ഫ്രാൻസിസ് നൊറോണപ്രിയ സഖാവേ,സഖാവിനോർമ്മയുണ്ടാകുമോ.. ഇത് സഖാവിന്റെ ആത്മകഥയാണ്. പെൻബുക്സാണ് പബ്ലിഷ് ചെയ്തത്. 2006 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില ഇരുപത്തിയഞ്ചുരൂപയാണ്.. നുമ്മട ഭാഷേല് മൂന്നാലു കെട്ടു ബീഢിയുടെ കാശ്.. എനിക്കിത് എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള പഴയപുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് കിട്ടിയത്.. പത്തു രൂപാ കടക്കാരൻ ചോദിച്ചു.. ഞാനതു കൈയോടെ കൊടുത്തു വാങ്ങി.. ഈ പുസ്തകത്തിലെ മുപ്പത്തിയൊന്നാം പേജു മറിയുന്നതോടെ സഖാവ് ജീവചരിത്രം മതിയാക്കുന്നുണ്ട്.. ഇത്രേം പേജിലേക്കൊരു വൻകരയെ ചേർത്തുപിടിക്കാൻ സഖാവിനേ കഴിയൂ..നീണ്ടകാലത്തെ യാതനനിറഞ്ഞൊരു പോരാട്ടം സഖാവ് പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.. “ വർഗനിലപാടിൽ മുറുകെ പിടിച്ച് അന്യവർഗനിലപാടുകൾക്കും തെറ്റായ ആശയഗതികൾക്കും എതിരെ സമരം ചെയ്ത് ശരിയുടെ പാതയിൽ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയെന്ന കമ്മ്യൂണിസ്റ്റ് നിലപാടിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അതിനു വേണ്ടിയുള്ള സമരം തന്നെയാണ് എന്റെ ജീവിതം..”അതു പറയുമ്പോഴുള്ള സഖാവിന്റെ മുഷ്ടി ചുരട്ടി ആകാശത്തെ വെല്ലുവിളിക്കുന്ന ആ ഈങ്ക്വിലാബിന്റെ മുഴക്കം എനിക്ക് കേൾക്കാം..സഖാവിന്റെ പുസ്തകത്തിന്റെ തലക്കെട്ടും സമരം തന്നെ ജീവിതമെന്നാണല്ലോ..സഖാവിന്റെ ചില സമരമുഖങ്ങളുടെ കളർചിത്രങ്ങളും പ്രസാധകർ അവസാന പേജിൽ ചേർത്തിട്ടുണ്ട്..ഈ പുസ്തകം വായിക്കുമ്പോൾ എന്റെ ഓർമ്മയിലേക്ക് പലതും ചോപ്പുനിറഞ്ഞു വരുന്നുണ്ട് സഖാവേ…ALSO READ: “തൊഴിലാളി വർഗത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അളക്കാനാവാത്ത നഷ്ടം ഈ വിടപറച്ചിൽ” ; എം എ ബേബിആലപ്പുഴയിലെ ചെത്തുതൊഴിലാളി ഓഫീസും അതിനപ്പുറമുള്ള മുനിസിപ്പൽ മൈതാനവും അവിടുത്തെ പ്രസംഗങ്ങളും ഞാനോർത്തുപോകുന്നു..