‘വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി സംഘപരിവാറും മുസ്ലിം വിരുദ്ധനാക്കാന്‍ ഇപ്പുറത്തുള്ളവരും ആ പ്രസ്താവന ആയുധമാക്കി’; ചര്‍ച്ചയായി ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറുടെ കുറിപ്പ്‌

Wait 5 sec.

‍വി എസ് അച്യുതാനന്ദനെ തങ്ങളുടെ ആളാക്കി അവതരിപ്പിക്കാന്‍ സംഘപരിവാറും മുസ്ലിം വിരുദ്ധനാക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകളും ഒരുപോലെ അവതരിപ്പിക്കുന്ന ഒരു പ്രസ്താവനയുണ്ട്. ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍രൂപമായ എന്‍ ഡി എഫിനെതിരെ പറഞ്ഞതാണ്, ആദ്യഭാഗം വെട്ടിമാറ്റി ഇത്തരത്തില്‍ കാലങ്ങളായി പ്രചരിക്കുന്നത്. വി എസിന്റെ വിയോഗത്തോടെ അതുവീണ്ടും പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ അതിന് മറുപടികളും വരുന്നു. ഇപ്പോ‍ഴിതാ അന്നത്തെ ആ പ്രസ്താവനക്ക് കാരണമായ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നിലവില്‍ മീഡിയവണ്‍ ദുബൈ ലേഖകനായ എം സി എ നാസറാണ് കുറിപ്പെ‍ഴുതിയത്.ആ ദിവസം മറക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. വൈകീട്ട് ദല്‍ഹി കേരള ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനം. തൊട്ടടുത്തുള്ള റാഫി മാര്‍ഗിലെ ഐ എന്‍ എസ് ബില്‍ഡിങ്ങില്‍ നിന്ന് നേരത്തെ തന്നെ അവിടെയെത്തി. വളരെ ഉന്മേഷഭരിതനായാണ് വി എസ് വന്നുകയറിയത്. ദല്‍ഹിയില്‍ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ക്കുള്ള സമയം.Read Also: വിഎസിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പോസ്റ്റ്; അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തുആഗസ്റ്റ് 15 സ്വാതന്ത്യദിനത്തിന് കേരളത്തില്‍ എന്‍ ഡി എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാര്‍ത്തയായിരുന്നു. അത് മുന്‍നിര്‍ത്തിയാണ് വി എസിനോട് ചോദ്യം ചോദിച്ചത്. എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത പരാമര്‍ശിച്ചു കൊണ്ടു തന്നെയായിരുന്നു ചോദ്യം. എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് വി എസ് അന്ന് അതിന് മറുപടി നല്‍കിയതും. വളരെ വിശദമായി വി എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആ മറുപടി സംഘ് പരിവാര്‍ മറ്റു വിധത്തില്‍ ദുരുപയോഗം ചെയ്‌തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു. വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. പക്ഷെ, ആ വാര്‍ത്താ സമ്മേളനത്തില്‍ എന്‍ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിംവിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.The post ‘വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി സംഘപരിവാറും മുസ്ലിം വിരുദ്ധനാക്കാന്‍ ഇപ്പുറത്തുള്ളവരും ആ പ്രസ്താവന ആയുധമാക്കി’; ചര്‍ച്ചയായി ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറുടെ കുറിപ്പ്‌ appeared first on Kairali News | Kairali News Live.