തിരുവനന്തപുരം | വിതുരയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പോലീസ് കേസെടുത്തു . കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വിതുര മണലി സ്വദേശി ബിനു ആണ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് മരിച്ചത്.അതേസമയം ഇന്‍ഷ്വറന്‍സും ഫിറ്റ്നസ്സുമുള്ള ആംബുലന്‍സായിരുന്നിട്ടും, ഇത് രണ്ടും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് വാഹനം തടഞ്ഞതെന്നും ആംബുലന്‍സിന്റെ ഇന്‍ഷ്വറന്‍സ് സംബന്ധിച്ച രേഖകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആബുലന്‍സില്‍ കയറ്റാന്‍ കഴിയാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു വെന്നും മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. രോഗിയെ കയറ്റാന്‍ സമ്മതിക്കാതെ 20 മിനിട്ടോളം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധങ്ങള്‍ കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിന്നാലെ ബിനു മരിച്ചു.