വി എസിന്റെ സമരജ്വാലകളിൽ ഏറ്റവും തീവ്രമായവ ജ്വലിച്ചത് അങ്ങ് കുട്ടനാട് നിന്നായിരുന്നു. കുട്ടനാട് മേഖലയിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ ഇറങ്ങിയ വി എസ് ആണ് പിന്നീട് കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായി മാറിയത്. എല്ലാത്തിനും തുടക്കം അങ്ങ് കുട്ടനാടും. അവിടെ വി എസിനു ഓർമകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്. അതിൽ ആരെയും അതിശയിപ്പിക്കുന്നവയും പെടും. അതിൽ ഒന്നാണ് തോടുനീന്തി കയറിയ ആവേശത്തിന്റെ കഥ.നരകതുല്യ ജീവിതം നയിച്ചിരുന്ന കർഷകത്തൊഴിലാളികളെ ഒന്നിച്ചുനിർത്താനും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും വി എസ് ഇറങ്ങിത്തിരിച്ചു. അതിനായിട്ടായിരുന്നു പി. കൃഷ്ണപിള്ളയെന്ന അതുല്യ സംഘാടകൻ വി എസിനെ നിയോഗിച്ചത്. നീലംപേരൂർ ഭാഗം കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്.ALSO READ: കൊച്ചിയുടെ മുഖഛായ മാറ്റിയ വൈറ്റില ഹബ്ബ് ഉയർന്നതും വി എസിന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ1944 ൽ ശ്രീമൂലം കായൽ സമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ കുട്ടനാട്ടിൽ കർഷകത്തൊഴിലാളി പ്രസ്ഥാനം ശക്തിയാർജിച്ച് വരുന്ന കാലം. ഈ വളർച്ചയിൽ അസ്വസ്ഥരായ ജന്മിമാർ. അന്നത്തെ വെളിയനാട് പഞ്ചായത്തിലുൾപ്പെട്ട കുമരങ്കരിയിൽ തിരുവിതാംകൂർ കർഷത്തൊഴിലാളി യൂണിയന്റെ വാർഷിക സമ്മേളനം മെഗാഫോൺ ഉൾപ്പെടെ ഉപയോഗിച്ച് വിപുലമായി നടത്താൻ വി എസും കൂട്ടരും തീരുമാനിച്ചു. ഇത് തൊഴിലാളികളെ കൂടുതൽ ശക്തരാക്കുമെന്ന് അറിയാവുന്ന ജന്മിമാർ അതിനെ അടിച്ചമർത്താൻ തീരുമാനിച്ചു. അധികാരികളെ സമീപിച്ച് അച്യുതാനന്ദന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി വ്യാജപരാതി നൽകി. ഇതോടെ പൊലീസ് സ്ഥലത്തെത്തി യോഗം നിരോധിച്ചതായി പ്രഖ്യാപിച്ചു. നിരോധനം ലംഘിച്ച് സമ്മേളനം നടത്തില്ലെന്ന് വി എസും പ്രഖ്യാപിച്ചു.എല്ലാം അവിടെ അവസാനിച്ചെന്ന് ജന്മിമാരും പോലീസും കരുതി. എന്നാൽ കഥ അവിടെയാണ് തുടങ്ങിയത്. പൊലീസ് മടങ്ങിയതോടെ മെഗാഫോണും കൊടിതോരണങ്ങളുമായി വി എസും തൊഴിലാളികളും കുമരങ്കരി തോട് നീന്തിക്കടന്ന് അക്കരയെത്തി. തോടിന് അക്കരെ കോട്ടയം ജില്ലയിലെ വാഴപ്പള്ളി പഞ്ചായത്താണ്. അവിടെ നിരോധനം ബാധകമല്ലലോ. അവിടെ യോഗം നടത്തി വൻവിജയമാക്കി. അക്കരെയാണെങ്കിലും മെഗാഫോൺ ഉള്ളതുകൊണ്ട് ഇക്കരെയുള്ളവരിലേക്കും യോഗത്തിന്റെ ആശയങ്ങൾ എത്തി.ജന്മിമാർ മണിക്കൂറുകൾ സഞ്ചരിച്ച് കോട്ടയത്തെത്തി അധികാരികളെ പ്രീണിപ്പിച്ച് നിരോധന ഉത്തരവ് വാങ്ങിച്ചെടുത്തപ്പോഴേക്കും യോഗം കഴിഞ്ഞിരുന്നു. ഈ യോഗം അന്നത്തെ ജന്മിത്വത്തിന്റെ മുഖത്തേറ്റ വലിയ പ്രഹരമായിരുന്നു. അരികുവൽക്കരിക്കപ്പെട്ടവർക്കായി വി എസ് നടത്തിയ പോരാട്ടങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്.The post ‘അക്കരെ കൂടിയാൽ അല്ലേ പ്രശ്നം, ഇക്കരയ്ക്കില്ലല്ലോ…’; മെഗാഫോണും കൊടിതോരണങ്ങളുമായി കുമരങ്കരി തോട് നീന്തിക്കടന്ന വി എസിന്റെ ആവേശക്കഥ appeared first on Kairali News | Kairali News Live.