മോദിയാണോ വ്യാജന്മാരാണോ ഇന്ത്യ ഭരിക്കുന്നത്?; ഇല്ലാത്ത രാജ്യത്തിന്റെ പേരിലടക്കം കൊടുംതട്ടിപ്പുകളുടെ ഘോഷയാത്ര

Wait 5 sec.

സുബിൻ കൃഷ്ണശോഭ്വെസ്റ്റ് ആര്‍ക്ടിക്ക എന്ന രാജ്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആലോചിച്ച് സമയം കളയേണ്ട. അങ്ങനെയൊരു രാജ്യമേയില്ല. എന്നാല്‍, ഞെട്ടാന്‍ വകയുള്ള ഒരു കാര്യം പറയാം, ഈ ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ നമ്മുടെ ഇന്ത്യയില്‍ ഒരു എംബസി എട്ടുവര്‍ഷമായി പ്രവര്‍ത്തിച്ചു. മാത്രമല്ല, അതിനൊരു സ്ഥാനപതിയുമുണ്ടായിരുന്നു. പേര് ഹര്‍ഷവര്‍ധന്‍ ജെയിന്‍. ഇയാള്‍ പിടിയിലായതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.34 രാജ്യങ്ങളുടെ സീലുകള്‍, വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുള്ള ആഡംബര കാറുകള്‍, മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, വ്യാജ നയതന്ത്ര പാസ്പോര്‍ട്ടുകള്‍ എന്നിവയുമായാണ് പ്രതി പിടിയിലായത്. മോര്‍ഫ് ചെയ്ത ഫോട്ടോയുടെ കാര്യത്തില്‍ ഒരു ട്വിസ്റ്റുണ്ട്. അത് രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം പ്രതി നില്‍ക്കുന്നതാണ്. രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായി വരെ ബി ജെ പി ഇപ്പോഴേ ഉയര്‍ത്തിക്കാട്ടുന്ന യോഗി ആദിത്യനാഥിന്റെ സ്വന്തം നാട്ടിലാണ് ഈ സംഭവം. അതായത്, ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വാടക കെട്ടിടത്തിലാണ് ഈ എംബസി പ്രവര്‍ത്തിച്ചത്.Read Also: ‘സാങ്കൽപ്പിക രാജ്യങ്ങളുടെ’ പേരിൽ എംബസി; സംശയം തോന്നാതിരിക്കാൻ സമൂഹവിരുന്നുൾപ്പെടെ ജീവകാരുണ്യപ്രവർത്തനങ്ങളും; യുപിക്കാരന്റെ തട്ടിപ്പ് പൊളിച്ച് പൊലീസ്2014 മെയ് 26 മുതല്‍ ബി ജെ പി നേതൃത്വം നല്‍കുന്ന, കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്ന, വിശ്വഗുരുവായി സ്വയം അഭിരമിച്ചുനടക്കുന്ന മോദി പ്രധാനമന്ത്രിയായിരിക്കുന്ന ഈ കാലയളവിലാണ് കൊടും തട്ടിപ്പ്. ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ വരെ എന്തു വ്യാജ പരിപാടികളും നടക്കുന്ന ഒരു നാടായി ഇവിടം മാറിയത് ലോകത്തിനു മുന്‍പില്‍ നമ്മളെ നാണംകെടുത്തുന്നതാണ്. ഉത്തര്‍പ്രദേശിലെ വ്യാജ എംബസിക്കു മുന്‍പില്‍ ഇല്ലാത്ത രാജ്യത്തിന്റെ ഇല്ലാത്ത കൊടിവരെ ഉയര്‍ത്തിയിരുന്നു, അതും നമ്മുടെ ദേശീയപതാകയ്ക്ക് തൊട്ടടുത്തായി.പിടിയിലായ ഹര്‍ഷവര്‍ധന്‍ ജെയിന്‍ എന്ന 52-കാരന്‍ ഇതെല്ലാം ചെയ്തത് വിദേശ ജോലി തട്ടിപ്പും ഹവാല ഇടപാടുകളും നടത്താനായിരുന്നു. അത് വ്യക്തമാക്കുന്നതാണ് പിടിച്ചെടുത്ത വിദേശ കറന്‍സിയും 44 ലക്ഷം രൂപയും. എട്ടുവര്‍ഷമായി നടക്കുന്ന തട്ടിപ്പില്‍ ഇതു മാത്രമാണോ പിടിച്ചെടുക്കാനായതെന്ന ചോദ്യം ശക്തമാണ്. അപ്പോള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്ന് വ്യക്തം. