കൊച്ചി | അന്തരിച്ച വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ടി പി ചന്ദ്രശേഖരന്റെ വിധവ കൂടിയായ കെ കെ രമ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതം പകരം വെച്ച് കേരളത്തെ സൃഷ്ടിച്ച ആ കാലത്തിന്റെ അവസാനത്തെ വിളക്കുമാടമാണ് കഴിഞ്ഞ ദിവസം അണഞ്ഞതെന്ന് അവര്‍ അനുസ്മരിച്ചു. ഈ ഇരുട്ടു താണ്ടാന്‍ ഇനിയെന്താണ് ബാക്കിയുള്ളതെന്ന ചോദ്യവും അവര്‍ പങ്കുവെച്ചു.താനടക്കമുള്ളവര്‍ ആയുസ്സ് നല്‍കിയുണ്ടാക്കിയ പ്രസ്ഥാനത്തിന്റെ വര്‍ത്തമാന ജീര്‍ണതകള്‍ ആ ഇടനെഞ്ചിലെരിയിച്ച തീയണക്കാന്‍ മരണത്തിന് പോലുമാകുമോ. അനേകം സമരനിലങ്ങള്‍, സമ്മേളന സ്ഥലങ്ങള്‍, നേരിനും നീതിക്കും വേണ്ടിയുള്ള പോര്‍മുഖങ്ങള്‍, നിരവധി മനുഷ്യരെ സാക്ഷിയാക്കി സവിശേഷ ഈണത്തില്‍, ഉച്ചത്തിലുള്ള വാക്കുകള്‍ ഇപ്പോഴും ഓര്‍മകളില്‍ മഴ പോലെ പെയ്തിറങ്ങുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്‍ ആ സ്‌നേഹവും ചേര്‍ത്തുനിര്‍ത്തലും അനുഭവിക്കാന്‍ സാധിച്ചിരുന്നതും കെ കെ രമ അനുസ്മരിക്കുന്നുണ്ട്. യുവജന, വിദ്യാര്‍ഥി പ്രവര്‍ത്തകരോട് പ്രത്യേകമായ കരുതലായിരുന്നു വി എസിന്. ആ നിര തന്നെയായിരുന്നു പില്‍ക്കാലത്ത് ഉള്‍പ്പാര്‍ട്ടി സമരങ്ങളില്‍ അദ്ദേഹത്തിന് കരുത്തായിരുന്നതെന്നും പോസ്റ്റില്‍ കെ കെ രമ അനുസ്മരിക്കുന്നുണ്ട്.വിഭാഗീയതയുടെ കാലവും ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമെല്ലാം കെ കെ രമ പോസ്റ്റില്‍ കുറിച്ചു. വി എസിനൊപ്പം നിന്ന് നടത്തിയ ഉള്‍പാര്‍ട്ടി സമരങ്ങളുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് അരികിലാക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തവര്‍ ഏറെയാണ്. ആ പോരാട്ടങ്ങളുടെ തുടര്‍ച്ചയിലാണ്. ടി പി ചന്ദ്രശേഖരനുള്‍പ്പെടെയുള്ള ഒഞ്ചിയത്തെ നാട്ടുകാര്‍ക്ക് സി പി എം വിട്ടുപോരേണ്ടിവന്നത്. ഒഞ്ചിയത്തെ സംഘടനാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ വന്ന വി എസ് എല്ലാ സഖാക്കളെയും പാര്‍ട്ടിയിലേക്ക് തന്നെ തിരികെ ക്ഷണിച്ചു. പ്രശ്‌നങ്ങളെല്ലാം പറഞ്ഞു പരിഹരിക്കാം എന്നും മുഴുവന്‍ സഖാക്കളെയും പഴയതുപോലെ സംഘടനാ തലങ്ങളില്‍ അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും തലേന്നാള്‍ ഒഞ്ചിയം എന്ന രക്തസാക്ഷി മണ്ണിലെ കമ്മ്യൂണിസ്റ്റുകാരെ മുഴുവന്‍ കുലംകുത്തികള്‍ എന്ന് വിളിച്ച പാര്‍ട്ടി സെക്രട്ടറി അതംഗീകരിച്ചില്ല. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെ എന്ന് സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉറപ്പിച്ചുപറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ അരുംകൊലയിലാണ് അതവസാനിച്ചത്. വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനകാലത്ത് നിരവധി തവണ കണ്ട മിണ്ടിയ ഏറെ ആദരവോടെ സ്‌നേഹിച്ച വി എസിനെ ഒടുവില്‍ കണ്ടത് ആ അഭിശപ്ത സന്ദര്‍ഭത്തിലാണ്. പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍ നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശവുമായി അദ്ദേഹമെത്തിയെന്നും രമ ഓര്‍ത്തെടുക്കുന്നു.