ചാത്തനാട്ടുള്ള വീട്ടിലിരുന്നാൽ അക്കാലത്ത് ഞങ്ങൾക്കത് കേൾക്കാൻ പറ്റുമായിരുന്നു.. പ്രത്യേകിച്ച് മഞ്ഞുകാലത്ത്.. മുറ്റത്ത് അമ്മൂമ്മയോടൊപ്പം ചേർന്നിരുന്നാണ് ഞാൻ പലപ്പോഴും സഖാവിന്റെ നീട്ടലും കുറുക്കലുമുള്ള മനുഷ്യസ്നേഹത്തിന്റെ കരകരപ്പനൊച്ച കേട്ടിട്ടുള്ളത്.. ഓരോരുത്തരുടേയും സ്വരം എന്റെ അമ്മാമ്മയ്ക്ക് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. എടാ ചെക്കാ അത് ഇ.എം.എസ്സാ.. അതു നായനാരാ, അതു കണിയാപുരം രാമചന്ദ്രനല്ലേ എന്നൊക്കെ അമ്മാമ്മ തിരിച്ചറിയും.. അങ്ങയുടെ സ്വരം കേൾക്കുമ്പോൾ മാത്രം അതു നമ്മുടെ സഖാവിന്റേതാണെന്ന് അമ്മാമ്മ പറയുമായിരുന്നു..ഒരിക്കൽ ചാത്തനാട്ടു പ്രസംഗിക്കാൻ വന്നപ്പോൾ വെളുത്ത ജുബ്ബയുടേയും കറുത്ത കണ്ണടയുടേയും തോളുയർത്തിയുള്ള ആ വിപ്ലവച്ചൂടിന്റേയും മനോഹാരിത എനിക്ക് അടുത്തറിയാൻ കഴിഞ്ഞു.. ആൾക്കൂട്ടത്തിനിടയിൽ നിന്ന് എന്നെ എന്റെ അപ്പൻ എടുത്തുയർത്തിയാണ് ആ കാഴ്ച്ച കാട്ടിത്തന്നത്..മുതിർന്നപ്പോൾ എനിക്ക് ചില കാര്യങ്ങളിൽ സഖാവിനോടു വിയോജിപ്പുണ്ടായിരുന്നു എന്നതും സത്യമാണ്..സ്നേഹവും വിയോജിപ്പും ചേർത്തുനിർത്തലുമൊക്കെയായി എന്റെ ജീവിതത്തോടു ഒട്ടി നിന്നൊരു പ്രിയ സഖാവാണ് അങ്ങ്..അപ്പനൊപ്പം ഞാൻ കണ്ട ആ ഉശ്ശിരൻ നായകനു പകരം ശയ്യാവലംബിയായ അങ്ങയെ കാണാൻ എനിക്ക് പറ്റാത്തതുകൊണ്ടാണ് വന്നു കാണാതിരുന്നത്..യാത്രയാവുകയാണല്ലോ.. ആയിരങ്ങളുണ്ടാവും യാത്രയയപ്പ് നൽകാൻ..ഞാൻ വരണില്ല സഖാവേ,, എനിക്ക് അങ്ങ് പോവണത് കാണണ്ട..ഈ പുസ്തകത്തിലെ അവസാന പേജിലെ നിറമുള്ള ചിത്രങ്ങൾപോലെ സഖാവെന്നും എന്റെ മനസ്സിൽ മായാതുണ്ടാവും..തൊട്ടപ്പൻ എന്ന കഥയിലെ കറുമ്പൻ സഖാവ് മരിക്കുമ്പോൾ നമുക്ക് വേണ്ടി പറയാൻ ഇനി ആരൂല്ലെന്നും പറഞ്ഞ് അതിലെ അമ്മച്ചി കരയുന്നുണ്ട്..രണ്ടക്ഷരം കൊണ്ട് ആകാശത്തെ ചുവപ്പിച്ചോനെ…പരലോകത്തു വെച്ച് കാണാമെന്ന് പറയാൻ എനിക്കും അങ്ങേയ്ക്കും ഒരു പരലോകമില്ലല്ലോ സഖാവേ..എങ്കിലും മഴ തിമിർത്തു പെയ്യുന്ന ഈ ദ്വീപിന്റെ തണുപ്പിലിരുന്ന് ആത്മാവ് ആത്മാവിനെ തൊടുന്നതുപോലെ അങ്ങേയ്ക്കെന്റെ ലാൽസലാം..ആദരവോടെനൊറോണThe post ‘രണ്ടക്ഷരം കൊണ്ട് ആകാശത്തെ ചുവപ്പിച്ചോനെ…’; ഹൃദയസ്പർശിയായ കുറിപ്പുമായി എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ appeared first on Kairali News | Kairali News Live.