സിറിയക്ക് സഹായ ഹസ്തവുമായി സഊദി

Wait 5 sec.

ഡമാസ്കസ്|ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ സാമ്പത്തിക രംഗം  പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സിറിയക്ക് സഹായ ഹസ്തവുമായി സഊദി.  സിറിയയുടെ യുദ്ധാനന്തര വീണ്ടെടുക്കൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആറ് ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളാണ് സഊദി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി സഊദി അറേബ്യയുടെ നിക്ഷേപ മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ-ഫാലിഹിന്റെ നേതൃത്വത്തിലുള്ള സംഘം സിറിയയിലെത്തി.ഡമാസ്കസിൽ നടന്ന രണ്ട് ദിവസത്തെ നിക്ഷേപ ഫോറത്തിൽ ഏകദേശം 130 സഊദി  ബിസിനസ് പ്രതിനിധികളാണ്  പങ്കെടുത്തത്. ഊർജ്ജം, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് 6 ബില്യൺ ഡോളറിന്റെ 44 കരാറുകളിലാണ്  നിക്ഷേപങ്ങൾ ലക്ഷ്യമിടുന്നത്. പതിമൂന്ന്  വർഷത്തെ ഇടവേളയ്ക്ക് ശേഷം സിറിയയിൽ സഊദി എംബസി വീണ്ടും തുറന്നതോടെ നയതന്ത്ര ബന്ധത്തിൽ ഗണ്യമായ പുരോഗതിയാണ്  കൈവരിച്ചത്. നേരത്തെ വിശാല ശ്രമങ്ങളുടെ ഭാഗമായി ലോക ബാങ്കിന് സിറിയയുടെ 15 മില്യൺ ഡോളർ കടം തീർക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന്  സഊദി  അറേബ്യയും ഖത്തറും പിന്തുണ പ്രഖ്യാപിച്ചിരുന്നു.സന്ദർശന വേളയിൽ ആരംഭിച്ച പ്രഥമ  സംരംഭങ്ങളിൽ സിറിയയിലെ ആദ്യത്തെ വൈറ്റ് സിമന്റ് ഉൽ‌പാദന കേന്ദ്രത്തിനും, സഊദി  നിക്ഷേപ സ്ഥാപനമായ എത്തര ഹോൾഡിംഗ് 375 മില്യൺ റിയാലിന്റെ റീട്ടെയിൽ സമുച്ചയത്തിനും  തറക്കല്ലിട്ടു. അദ്ര ഇൻഡസ്ട്രിയൽ സിറ്റിയിൽ 20 മില്യൺ ഡോളർ നിക്ഷേപത്തിനും തുടക്കം കുറിച്ചു.