ഗസ്സ:ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ ആക്രമണം തുടരുന്നു;84 മരണം

Wait 5 sec.

ഗസ്സ | ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്‌റാഈൽ. ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ ഇന്നലെ നടത്തിയ ആക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. അതിനിടെ അൽ ശിഫ ആശുപത്രിയിൽ പോഷകാഹാരക്കുറവ് മൂലം 35 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങളിൽ 130 പേർ കൊല്ലപ്പെടുകയും 495 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗസ്സാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.വടക്കൻ ഗസ്സയിലെ സഹായ കേന്ദ്രത്തിന് സമീപം സൈന്യം നടത്തിയ വെടിവെപ്പിലാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. 55 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റഫക്ക് വടക്കുള്ള സഹായ കേന്ദ്രത്തിന് സമീപമുണ്ടായ ഇസ്‌റാഈൽ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. അതേസമയം, മെഡിക്കൽ ഉപകരണങ്ങളുമായി ലോകാരോഗ്യ സംഘടനയുടെ മൂന്ന് ട്രക്കുകൾ ഗസ്സയിൽ എത്തുമെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതിനിടെ, തെക്കൻ റഫയിലുള്ള ജി എച്ച് എഫ് സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ ഫലസ്തീനികളുടെ മേൽ ഇസ്‌റാഈൽ- യു എസ് സൈന്യം കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്ന വീഡിയോ ദൃശ്യം അൽജസീറ പുറത്തുവിട്ടു. ദാറുൽ ബലാഹിലെ ടെന്റുകൾക്കുള്ളിൽ കഴിയുന്നവരുൾപ്പെടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ സൈന്യം ഉത്തരവിട്ടു. ഫലസ്തീനികൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് സൈന്യം ഇവിടെ നോട്ടീസുകൾ പതിച്ചു.സൈന്യം പതിവായി ഫലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിടാറുണ്ടെങ്കിലും, അവർ “സുരക്ഷിത മേഖലകൾ’ എന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളും ആക്രമണത്തിന് ഇരയാകാറുണ്ട്. ഗസ്സയിലെ ഒരു പ്രദേശവും ഇസ്‌റാഈൽ നടത്തുന്ന വെടിവെപ്പിൽ നിന്ന് സുരക്ഷിതമല്ല.അതേസമയം, നെതന്യാഹു സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി ഇസ്‌റാഈൽ രാഷ്ട്രീയ വിശകലന വിദഗ്ധൻ ഗിഡിയൻ ലെവി രംഗത്തെത്തി. നെതന്യാഹു സർക്കാർ ഗസ്സയിൽ വംശീയ ഉന്മൂലനം ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നെതന്യാഹു സർക്കാറിനെതിരെ തെൽ അവീവിൽ പ്രതിഷേധ മാർച്ച് നടന്നു. ആക്രമണം അവസാനിപ്പിക്കാനും അവശേഷിക്കുന്ന തടവുകാരെ തിരികെ കൊണ്ടുവരാനും കരാറിലെത്താൻ ഇടപെടണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് പേരാണ് മാർച്ചിൽ പങ്കെടുത്തത്.