രണസ്മരണകൾ ഇരമ്പുന്ന ആലപ്പുഴ ബീച്ചിൽ ഒരിക്കൽ കൂടി വി എസ് എത്തി. അക്ഷരാർഥത്തിൽ മനുഷ്യത്തിര അലതല്ലുകയാണ് ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിൽ. കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് പേര്‍ ജനനായകനെ ഒരുനോക്കു കാണാന്‍ കോരിച്ചൊരിയുന്ന മഴയത്തും വളരേ നേരത്തേ തന്നെ ഇവിടെ നിലയുറപ്പിച്ചിരുന്നു. വിപ്ലവ നായകനെ സ്നേഹിക്കുന്ന ജനലക്ഷങ്ങളുടെ പരിച്ഛേദം തന്നെയായി അവിടം. വൈകിട്ട് ആറോടെയാണ് വി എസിന്റെ മൃതദേഹം ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളും ആബാലവൃദ്ധം ജനങ്ങളും ഇവിടെയുണ്ട്.കേരളത്തിന്റെ സമരജീവിതത്തെ രാകിമിനുക്കിയ ആലപ്പുഴ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അഞ്ചോടെയാണ് മൃതദേഹം വഹിച്ചുള്ള പ്രത്യേക ബസ് പുറപ്പെട്ടത്. പുന്നപ്രയുടെ മണിമുത്തേ, പോരാട്ടത്തിന്‍ സമര നായകനേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. അര മണിക്കൂര്‍ മാത്രം പൊതുദര്‍ശനം നിശ്ചയിച്ച പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നിന്ന് മൃതദേഹം എടുത്തത് മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ്.Read Also: ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; ഇടതിന്റെ നേതാവിന് ഇടനെഞ്ചുപൊട്ടി അന്ത്യാഭിവാദ്യങ്ങൾഉച്ചയ്ക്ക് 3.20ഓടെയാണ് പാര്‍ട്ടി ഓഫീസില്‍ എത്തിച്ചത്. ഉച്ചയ്ക്ക് 2.40ഓടെയാണ്, സ്നേഹവായ്പോടെ ചേര്‍ത്തണച്ച വീട്ടില്‍ നിന്ന് എന്നെന്നേക്കും വി എസ് അച്യുതാനന്ദന്‍ പടിയിറങ്ങിയത്. ഏറെക്കാലം ജില്ലയിലെ പാര്‍ട്ടിക്ക് നെടുനായകത്വം വഹിച്ച അദ്ദേഹം പിന്നീട് കേരളത്തിലെ പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും പ്രതിപക്ഷത്തിന്റെയും നേതാവായത് ചരിത്രം.ദിക്കുപൊട്ടുമാറുച്ചത്തില്‍ അലയടിക്കുന്ന അഭിവാദ്യവിളികളുടെ അകമ്പടിയുമായി ആ വിപ്ലവസൂര്യന്റെ അവസാന യാത്രയാണ് ആലപ്പുഴയില്‍ പുരോഗമിക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് ഉച്ചയ്ക്ക് 12ന് ശേഷമാണ് വി എസിന്റെ മൃതദേഹം എത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറിന് ശേഷമാണ് വേലിക്കകത്ത് വീട്ടിലെത്തിയത്. തിരുവനന്തപുരം മുതല്‍ വേലിക്കകത്ത് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് പേരുടെ ഹൃദയവായ്പ് ഏറ്റുവാങ്ങിയാണ് വിലാപയാത്ര വേലിക്കകത്ത് വീട്ടില്‍ അവസാനിച്ചത്.The post തോരാമഴയിലും അലയടിച്ച് മനുഷ്യത്തിര; വി എസ് ബീച്ച് റിക്രിയേഷന് ഗ്രൗണ്ടിൽ, പൊതുദർശനം പുരോഗമിക്കുന്നു appeared first on Kairali News | Kairali News Live.