മിഥുനിനു പിന്നാലെ അക്ഷയ്; ഷോക്കേൽക്കുന്ന വൈദ്യുതി സുരക്ഷ

Wait 5 sec.

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റുള്ള മരണം വീണ്ടും. ശനിയാഴ്ച രാത്രി തിരുവനന്തപുരം നെടുമങ്ങാടാണ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി പനയംമുട്ട സ്വദേശി അക്ഷയ് എന്ന പത്തൊമ്പതുകാരന്‍ മരിച്ചത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് ശനിയാഴ്ച പാതിരാവില്‍ കൂട്ടുകാരോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയായിരുന്നു ദുരന്തം. കാറ്റില്‍ മരമൊടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടര്‍ന്നാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതും ലൈന്‍ താഴെ വീണതും. തേവലക്കരയില്‍ വൈദ്യുതി ലൈനില്‍ തട്ടി മിഥുന്‍ എന്ന വിദ്യാര്‍ഥി മരിച്ചതിന്റെ നാലാം നാളാണ് സംഭവം.തേവലക്കരയിലെ പോലെ കെ എസ് ഇ ബിയുടെ അനാസ്ഥയാണ് നെടുമങ്ങാട്ടെ ദുരന്തത്തിനും കാരണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പൊട്ടിവീണ പോസ്റ്റ് കാലപ്പഴക്കം ചെന്നതായിരുന്നു. പോസ്റ്റിന്റെ ജീര്‍ണിതാവസ്ഥയാണ് കാറ്റില്‍ ഒടിഞ്ഞുവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ കെ എസ് ഇ ബിയോട് ആവശ്യപ്പെട്ടിരുന്നതായും കനത്ത അലംഭാവമാണ് ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പ്രകടമായതെന്നുമാണ് പ്രദേശത്തെ പഞ്ചായത്ത് അംഗം പറയുന്നത്. പരാതി കൊടുത്തിട്ടും കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലത്രെ. അപകട വിവരം നാട്ടുകാര്‍ കെ എസ് ഇ ബിയില്‍ അറിയിച്ചിട്ടും വളരെ വൈകിയാണ് ജീവനക്കാരെത്തിയതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.മൂന്നാഴ്ച മുമ്പാണ് കെ എസ് ഇ ബി സുരക്ഷാ വാരം ആചരിച്ചത്. അപകടരഹിത വൈദ്യുതി മേഖല സര്‍ക്കാറിന്റെ മുഖ്യലക്ഷ്യമാണെന്നും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കുമെന്നുമാണ് ജൂണ്‍ 26ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രസ്താവിച്ചത്. ബന്ധപ്പെട്ടവരുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ പൊയ് വാക്കായി മാറുകയാണ്. ബോര്‍ഡിന്റെ അനാസ്ഥയെ തുടര്‍ന്നുള്ള അപകടങ്ങള്‍ അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ട് വരെയാണ് വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നത്.വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ലൈനുകള്‍ക്ക് ഇന്‍സുലേറ്റ് ചെയ്ത കമ്പി ഉപയോഗിച്ചുള്ള എ ബി സി (ഏരിയല്‍ ബഞ്ച്ഡ് കേബിള്‍സ്) രീതി സ്വീകരിക്കാനുള്ള തീരുമാനം ഇഴഞ്ഞുനീങ്ങുകയാണ്. വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 ജൂണില്‍ ചേര്‍ന്ന ഡയറക്ടര്‍മാരുടെ യോഗം ലൈനുകള്‍ ഇന്‍സുലേറ്റ് കമ്പി ഉപയോഗിച്ചുള്ള എ ബി സിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. താമസിയാതെ മുഴുവന്‍ ലൈനുകളിലും ഇത് നടപ്പാക്കുമെന്ന് വകുപ്പുമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം പകുതി പോലുമെത്തിയില്ല. പുതിയ കണക്്ഷന്‍ നല്‍കാനും സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസ് ആക്കാനും ഇന്‍സുലേഷന്‍ ഇല്ലാത്ത സാധാരണ കമ്പികള്‍ തന്നെയാണ് പലയിടങ്ങളിലും കെ എസ് ഇ ബി ഇപ്പോഴും ഉപയോഗിച്ചു വരുന്നത്.വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേല്‍ക്കല്‍, മരച്ചില്ലകള്‍ തട്ടി വൈദ്യുതി ബന്ധം നിലക്കല്‍, ജോലിക്കിടെ ജീവനക്കാര്‍ക്ക് ഷോക്കേല്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമെന്നതിനു പുറമെ വൈദ്യുതി പ്രസരണനഷ്ടം ഗണ്യമായി കുറക്കുമെന്ന ഗുണവും കൂടിയുണ്ട് എ ബി സിക്ക്. സംസ്ഥാനത്ത് പ്രതിവര്‍ഷം 2,315 കോടി രൂപയുടെ പ്രസരണനഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് 2022ലെ കണക്ക്. വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ച് ഭാരം ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെച്ചാണ് ഈ നഷ്ടം കെ എസ് ഇ ബി പരിഹരിക്കുന്നത്. ബോര്‍ഡിന്റെ പിടിപ്പുകേടിനും അനാസ്ഥക്കും ഉപഭോക്താക്കളെ ബലിയാടാക്കുകയാണ് അധികൃതര്‍.സാമ്പത്തിക മാന്ദ്യവും ഫീല്‍ഡ് ജീവനക്കാരുടെ കുറവുമാണ് എ ബി സി പദ്ധതിയുടെ കാലതാമസത്തിനു കാരണമായി പറയപ്പെടുന്നത്. വര്‍ക്കര്‍, ലൈന്‍മാന്‍, ഓവര്‍സിയര്‍ തുടങ്ങിയ ഫീല്‍ഡ് തസ്തികകളില്‍ 5,194 ജീവനക്കാരുടെ കുറവുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡ് തലത്തില്‍ നടന്ന കണക്കെടുപ്പില്‍ കണ്ടെത്തിയത്. ലൈന്‍മാന്മാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ കുറവ്. 9,635 പേര്‍ വേണ്ടിടത്ത് 7,647 പേരാണുള്ളത്. വര്‍ക്കര്‍ വിഭാഗത്തില്‍ 5,311 പേര്‍ വേണ്ടിടത്ത് 3,409 പേര്‍. 1,902 പേരുടെ കുറവുണ്ട്. കരാര്‍ നിയമനങ്ങളും പുറംകരാര്‍ ജോലികളും നല്‍കിയാണ് ഫീല്‍ഡ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്.ലൈനുകള്‍ പൊട്ടിവീഴുന്നത് ഉള്‍പ്പെടെ വൈദ്യുതി അനുബന്ധ അപകടങ്ങള്‍ ഒഴിവാക്കേണ്ടത് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഹൈക്കോടതി സര്‍ക്കാറിനെയും കെ എസ് ഇ ബിയെയും ഓര്‍മിപ്പിച്ചതും അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതുമാണ്. 2006 ജൂണ്‍ രണ്ടിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് വി കെ ബാലി അധ്യക്ഷനായ ഹൈക്കോടതി ബഞ്ച്, വൈദ്യുതി മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിക്കുന്ന സ്ഥിതിവിശേഷമുണ്ടാകരുതെന്നും ഇക്കാര്യത്തില്‍ മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടത്. ആറ് മാസത്തിനകം 1956ലെ കേന്ദ്ര വൈദ്യുതി നിയമം അനുശാസിക്കുന്ന മുഴുവന്‍ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന് അന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ലൈനുകള്‍ പൊട്ടിവീണുള്ള അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇന്‍സുലേറ്റ് ചെയ്യാത്ത കമ്പി കാറ്റ് മൂലമോ മറ്റോ പൊട്ടിവീഴാന്‍ ഇടയായാല്‍, തത്സമയം തന്നെ വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും കേന്ദ്ര നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമം വന്ന് ഏഴ് പതിറ്റാണ്ടും ഹൈക്കോടതി ഉത്തരവ് വന്ന് 19 വര്‍ഷവും കടന്നു പോയിട്ടും പൊട്ടിവീണ ലൈനുകളില്‍ തട്ടിയുള്ള മരണം ഇപ്പോഴും തുടരുകയാണ്. തേവലക്കര വിദ്യാര്‍ഥിയുടെ അപകട മരണത്തിനു പിന്നാലെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന നടത്താന്‍ മന്ത്രി ഉത്തരവിടുകയുണ്ടായി. ഇത്തരം മുന്‍കരുതലുകള്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ നിരവധി അപകടങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നു.