മൂവാറ്റുപുഴ | ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ 16,76, 650 രൂപയുടെ ക്രമക്കേട് നടത്തിയ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്റര്‍ ആയിരുന്ന ശാന്തി കൃഷ്ണനെതിരെയാണ് നടപടി. 2018 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ട്രാഫിക് പോലീസ് പിഴ അടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവന്‍ ബേങ്കില്‍ അടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി തട്ടിയെടുത്തുവെന്നാണ് കേസ്.നിലവില്‍ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് സസ്പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് എസ് ഐ. ടി സിദ്ദിഖിനോട് ജില്ലാ പോലീസ് മേധാവി വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ജൂലൈ 21 എസ് ഐ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി കേസെടുത്തു. തുടര്‍ന്നാണ് ശാന്തി കൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്.ട്രാഫിക് കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പിഴയായി ഈടാക്കുന്ന തുക അതാത് ദിവസം റൈറ്ററെ ഏല്‍പ്പിക്കുകയാണ് ഇ- പോസ് യന്ത്രം വരുന്നതിനു മുമ്പ് ചെയ്തിരുന്നത്. ഈ കണക്കുകള്‍ പോലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും, രജിസ്റ്ററുകളിലും ചേര്‍ത്തശേഷം ചെലാന്‍ എഴുതി ബേങ്കില്‍ അടയ്ക്കുന്നത് ചുമതലയുള്ള റൈറ്റര്‍ ആണ്. രസീതുകളിലും, രജിസ്റ്ററുകളിലും യഥാര്‍ഥ തുക എഴുതുകയും ചെലാനില്‍ കുറഞ്ഞ തുക രേഖപ്പെടുത്തി ബേങ്കില്‍ അടയ്ക്കുകയും ചെയ്ത ശാന്തി, പണം അടച്ചശേഷം ബാക്കി ഭാഗം എഴുതി ചേര്‍ക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. പലപ്പോഴും ഇരട്ട അക്കങ്ങള്‍ വരുന്ന ഘട്ടത്തില്‍ ആദ്യ അക്കം ഒഴിവാക്കി ബാങ്കില്‍ അടച്ചശേഷം തുക എഴുതിച്ചേര്‍ക്കും. പലതവണയയാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയിരിക്കുന്നത്.ജില്ലാ പോലീസ് ഓഫീസിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രസീതുകളില്‍ വ്യത്യാസം കണ്ടെത്തിയത്. തുടര്‍ന്ന് ബേങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. സാധാരണഗതിയില്‍ ഡേ ബുക്കും അക്കൗണ്ട് ബുക്കും രസീതും മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ബേങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിക്കാറില്ലാത്തതിനാലാണ് ക്രമക്കേട് കണ്ടെത്താന്‍ വൈകിയത്.