കോഴിക്കോട് | സ്വാമി ശിവാനന്ദ പരമഹംസര്‍ സ്ഥാപിച്ച സിദ്ധാശ്രമങ്ങളില്‍ നടക്കുന്നതായി പറയപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.സ്വാമി ശിവാനന്ദ പരമഹംസ ദര്‍ശന സംരക്ഷണ സമിതി സമര്‍പ്പിച്ച പരാതി അന്വേഷിക്കാനാണ് ഉത്തരവ്. വടകര സിദ്ധാശ്രമം ഭാരവാഹികള്‍ക്കെതിരെയാണ് പരാതി. ആശ്രമത്തില്‍ താമസിക്കുന്ന വയോധികരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാതിരിക്കാന്‍ നടപടി വേണമെന്നാണ് പ്രധാന ആവശ്യം.അന്തേവാസികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുത്. എല്ലാ അന്തേവാസികള്‍ക്കും ശാന്തിയും സമാധാനവും ഭക്ഷണവും വസ്്ത്രവും മരുന്നും ലഭിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആശ്രമങ്ങളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും ആശ്രമത്തിലെ അംഗങ്ങളുടെ രഹസ്യമൊഴിയെടുത്ത് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. പരാതിയില്‍ പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.15 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. ആഗസ്റ്റ് 26ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.