ന്യൂഡൽഹി | നിർദിഷ്ട് അങ്കമാലി ശബരി റെയിൽവേ പാത മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അത്യന്തികമായി പിൻവലിച്ചലതായി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് എം പിമാരെ അറിയിച്ചു. ഇത് സംബന്ധിച്ച് എം പിമാരായ ബെന്നി ബെഹ്നാൻ, ആൻ്റോ ആൻ്റണി, ഡീൻ കുര്യാക്കോസ്, എം കെ രാഘവൻ, വി കെ ശ്രീകണ്ഠൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ സുഗമമായ പുരോഗതിക്കായി കേരള സർക്കാരുമായി സഹകരിച്ച് വികസന പദ്ധതി ത്വരിതഗതിയിൽ പുനരാംഭിക്കുന്നതിന് കേന്ദ്ര സംഘത്തെ അയക്കുന്നതിനും തീരുമാനമെടുത്തു. ത്രികക്ഷി കരാറിൽ ഒപ്പുവെക്കില്ലെന്ന കേരളത്തിൻ്റെ നിലപാടും സംസ്ഥാനത്തിൻ്റെ വായ്പ പരിധിയിൽ ഉൾപ്പെടുത്തരുതെന്ന അഭ്യർഥന സംബന്ധിച്ച് ആത്യന്തികമായി റെയിൽവേ വകുപ്പിന് സാധിക്കില്ലായെന്നും അതിന് ധനകാര്യ വകുപ്പിൻ്റെ അംഗീകാരം വേണമെന്നും മന്ത്രി അറിയിച്ചു.അനുകൂലമായ അന്തരീക്ഷം പ്രയോജനപ്പെടുത്തി കൊണ്ട് നടപടികൾ ദ്രുതഗതിയിൽ ആക്കുന്നതിന് സംസ്ഥാനം കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് പിന്നീട് നടത്തിയ പത്രസമ്മേളനത്തിൽ എം പിമാർ ആവശ്യപ്പെട്ടു.