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചതിനു 2011ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ്, എട്ടുവര്‍ഷമായി രാജ്യത്തെ നാണംകെടുത്തുന്ന തട്ടിപ്പുനടത്തിയത്. വെസ്റ്റ് ആര്‍ക്ടിക്ക എന്ന ഇല്ലാത്ത രാജ്യത്തെക്കുറിച്ച് മറ്റൊരു വിചിത്ര കാര്യം പറയാനുണ്ട്. യു എസ് നാവിക ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്ഹെന്റി സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന സാങ്കല്പിക രാജ്യമാണിത്, അതും 2001ല്‍.14,000 കോടി വെട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ് മോദി, 9,000 കോടിയുടെ തട്ടിപ്പിനുശേഷം യു കെയിലേക്ക് കടന്ന വിജയ് മല്യ തുടങ്ങി എത്രയെത്ര കൊടും കുറ്റവാളികള്‍ വിലസിയ നാടാണിത്. എംബസി കേസുപോലെ എത്ര ‘വെറൈറ്റി’ തട്ടിപ്പുകളാണ് മോദിയുടെ കാലയളവില്‍ തന്നെ. ഛത്തീസ്ഗഡില്‍ വ്യാജ ബാങ്ക് ശാഖ കണ്ടെത്തിയത് അടുത്തിടെയാണ്. ഗുജറാത്തില്‍ അഞ്ച് കൊല്ലമായി വ്യാജ കോടതി പ്രവര്‍ത്തിച്ചു. ഗുജറാത്തില്‍ തന്നെ 12 കൊല്ലം കൊണ്ട് 75 കോടി പിരിച്ചെടുത്ത വ്യാജ ടോള്‍ പ്ലാസ. ദില്ലിയില്‍ അടുത്തിടെ വ്യാജ കോടതി ഉദ്യോഗസ്ഥനെത്തി തട്ടിപ്പുനടത്തി. അങ്ങനെ പോകുന്നു ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തട്ടിപ്പുകളുടെ ഘോഷയാത്ര.വസ്തുത മറ്റൊന്നായിരിക്കെ, പല അവകാശവാദങ്ങള്‍ മുന്നോട്ടുവെച്ച് മേനി നടിക്കുന്ന ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം കൊടുംതട്ടിപ്പുകള്‍. രാജ്യത്തിന്റെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന, രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നടക്കുന്നതിനു പിന്നില്‍ ആ പാര്‍ട്ടിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിലേക്ക് അന്വേഷണം നീളണം. വിജയ് മല്യയേയും നീരവ് മോദിയേയുമടക്കം മോദി സര്‍ക്കാര്‍ സംരക്ഷിച്ച രീതി രാജ്യം കണ്ടതാണല്ലോ. അതുപോലെയുള്ള സംരക്ഷണം ഇത്തരം കൊടും ക്രിമിനലുകള്‍ക്ക് സുലഭമായി ലഭിക്കുന്നതാണോ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം എന്നതും കണ്ടെത്തണം. ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം വേണം. രാജ്യത്തിൻ്റെ പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഉയര്‍ത്തി ബി ജെ പി സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളെ ചോദ്യം ചെയ്യാന്‍ തയ്യാറാകണം.The post മോദിയാണോ വ്യാജന്മാരാണോ ഇന്ത്യ ഭരിക്കുന്നത്?; ഇല്ലാത്ത രാജ്യത്തിന്റെ പേരിലടക്കം കൊടുംതട്ടിപ്പുകളുടെ ഘോഷയാത്ര appeared first on Kairali News | Kairali News Live.