അടൂര്‍ | വയോധികനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും അറസ്റ്റില്‍. അടൂര്‍ പറക്കോട് തളിയാട്ട് കോണത്ത് (ദേവനിലയം) വീട്ടില്‍ തങ്കപ്പന്‍ (66)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മകന്‍ സിജി (42), സിജിയുടെ ഭാര്യ സൗമ്യ (38) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു മര്‍ദനം. മകനും മരുമകളും താമസിക്കുന്ന വീട്ടില്‍ വച്ച് തങ്കപ്പനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തങ്കപ്പന്‍ വേറെയാണ് താമസം. മകന്റെ വീട്ടിലേയ്ക്ക് എത്തിയപ്പോഴാണ് മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശ്രദ്ധയില്‍പ്പെട്ട അടൂര്‍ പോലീസ് തങ്കപ്പന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. സമീപവാസിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.ആയുധം ഉപയോഗിച്ചുളള മര്‍ദനം, അസഭ്യം വിളി, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളാണ് സിജിയ്ക്കും ഭാര്യ സൗമ്യയ്ക്കും എതിരെ ചുമത്തിയിട്ടുള്ളത്. സ്ഥിരം മദ്യപാനിയാണ് തങ്കപ്പനെന്നും ഇതേതുടര്‍ന്നാണ് കുടുംബ പ്രശ്നങ്ങളുണ്ടായതെന്നുമാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി. സംഭവത്തെ തുടര്‍ന്ന് സൗമ്യയെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് അടൂര്‍ പോലീസ് കേസെടുത്തിരുന്നു.