കൊച്ചി | രാജ്യത്ത് എല്ലാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും വിശാലമായ ഐക്യത്തിലേക്ക് കാല്‍വെക്കാന്‍ നേരമായെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിന് സി പി ഐയും സി പി എമ്മും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഐക്യത്തിന് തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് വേണ്ടത്. കേരളത്തില്‍ സി പി ഐ വലിയ തിരുത്തല്‍ ശക്തിയായി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് സി പി ഐ. സി പി ഐയുടെ ഒരോ വിമര്‍ശനങ്ങളും എല്‍ ഡി എഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ കത്തിച്ചുവെച്ച വിളക്കാണ് എല്‍ ഡി എഫ്. ആ വെളിച്ചം കെട്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോതമംഗലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിനോയ് വിശ്വം. ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകളാണ് ബി ജെ പി. അവരെയാണ് സി പി ഐ ഒന്നാമത്തെ ശത്രുവായി കാണുന്നത്. ബി ജെ പിയും ആര്‍ എസ് എസുമെല്ലാം ദേശസ്നേഹത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരാണ്. ഭാരതമാതാവിനെ മാനഭംഗപ്പെടുത്താന്‍ വന്നവര്‍ക്ക് ചൂട്ടുപിടിച്ച പാരമ്പര്യമാണ് അവരുടേതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.