ഏകീകൃത സ്‌കൂൾ കലണ്ടർ; വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സന്തുലിതം

Wait 5 sec.

അബൂദബി| യു എ ഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ബാധകമാകുന്ന പുതിയ ഏകീകൃത സ്‌കൂൾ കലണ്ടർ വിദ്യാർഥികൾക്ക് പഠനത്തിലും ജീവിതത്തിലും കൂടുതൽ സന്തുലിതാവസ്ഥ ഉറപ്പാക്കുമെന്ന് വിലയിരുത്തൽ. കുടുംബങ്ങൾക്ക് അവധിക്കാലം ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും ഈ മാറ്റം സഹായകമാവും. അടുത്ത അധ്യയന വർഷം 2025 ആഗസ്റ്റ് 25ന് ആരംഭിച്ച് 2026 ജൂലൈ മൂന്നിന് അവസാനിക്കുന്ന തരത്തിലാണ് ഏകീകരിക്കുക. ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾക്ക് 2026 ജൂലൈ രണ്ടിന് അധ്യയന വർഷം അവസാനിക്കും. മൂന്ന് ടേമുകളായി തിരിച്ചിരിക്കുന്ന കലണ്ടറിൽ മികച്ച ഇടവേളകളും ഉൾപ്പെടുത്തിയിട്ടുണ്ട്.ഒന്നാം ടേം ആഗസ്റ്റ് 25 മുതൽ ഡിസംബർ ഏഴ് വരെയായിരിക്കും. ഈ ടേമിലെ ഒന്നാം ഇടവേള ഒക്ടോബർ 13 മുതൽ 19 വരെയാണ്. നാല് ആഴ്ച നീണ്ടുനിൽക്കുന്ന ശീതകാല അവധി 2025 ഡിസംബർ എട്ട് മുതൽ 2026 ജനുവരി നാല് വരെയായിരിക്കും. സ്‌കൂളുകൾ 2026 ജനുവരി അഞ്ചിന് വീണ്ടും തുറക്കും. രണ്ടാം ടേം 2026 ജനുവരി അഞ്ച് മുതൽ 2026 മാർച്ച് 15 വരെയാണ്. ഈ ടേമിലെ രണ്ടാം ഇടവേള 2026 ഫെബ്രുവരി 11 മുതൽ 15 വരെയാണ്. വസന്തകാല അവധി 2026 മാർച്ച് 16 മുതൽ 29 വരെയായിരിക്കും. മിക്ക സ്‌കൂളുകളും 2026 മാർച്ച് 30-ന് തുറക്കുമ്പോൾ, ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾ 2026 മാർച്ച് 23ന് തുറക്കും. മൂന്നാം ടേം 2026 മാർച്ച് 30 മുതൽ 2026 ജൂലൈ മൂന്ന് വരെയായിരിക്കും.ഓരോ ടേമിന്റെയും അവസാന വാരത്തിൽ പാഠ്യപദ്ധതി പൂർത്തിയാക്കുകയും അവസാന പരീക്ഷകൾ നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ഇതിൽ ഇളവുണ്ടായിരിക്കും. ഈ മാറ്റങ്ങൾ യു എ ഇയിലെ വിദ്യാഭ്യാസ മേഖലയിൽ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാനും വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൊണ്ടാണ് രൂപപ്പെടുത്തിയത്.