണ്ടേയിരുന്നു. ആ യാത്രയ്ക്ക് കൊല്ലം ജില്ലയിൽ മാത്രമായി വേണ്ടി വന്നത് 7 മണിക്കൂറോളമാണ്. ഈ യാത്രയിലുടനീളം വി എസിനെ അവസാനമായി ഒരു നോക്കുകാണാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നത് ധാരാളം പിഞ്ചുകുഞ്ഞുങ്ങളാണ്, അവരെല്ലാം അടയാളപ്പെടുത്തുന്നത് മലയാളിക്ക് വി എസ് ആരായിരുന്നു എന്നാണ്. മണ്‍മറയുന്നതിന് മുമ്പ് വി എസിനെ അവസാനമായി കാണാന്‍ പ്രായഭേദമന്യേ വഴിയോരങ്ങളിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തില്‍ ഏറ്റവും അത്ദുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു അച്ഛനും അമ്മക്കും സഹോദരങ്ങള്‍ക്കും ഒപ്പം മഴയേയും വെയിലിനേയും വകവെക്കാതെ കാത്തുനിന്ന ആ പിഞ്ചുകുഞ്ഞുങ്ങള്‍. അവരുടെ പ്രിയപ്പെട്ട വിഎസിനായി കണ്ണേ കരളേ വി എസ്സേ എന്ന മുദ്രാവാക്യം ആ കുഞ്ഞുമക്കളും പതിഞ്ഞശബ്ദത്തില്‍ ഏറ്റുചൊല്ലിയത് മനുഷ്യമനസുകളെ ആര്‍ദ്രമാക്കി. തിരുവനന്തപുരം മാത്രമല്ല കൊല്ലവും ആ രാത്രി ഉറങ്ങിയിട്ടില്ല. രാവിലെ ജന്മനാടായ ആലപ്പുഴ ജില്ലാ അതിർത്തിയിലേക്ക് പ്രവേശിച്ചപ്പോൾ കായകുളംത്തെ വിപ്ലവമണ്ണ് അവരുടെ വിപ്ലവസൂര്യനെ ഏറ്റുവാങ്ങിയ വികാരനിർഭരമായ കാഴ്ച നാം ഏവരേയും ഈറനണിയിച്ചു. ഇൻക്വിലാബ് സിന്ദാബാദ് വിളികളുടെ അലയൊലികൾ ആ ചരിത്രമണ്ണിൽ മുഴങ്ങികേട്ടു. പിന്നീടുള്ള കാഴ്ചകൾക്ക് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല എന്ന് തന്നെ വേണം പറയാൻ, രാവിലത്തെ ആ മഴ പെയ്തിറങ്ങിയത് വി എസിനെ കാത്ത് നിന്ന മനുഷ്യസാഗരത്തിലേക്ക് ആയിരുന്നു, വെള്ളം നിറയും പോലെ തെരുവീഥികളും നിറഞ്ഞു. പുന്നപ്ര വയലാർ സമരത്തിന്റെ മണിമുത്തിന് ചെങ്കൊടി കെട്ടിയ വാരികുന്തങ്ങളേന്തി കുട്ടികളടക്കമുള്ളവർ റോഡരികിൽ മുദ്രാവാക്യം വിളിച്ചു നിന്നു, ‘വി എസ് അപ്പൂപ്പൻ’ മരിച്ചിട്ടില്ലെന്ന് അവർ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു.ഉച്ചകഴിഞ്ഞ് 2.15നോടെ പ്രിയ സഖാവ് വി എസ്സിന്റെ വീടിന് മുന്നിലും ആയിരക്കണക്കിന് മനുഷ്യരെത്തി. രാവിലെ 9 മണിക്ക് നിശ്ചയിച്ചതാണ് വേലിക്കകത്ത് വീട്ടിലെ പൊതുദർശനം, മണിക്കൂറുകൾ വൈകിയിട്ടും മഴ പെയ്തുകൊണ്ടേയിരുന്നിട്ടും എന്തിന് ഭൂമിക്ക് കീഴിലെ ഒന്നും ആ മനുഷ്യർക്ക് ഒരു തടസമായിരുന്നില്ല. കാത്തുനിന്ന മനുഷ്യരെ അഭിവാദ്യമർപ്പിച്ച് ഒരു കുരുന്നാണ്, പോരാട്ടത്തിൻ പൊൻമുത്തേയെന്ന് തൊണ്ടപൊട്ടുമാറുറക്കെ ആ കുഞ്ഞ് വിളിച്ചു, കാത്ത് നിന്ന് മനുഷ്യർ ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. കുഞ്ഞു ബാല്യങ്ങള്‍ മുഷ്ടിചുരുട്ടി വിളിച്ച ആ മുദ്രാവാക്യങ്ങളെല്ലാം ഒരു അടയാളപ്പെടുത്തലാണ്. വിഎസ് ബാക്കിവെച്ച പോരാട്ടങ്ങളുടെ ചരിത്രം അവസാനിക്കുന്നില്ലെന്നും വരും തലമുറകള്‍ ആ വിപ്ലവാവേശം കെടാതെ സൂക്ഷിക്കുമെന്നുമുള്ള ഒരു ഉറപ്പ്. പൊതുമധ്യത്തില്‍ നിന്ന് മറഞ്ഞതിന് ശേഷം തന്റെ അവസാനനിമിഷത്തിലും പ്രസ്ഥാനത്തിന്റെ ഒരു കനല്‍, വരും തലമുറകളിലേക്കും കൂടി എറിഞ്ഞാണ് വിഎസ് മണ്‍മറയുന്നത്.വി എസ് എന്ന മഹാവിപ്ലവകാരിയുടെ സമരജീവിതം ഇനി ജ്വലിക്കുന്ന ഏടായി വരും കാലങ്ങളിൽ നമുക്ക് പ്രകാശമേകും.തോരാമഴയിലും അലയടിച്ച മനുഷ്യത്തിരയെ സാക്ഷി നിർത്തി, പുന്നപ്ര-വയലാറിലെ ധീരവിപ്ലവകാരികൾ ഉറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് നമ്മുടെ വി എസ്. ദിക്കുപൊട്ടുമാറുച്ചത്തില്‍ അലയടിച്ച അഭിവാദ്യവിളികളുടെ അകമ്പടിയുമായി കടന്നുപോയ വിപ്ലവസൂര്യന്റെ അവസാന യാത്രയും മലയാളികളുടെ ചങ്കിലെ റോസാപ്പൂവിന്റെ മടക്കവും എന്നും, വല്ലാത്തൊരു വിടവായി ഇവിടെയിങ്ങനെ അവശേഷിക്കും, എന്നും എപ്പോഴും ഒന്നേ ഞങ്ങൾക്ക് നിങ്ങളോട് പറയാനുള്ളൂ, പ്രിയ വി എസ്സേ, ഞങ്ങളുടെ എല്ലാമെല്ലാമായ പ്രിയ സഖാവേ നിങ്ങൾക്ക് മരണമില്ല, നിങ്ങൾ ജീവിക്കും… ഞങ്ങളിലൂടെThe post പ്രിയ വി എസ്സേ, ഞങ്ങളുടെ എല്ലാമെല്ലാമായ പ്രിയ സഖാവേ നിങ്ങൾക്ക് മരണമില്ല, നിങ്ങൾ ജീവിക്കും… ഞങ്ങളിലൂടെ appeared first on Kairali News | Kairali News Live.