കോഴിക്കോട്| കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ലഹരി മാഫിയാ സംഘം മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മുചുകുന്ന് വിയ്യൂര്‍ സ്വദേശി നവജിത്ത് (24), ബാലുശ്ശേരി കാട്ടാംവള്ളി സ്വദേശി വിഷ്ണു പ്രസാദ്(29) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെയാണ് പ്രതികള്‍ ആക്രമിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവമുണ്ടായത്. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നും അരിക്കുളം- മുത്താമ്പി റോഡിലേക്ക് പോകുകയായിരുന്നു ഇസ്മയില്‍. റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പഴയ റെയില്‍വേ ഗേറ്റ് കടന്ന് പാളത്തില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ ഇസ്മയിലിനെ ആക്രമിച്ചത്. പ്രതികള്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇസ്മയില്‍ നല്‍കാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതരായ സംഘം ഇസ്മയിലിനെ കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിപ്പറിച്ചു.വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്ഐമാരായ ആര്‍ സി ബിജു, ഗിരീഷ്‌കുമാര്‍, എഎസ്ഐ വിജു വാണിയംകുളം, റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ ബിനീഷ്, സിപിഒ ടികെ ശോഭിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.