ദക്ഷിണ സിറിയയിലെ പ്രധാന നഗരമാണ് അസ്സുവൈദ. രാജ്യത്തെ 14 ഗവര്‍ണറേറ്റുകളിലൊന്നായ സുവൈദാ ഗവര്‍ണറേറ്റിന്റെ തലസ്ഥാനം. ദുറൂസികള്‍ അതഴാ ഡ്രൂസ് എന്ന് വിളിക്കപ്പെടുന്ന സവിശേഷ മതവിഭാഗത്തില്‍പ്പെട്ടവരുടെ കേന്ദ്രമെന്ന നിലയിലാണ് ഈ പ്രദേശം വാര്‍ത്തകളില്‍ നിറയാറുള്ളത്. അല്‍ മുവഹ്ഹിദീന്‍ എന്ന് സ്വയം വിളിക്കുന്ന ശിയാ അവാന്തര വിഭാഗമായ ഇക്കൂട്ടര്‍ സിറിയയിലെ മതന്യൂനപക്ഷവിഭാഗമാണ്. സിറിയ, ലബനാന്‍, ഇസ്‌റാഈല്‍, ജോര്‍ദാന്‍, വെനിസ്വേല എന്നിവിടങ്ങളിലായി എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ദുറൂസികളുണ്ടെന്നാണ് കണക്ക്. വിവിധ വിശ്വാസധാരയുടെ മിശ്രിതമായ ദുറൂസികള്‍ക്ക് ആ പേര് വരുന്നത് മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ അദ്ദറാസി എന്ന പത്താം നൂറ്റാണ്ടിലെ പണ്ഡിതനില്‍ നിന്നാണ്. അറബ് സംസ്‌കാരിക സവിശേഷതകളാണ് ഈ വിഭാഗം പിന്തുടരുന്നത്. അദ്ദാറിസിയെയാണ് ഈ മതവിഭാഗത്തിന്റെ സ്ഥാപകനായി കണക്കാക്കുന്നതെങ്കിലും ഒരു ഘട്ടം പിന്നിട്ടപ്പോള്‍ അദ്ദേഹം സ്വയം ദൈവമായി അവകാശവാദവുമായി രംഗത്തുവന്നുവെന്നും അനുയായികള്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞുവെന്നുമാണ് ചരിത്രം. അദ്ദേഹം ഒടുവില്‍ തൂക്കിലേറ്റപ്പെടുകയാണ് ചെയ്തത്. അതേ കാലത്ത് ജീവിച്ചിരുന്ന ഹംസ ബിന്‍ അലിയുടെ നേതൃത്വമാണ് ഡ്രൂസുകള്‍ അംഗീകരിച്ചത്. പക്ഷേ, അദ്ദാറിസിയില്‍ നിന്ന് വന്ന പേര് അങ്ങനെ തന്നെ കിടന്നു- ദുറൂസികള്‍- ഡ്രൂസ്.